അഹമ്മദാബാദ് - കാവ്യനീതിയുടെ കലാശപ്പോരാട്ടമായിരുന്നു അഹമ്മദാബാദില്‍ കണ്ടത്. ഉദ്ഘാടന മത്സരത്തിലെ തോല്‍വിക്ക് ഐ.പി.എല്ലിന്റെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പകരം ചോദിച്ചു. ഹാര്‍ദിക് പാണ്ഡ്യയുടെ യൂത്ത് പവറിന് പരിചയസമ്പത്ത് കൊണ്ട് മഹേന്ദ്ര സിംഗ് ധോണി മറുപടി നല്‍കി. ചെന്നൈക്കാരന്‍ സായ് സുദര്‍ശനിലൂടെ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഗുജറാത്തിനെ ഗുജറാത്തുകാരന്‍ രവീന്ദ്ര ജദേജയിലൂടെ ചെന്നൈ മറികടന്നു. ഗുജറാത്തിന്റെ ഹോം സ്‌റ്റേഡിയത്തെ മഞ്ഞ വിരിച്ച് ചെന്നൈ ആരാധകര്‍ സ്വന്തം തട്ടകമാക്കി. ഞാന്‍ മാത്രമെന്ന് കരുതുന്ന നേതാക്കളുടെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ കിരീടം നേടി മാറി നിന്ന് ധോണി മാതൃകയായി.
പതിനാറാമത് ഐ.പി.എല്‍ അക്ഷരാര്‍ഥത്തില്‍ ധോണിയുടെ ടൂര്‍ണമെന്റായിരുന്നു. എല്ലാ ഐ.പി.എല്‍ സ്റ്റേഡിയങ്ങളും ചെന്നൈക്ക് ഹോം സ്‌റ്റേഡിയമായി. കാണികള്‍ സ്വന്തം ടീമിനെക്കാള്‍ ചെന്നൈയെ പിന്തുണച്ചു. അജിന്‍ക്യ രഹാനെയെയും മുഈനലിയെയും അമ്പാട്ടി രായുഡുവിനെയും പോലുള്ള വെറ്ററന്‍ കളിക്കാര്‍ക്ക് കരുത്തു തെളിയിക്കാന്‍ അവസരം നല്‍കിയ ധോണി യുവതാരങ്ങളായ തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരണ, മഹീഷ് തീക്ഷണ തുടങ്ങിയ യുവ താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു.
മൂന്നു ദിവസം നീണ്ട ഫൈനലിനൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 1.35 ന് ഒടുവില്‍ ചെന്നൈ പുതിയ ചാമ്പ്യന്മാരായി. അപൂര്‍വമായി വികാരം പുറത്തു കാണിക്കുന്ന ധോണി ജദേജയെ കെട്ടിപ്പിടിച്ച് ആകാശത്തേക്കുയര്‍ത്തി. വിരമിക്കുന്ന അമ്പാട്ടി രായുഡുവാണ് ഈ വിജയം സാധ്യമാക്കിയത്. രായുഡു ക്രീസിലെത്തുമ്പോള്‍ വിജയസാധ്യത 35 ശതമാനം മാത്രമായിരുന്നു. മോഹിത് ശര്‍മയെ ഇരട്ട സിക്‌സറിനും ബൗണ്ടറിക്കും പായിച്ചു രായുഡു. അതോടെ വിജയസാധ്യത 93 ശതമാനമായി.
ഒരു നിമിഷം മോഹിത് ശര്‍മയെക്കുറിച്ചോര്‍ക്കുക. ഐ.പി.എല്‍ ഫൈനലിന്റെ അവസാന ഓവര്‍ എറിയാനുള്ള എല്ലാ സമ്മര്‍ദ്ദവും ചുമലിലേറ്റിയ മോഹിത് നാല് കൃത്യമായ യോര്‍ക്കറിലൂടെ ഗുജറാത്തിനെ വിജയത്തിന്റെ പടിവാതിലിലെത്തിച്ചതായിരുന്നു. നൂര്‍ അഹമ്മദ് എന്ന യുവ അഫ്ഗാന്‍ ലെഗ്‌സ്പിന്നറെ ഓര്‍ക്കുക. മൂന്നോവറില്‍ ഒരു ബൗണ്ടറി പോലും വഴങ്ങാതെയാണ് നൂര്‍ ഓപണര്‍മാരെ പുറത്താക്കിയത്. ജദേജ എല്ലാത്തിനും മുകളിലേക്കുയര്‍ന്നു. ഫൈനലില്‍ ആറ് പന്ത് മാത്രമാണ് ജദേജ നേരിട്ടത്. വെറും 13 മിനിറ്റാണ് ക്രീസില്‍ ചെലവഴിച്ചത്. അവസാന രണ്ട് പന്തുകള്‍ വരെ ഒരു ബൗണ്ടറി പോലും നേടാനായില്ല. പക്ഷെ അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ മോഹിതിന്റെ യോര്‍ക്കര്‍ ഒരിഞ്ച് തെറ്റി. അത് നേരെ ഗാലറിയിലേക്ക് പറന്നു. അടുത്ത പന്തില്‍ ലെംഗ്ത് പിഴച്ചു. അത് ഫുള്‍ടോസായി. ഷോട്ട് ഫൈന്‍ലെഗിലൂടെ അത് അതിര്‍ത്തി കടന്നു. ചെന്നൈ മാത്രമല്ല, അഹമ്മദാബാദും അലര്‍ച്ചയില്‍ അമര്‍ന്നു.






