ന്യൂദല്‍ഹി - ബി.ജെ.പി എം.പിയായ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിംഗ് ശരണ്‍ സിംഗിനെതിരായ സമരത്തില്‍ രാജ്യാന്തര ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയേറുന്നു. സ്റ്റാന്റ് വിത്ത് റെസ്‌ലേഴ്‌സ് എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
ഒരു അത്‌ലറ്റും അതിനെക്കാളുപരി വനിതയുമെന്ന നിലയില്‍ ഗുസ്തി താരങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നീതി ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ടെന്നിസ് താരം സാനിയ മിര്‍സ പറഞ്ഞു. രാജ്യത്തിന് അഭിമാനം കൊണ്ടുവന്ന താരങ്ങളാണ് അവര്‍, അവര്‍ക്കൊപ്പം ഞങ്ങളെല്ലാം ആഘോഷിച്ചിരുന്നു. ഇപ്പോള്‍ പ്രതിസന്ധി ഘട്ടത്തിലും അവര്‍ക്കൊപ്പം നില്‍ക്കണം -സാനിയ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ അഭിമാനമാണ് ഈ താരങ്ങളെന്ന് ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തു. സംഭവിച്ചത് കേട്ട് അമ്പരന്നു പോയെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ക്രിക്കറ്റര്‍ അനില്‍ കുംബ്ലെ ആവശ്യപ്പെട്ടു.
സമാധാനപരമായി സമരം ചെയ്യുന്ന തങ്ങളെ മൃഗീയമായാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് ഒളിംപിക്, ലോക മെഡലുകാരായ ബജ്‌റംഗ് പൂനിയയും വിനേഷ് ഫോഗടും സാക്ഷി മാലിക്കും പ്രസ്താനവയില്‍ പറഞ്ഞു. ലൈംഗികാതിക്രമത്തിനെതിരെ നീതി വേണമെന്ന് വനിതാ ഗുസ്തിക്കാര്‍ ആവശ്യപ്പെടുന്നത് ഇത്ര വലിയ പാപമാണോ? പോലീസും അധികൃതരും ക്രിമിനലുകളെ പോലെയാണ് ഞങ്ങളെ കൈകാര്യം ചെയ്യുന്നത്. യഥാര്‍ഥ പ്രതി സ്വതന്ത്രനായി നടക്കുന്നു. ഞങ്ങളുടെ കഠിനാനുഭവങ്ങള്‍ ടി.വി ചാനലുകള്‍ക്ക് പരിഹാസമാവുന്നു. പ്രതിയെ രക്ഷിക്കാന്‍ പോക്‌സൊ നിയമം ഭേദഗതി ചെയ്യണമെന്നു പോലും ആവശ്യമുയരുന്നു.
ഈ മെഡലുകള്‍ ആര്‍ക്ക് മടക്കി നല്‍കണമെന്ന് ഞങ്ങള്‍ ആലോചിച്ചു. വനിത കൂടിയായ രാഷ്ട്രപതിക്കാണോ?ഞങ്ങളുടെ പ്രതിഷേധം ഇത്ര സമീപത്തായിട്ടും കണ്ടു നില്‍ക്കുകയല്ലാതെ ഒന്നും അവര്‍ ചെയ്തില്ല. പ്രധാനമന്ത്രിക്കാണോ? അദ്ദേഹം ഞങ്ങളെക്കുറിച്ച് സംസാരിച്ചതേയില്ല. പകരം അക്രമിയെ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിച്ചു. അധികാരികളുടെ കാലാളുകളാകാനും ആവശ്യം കഴിയുമ്പോള്‍ അവരുടെ അതിക്രമത്തിനിരയാവാനും ഞങ്ങള്‍ക്ക് ആഗ്രഹമില്ല -അവര്‍ പറഞ്ഞു.
ഗുസ്തി താരങ്ങള്‍ക്കെതിരായ അതിക്രമത്തെ അപലപിക്കാന്‍ പ്രമുഖ കായിക താരങ്ങള്‍ മടിച്ചുനില്‍ക്കുകയാണ്. ഒളിംപിക് ചാമ്പ്യന്മാരായ അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര, ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി,മലയാളി ലോംഗ്ജമ്പര്‍ മുരളി ശ്രീശങ്കര്‍, ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പഠാന്‍ തുടങ്ങി അപൂര്‍വം പേരെ ഇന്ത്യയുടെ അഭിമാനതാരങ്ങള്‍ക്കു വേണ്ടി വാ തുറന്നിട്ടുള്ളൂ.
സഹ കായികതാരങ്ങള്‍ നേരിട്ട പ്രയാസങ്ങളുടെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ കണ്ട് കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ലെന്നും കായിക സംഘടനകളിലെ അതിക്രമങ്ങള്‍ തടയാന്‍ സ്വതന്ത്ര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചുവെന്നും അഭിനവ് ട്വീറ്റ് ചെയ്തു.






