Sorry, you need to enable JavaScript to visit this website.

ത്രില്ലറിൽ ജപ്പാനെ കീഴടക്കി ബെൽജിയം

  • വിജയം രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം

റോസ്‌തോവോൺഡോൺ- ഈ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ ത്രില്ലർ പോരാട്ടത്തിലൂടെ ജപ്പാനെ 3-2ന് കീഴടക്കി ബെൽജിയം ക്വാർട്ടറിൽ. രണ്ട് ഗോളിന് പിന്നിലായശേഷം അവസാന 25 മിനിറ്റിലുള്ളിൽ മൂന്ന് ഗോൾ തിരിച്ചടിച്ചാണ് ബെൽജിയം അവിശ്വസനീയ വിജയം നേടിയത്. 
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു മത്സരത്തിൽ നാടകീയ മുഹൂർത്തങ്ങൾ. ഇടവേള കഴിഞ്ഞ് ഏഴ് മിനിറ്റിനുള്ളിൽ ജപ്പാൻ 2-0ന് മുന്നിലെത്തി. 48ാം മിനിറ്റിൽ ഹരാഗുച്ചിയിലൂടെയായിരുന്നു ആദ്യ ഗോൾ. ഷിബാസാക്കിയുടെ ത്രൂ ബോൾ തടയാൻ വെർട്ടോങ്കന് കഴിഞ്ഞില്ല. പന്ത് കിട്ടിയ ഹരാഗുച്ചി വലയുടെ എതിർ മൂലയിലേക്ക് പായിച്ചപ്പോൾ ബെൽജിയം ഗോളി കൂർട്ടോയി സ്തബ്ധനായി. 
ഗോൾ വീണതോടെ ബെൽജിയം ഉണർന്നെങ്കിലും കളിയുടെ ഒഴുക്കിനെതിരെ വീണ്ടും അവരുടെ വല തന്നെ ചലിച്ചു. ജപ്പാന്റെ പ്രത്യാക്രമണത്തിനൊടുവിൽ ബോക്‌സിനുപുറത്തുനിന്ന് കഗാവ നൽകിയ പാസ് കിട്ടിയ ഇനൂയി വലയുടെ വലതുഭാഗത്തേക്ക് പായിച്ചു. 2-0.
ആകെ അമ്പരന്നുപോയ ബെൽജിയം ഗോളുകൾ മടക്കാൻ സർവശക്തിയെടുത്ത് തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. 65ാം മിനിറ്റിൽ മെർട്ടൻസിനുപകരം ഫെലൈനിയെയും, അടുത്ത മിനിറ്റിൽ കരാസ്‌കോക്കുപകരം ഛാഡ്‌ലിയെയും ഇറക്കി. ആ മാറ്റങ്ങൾ ഫലം കണ്ടുവെന്ന് അഞ്ച് മിനിറ്റിനകം തെളിഞ്ഞു. നിരന്തര സമ്മർദത്തിനൊടുവിൽ 69ാം മിനിറ്റിൽ ബെൽജിയം ഒരു ഗോൾ മടക്കി. കോർണർ കിക്കിന് തല വെച്ച വെർട്ടോങ്കനായിരുന്നു സ്‌കോറർ. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ബെൽജിയം ഒപ്പമെത്തി. ക്യാപ്റ്റൻ എഡിൻ ഹസാഡിന്റെ ഒന്നാന്തരം ക്രോസിൽനിന്ന് ഹെഡറിലൂടെ ഫെലൈനിയാണ് ഗോളടിച്ചത്.
അവിശ്വസനീയമായ തിരിച്ചുവരവിനുശേഷം തിരമാലകൾ പോലെയുള്ള ബെൽജിയം ആക്രമണമാണ് കണ്ടത്. കയ്‌മെയ് മറന്ന് പ്രതിരോധിച്ച ജപ്പാൻ പ്രത്യാക്രമത്തിനും സമയം കണ്ടെത്തി. കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഇൻജുറി ടൈമിന്റെ അവസാന നിമിഷം അതി നാടകീയമായി ബെൽജിയത്തിന്റെ വിജയഗോൾ വന്നു. മധ്യത്തുനിന്ന് കെവിൻ ഡിബ്രൂയിൻ നൽകിയ ലോംഗ് പാസ് ആദ്യം മ്യൂനിയർക്കാണ് കിട്ടിയത്. പിന്നീട് റോമിലൂ ലുകാകുവിലേക്ക്. ലുകാകുവിന്റെ പാസ് ഫിനിഷ് ചെയ്യേണ്ട ജോലിയേ ഛാഡ്‌ലിക്കുണ്ടായിരുന്നുള്ളു.  
 

Latest News