അഹമ്മദാബാദ് - രവീന്ദ്ര ജദേജയും മഹേന്ദ്ര സിംഗ് ധോണിയും തമ്മിലുള്ള ഭിന്നത മൂര്ഛിക്കുകയാണോ? ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്കെതിരെ കഴിഞ്ഞയാഴ്ച ജദേജ നടത്തിയ പ്രസ്താവന ആ സംശയമുയര്‍ത്തുന്നതായിരുന്നു. സ്വന്തം ഹോം ഗ്രൗണ്ടില്‍ ചെന്നൈയെ കിരീടത്തിലേക്ക് നയിക്കുകയും ആ വിജയം പ്രിയപ്പെട്ട ക്യാപ്റ്റന്‍ സമര്‍പ്പിക്കുകയും ചെയ്തു. ഐ.പി.എല്ലില്‍ പ്രയാസകരമായ രണ്ടു വര്‍ഷമായിരുന്നു ജദേജക്ക് കടന്നുപോയത്. ചെന്നൈയുടെ ക്യാപ്റ്റനായി അവരോധിക്കപ്പെടുകയും അത് എടുത്തു മാറ്റപ്പെടുകയും ചെയ്തു. കഴിഞ്ഞ സീസണിന്റെ പകുതിയിലേറെ നഷ്ടപ്പെട്ടു. ഇത്തവണ പതിവ് ഫോമിലായിരുന്നില്ല. പക്ഷെ രണ്ട് പന്തില്‍ ജദേജ തലവര തിരുത്തി.
അവസാന രണ്ട് പന്തില്‍ ജദേജ സിക്സറും ബൗണ്ടറിയും പായിച്ചതോടെ അഞ്ചാം തവണ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐ.പി.എല്‍ ചാമ്പ്യന്മാരായി. ചെന്നൈയുടെ 'തല' മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന മത്സരമെന്നു കരുതിയ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവര്‍ പടിയിറക്കി. മോഹിത് ശര്‍മയുടെ അത്യുജ്വല ബൗളിംഗും ചെന്നൈക്കാരനായ സായ് സുദര്‍ശന്റെ തകര്‍പ്പന്‍ ബാറ്റിംഗും പാഴായി. മൂന്നാം ദിനത്തിലേക്ക് നീണ്ട ഫൈനലില്‍ പാതിരാവിലാണ് ചെന്നൈ അഞ്ചു വിക്കറ്റ് വിജയം പൂര്‍ത്തിയാക്കിയത്.
ഗുജറാത്ത് നാലിന് 214 റണ്‍സെടുത്ത ശേഷം ചെന്നൈയുടെ ചെയ്സ് മഴ കാരണം രണ്ടര മണിക്കൂറോളം തടസ്സപ്പെട്ടു. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.10 നാണ് കളി പുനരാരംഭിച്ചത്. 15 ഓവറായും ലക്ഷ്യം 171 റണ്‍സായും വെട്ടിക്കുറച്ചു. ഞായറാഴ്ച ഒരു പന്ത് പോലും എറിയാതെ ഫൈനല്‍ ഉപേക്ഷിച്ച ശേഷം റിസര്‍വ് ദിനമായ തിങ്കളാഴ്ച രാത്രി ഏഴരക്കാണ് 20 ഓവര്‍ വീതമായി ഫൈനല്‍ വീണ്ടുമാരംഭിച്ചത്. ഗുജറാത്ത് ഇന്നിംഗ്സിനു ശേഷം അര മണിക്കൂര്‍ ഇടവേള ഷോ കഴിഞ്ഞ് ചെന്നൈ ഇന്നിംഗ്സ് തുടങ്ങിയതും മഴ കളി മുടക്കി. മൂന്ന് പന്തില്‍ നാല് റണ്‍സായിരുന്നു അപ്പോള്‍ ചെന്നൈയുടെ സമ്പാദ്യം. പുനരാരംഭിച്ചത് 12 മണിക്ക് ശേഷമായിരുന്നു.
