ന്യൂദല്‍ഹി - ബി.ജെ.പി എം.പിയായ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിംഗ് ശരണ്‍ സിംഗിനെതിരായ സമരം ശക്തമാക്കാന്‍ രാജ്യാന്തര ഗുസ്തി താരങ്ങളുടെ തീരുമാനം. ഒളിംപിക്, ലോക മെഡലുകാരായ ബജ്‌റംഗ് പൂനിയയും വിനേഷ് ഫോഗടും സാക്ഷി മാലിക്കും തങ്ങള്‍ വിയര്‍പ്പൊഴുക്കി രാജ്യത്തിനു വേണ്ടി നേടിയ മെഡലുകള്‍ ഇന്ന് വൈകുന്നേരം ആറിന് ഗംഗയില്‍ ഒഴുക്കുമെന്ന്് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇന്ത്യാ ഗെയ്റ്റില്‍ നിരാഹാര സമരം ആരംഭിക്കാനാണ് അവരുടെ തീരുമാനം. ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുക്കുകയും കലാപത്തിന് കേസെടുക്കുകയും ജന്തര്‍ മന്തറിലെ അവരുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.
ഗംഗയെ പോലെ പരിപാവനമാണ് ഈ മെഡലുകള്‍ നേടാന്‍ തങ്ങള്‍ നടത്തിയ പരിശ്രമമെന്നും മലിനമായ വ്യവസ്ഥിതിയെക്കാള്‍ മെഡലുകളുടെ യഥാര്‍ഥ സ്ഥാനം പവിത്രമായ ഗംഗയാണെന്നും അവര്‍ പറഞ്ഞു.
സമാധാനപരമായി സമരം ചെയ്യുന്ന തങ്ങളെ മൃഗീയമായി പോലീസ് കൈകാര്യം ചെയ്ത എല്ലാവരും കണ്ടതാണ്. ലൈംഗികാതിക്രമത്തിനെതിരെ നീതി വേണമെന്ന് വനിതാ ഗുസ്തിക്കാര്‍ ആവശ്യപ്പെടുന്നത് ഇത്ര വലിയ പാപമാണോ? പോലീസും അധികൃതരും ക്രിമിനലുകളെ പോലെയാണ് ഞങ്ങളെ കൈകാര്യം ചെയ്യുന്നത്. യഥാര്‍ഥ പ്രതി സ്വതന്ത്രനായി നടക്കുന്നു. ഞങ്ങളുടെ കഠിനാനുഭവങ്ങള്‍ ടി.വി ചാനലുകള്‍ക്ക് പരിഹാസമാവുന്നു. പ്രതിയെ രക്ഷിക്കാന്‍ പോക്‌സൊ നിയമം ഭേദഗതി ചെയ്യണമെന്നു പോലും ആവശ്യമുയരുന്നു -അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ മെഡലുകള്‍ ആര്‍ക്ക് മടക്കി നല്‍കണമെന്ന് ഞങ്ങള്‍ ആലോചിച്ചു. വനിത കൂടിയായ രാഷ്ട്രപതിക്കാണോ?ഞങ്ങളുടെ പ്രതിഷേധം ഇത്ര സമീപത്തായിട്ടും കണ്ടു നില്‍ക്കുകയല്ലാതെ ഒന്നും അവര്‍ ചെയ്തില്ല. പ്രധാനമന്ത്രിക്കാണോ? അദ്ദേഹം ഞങ്ങളെക്കുറിച്ച് സംസാരിച്ചതേയില്ല. പകരം അക്രമിയെ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിച്ചു. അധികാരികളുടെ കാലാളുകളാകാനും ആവശ്യം കഴിയുമ്പോള്‍ അവരുടെ അതിക്രമത്തിനിരയാവാനും ഞങ്ങള്‍ക്ക് ആഗ്രഹമില്ല -അവര്‍ പറഞ്ഞു.
ലൈംഗിക പീഡനം ആരോപിക്കപ്പെടുന്ന ബ്രിജ്ഭൂഷണ്‍ സിംഗ് ശരണ്‍ സിംഗിന്റെ എം.പി വസതിക്കു മുന്നില്‍ വെച്ചായിരുന്നു ഗുസ്തിക്കാരെ പോലീസ് കഴിഞ്ഞ ദിവസം തടഞ്ഞത്.
അതിനിടെ, ഗുസ്തി താരങ്ങള്‍ക്കെതിരായ അതിക്രമത്തെ അപലപിക്കാന്‍ പ്രമുഖ കായിക താരങ്ങള്‍ മടിച്ചുനില്‍ക്കുകയാണ്. ഒളിംപിക് ചാമ്പ്യന്മാരായ അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര, ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി,മലയാളി ലോംഗ്ജമ്പര്‍ മുരളി ശ്രീശങ്കര്‍, ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പഠാന്‍ തുടങ്ങി അപൂര്‍വം പേരെ ഇന്ത്യയുടെ അഭിമാനതാരങ്ങള്‍ക്കു വേണ്ടി വാ തുറന്നിട്ടുള്ളൂ.
സഹ കായികതാരങ്ങള്‍ നേരിട്ട പ്രയാസങ്ങളുടെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ കണ്ട് കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ലെന്നും കായിക സംഘടനകളിലെ അതിക്രമങ്ങള്‍ തടയാന്‍ സ്വതന്ത്ര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചുവെന്നും അഭിനവ് ട്വീറ്റ് ചെയ്തു.






