മോസ്‌കോ- റഷ്യയുടെ ഓണററി കോണ്‍സുലും തിരുവനന്തപുരം റഷ്യന്‍ഹൗസ് ഡയറക്ടറുമായ രതീഷ് സി. നായര്‍ക്ക് റഷ്യന്‍ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്. രതീഷ് സി. നായര്‍ ഉള്‍പ്പടെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മൂന്ന് നയതന്ത്ര പ്രതിനിധികള്‍ക്കാണ് ബഹുമതി നല്‍കുന്നത്.
മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് ഡയറക്ടര്‍ ഗ്രിഗോറി ലുക്യാന്‍ത്സേവ്, അല്‍ബേനിയയിലെ റഷ്യന്‍ അംബാസഡര്‍ മിഖായില്‍ അഫനാസിയേവ് എന്നിവരാണ് ഈ ബഹുമതികള്‍ക്ക് അര്‍ഹരായ മറ്റു രണ്ട് പേര്‍. ഓര്‍ഡര്‍ ഓഫ് ഫ്രന്റ്ഷിപ്പിന്റെ ഉത്തരവില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പുവെച്ചു. റഷ്യയുടെ വിദേശകാര്യനയം നടപ്പിലാക്കുന്നതിലും ഇന്തോ- റഷ്യന്‍ ബന്ധത്തിന് നല്‍കിയ സംഭാവനയും കണക്കിലെടുത്താണ് രതീഷ് സി. നായര്‍ക്ക് ബഹുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.