ചെന്നൈ ബാറ്റര്‍മാരെല്ലാം വിജയത്തില്‍ പങ്കുവഹിച്ചു. ഋതുരാജ് ഗെയ്കവാദും (16 പന്തില്‍ 26) ഡെവോണ്‍ കോണ്‍വെയും (25 പന്തില്‍ 47) പവര്‍പ്ലേയില്‍ സ്കോര്‍ 70 കടത്തി. എന്നാല്‍ ഇരുവരും ഏഴാം ഓവറില്‍ പുറത്തായി. അഫ്ഗാന് സ്പിന്നര്‍ നൂര്‍ അഹമ്മദാണ് (3-0-17-2) ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
അവിടെ നിന്ന് ഇംപാക്ട് സബ് ശിവം ദൂബെയും (21 പന്തില്‍ 32 നോട്ടൗട്ട്) അജിന്‍ക്യ രഹാനെയും (13 പന്തില്‍ 27) കടിഞ്ഞാണേറ്റെടുത്തു. നാലോവറില്‍ ഇരുവരും 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെയെ മോഹിത് ശര്‍മ പുറത്താക്കി. അമ്പാട്ടി രായുഡുവിന്റെ ചെറിയ ഇന്നിംഗ്സ് (8 പന്തില്‍ 19) നിര്‍ണായകമായി. പക്ഷെ അവസാന ഐ.പി.എല്‍ മത്സരത്തില്‍ രായുഡുവിനെ മോഹിത് സ്വന്തം ബൗളിംഗില്‍ പിടിച്ചു. അതോടെ 14 പന്തില്‍ 22 റണ്‍സ് വേണമെന്നായി. പ്രതീക്ഷയോടെ കളത്തിലിറങ്ങിയ ധോണിയെ ആദ്യ പന്തില്‍ മോഹിത് പുറത്താക്കി. പതിനാലാം ഓവറില്‍ മുഹമ്മദ് ഷമി എട്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
അതോടെ അവസാന ഓവറില്‍ 13 റണ്‍സ് വേണമായിരുന്നു ജയിക്കാന്‍. കഴിഞ്ഞ സീസണില്‍ നെറ്റ് ബൗളറായി ഒതുങ്ങിയ മോഹിതിന് ഈ സീസണിന്റെ ഫൈനലില്‍ അവസാന ഓവര്‍ എറിയാനുള്ള നിയോഗം ലഭിച്ചു. ആദ്യ നാലും ഒന്നാന്തരം യോര്‍ക്കറുകള്‍. മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാല്‍ അഞ്ചാമത്തെ പന്ത് സിക്സറിനും ആറാമത്തെ ബൗണ്ടറിക്കും ജദേജ പായിച്ചു.
ഫൈനലില്‍ ചെന്നൈയെ വിറപ്പിച്ച ചെന്നൈ സ്വദേശി സായ് സുദര്ശന് ഗുജറാത്തുകാരന് ജദേജയിലൂടെ ചെന്നൈ മറുപടി നല്കി. ഇരുപത്തൊന്നുകാരനായ ഇടങ്കൈയന്‍ സായ് (47 പന്തില്‍ 96) മതീഷ പതിരണ എറിഞ്ഞ അവസാന ഓവറിലാണ് പുറത്തായത്. അവസാന ഓവര്‍ ഇരട്ട സിക്സറുമായി തുടങ്ങിയെങ്കിലും മൂന്നാമത്തെ പന്തില്‍ സായ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
പത്താം ഫൈനല്‍ കളിച്ച ചെന്നൈ അഞ്ചാം കിരീടത്തോടെ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്തി. 2010 ലും 2011 ലും 2018 ലും 2021 ലുമാണ് ചെന്നൈ മുമ്പ് ചാമ്പ്യന്മാരായത്.






