മോസ്‌കോ- സ്‌പെയിൻ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ മിഡ്ഫീൽഡർ ആന്ദ്രെസ് ഇനിയെസ്റ്റ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന്
വിരമിച്ചു. 2010ലെ ലോകകപ്പ് ഫൈനലിൽ സ്‌പെയിന്റെ വിജയ ഗോൾ നേടിയ ഇനിയെസ്റ്റ രാജ്യത്തിനുവേണ്ടി 131 മത്സരങ്ങൾ കളിച്ചശേഷമാണ് ലാ റോഹയുടെ ജഴ്‌സി ഊരുന്നത്.
റഷ്യക്കെതിരെ ഞായറാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിലെ ആദ്യ ഇലവനിൽ 34 കാരനെ ഇറക്കിയിരുന്നില്ല. ടീമിന്റെ ദയനീയ പ്രകടനം കണ്ട് രണ്ടാം പകുതിയിൽ കോച്ച് ഫെർണാണ്ടോ ഹിയേറോ, ഇനിയെസ്റ്റയെ സബ്സ്റ്റിറ്റിയൂട്ടായി ഇറക്കിയെങ്കിലും കാര്യമായ ഫലവുമുണ്ടായില്ല. മുഴുവൻ സമയത്തും എക്‌സ്ട്രാ ടൈമിലും 1-1 ആയിരുന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് റഷ്യ, സ്‌പെയിനെ തോൽപ്പിക്കുന്നത്.
വിരമിക്കൽ പ്രഖ്യാപിച്ച വേളയിലും ടീമിന്റെ പ്രകടനത്തിൽ ഇനിയെസ്റ്റ നിരാശ പ്രകടിപ്പിച്ചു. 'വായിൽ കയ്‌പോടെയാണ് ഞാൻ വിരമിക്കുന്നത്. നമ്മൾ നമ്മുടെതന്നെ കുഴി തോണ്ടുകയായിരുന്നു. ഒരധിക ചുവടുവെയ്ക്കാൻ നമുക്ക് കഴിഞ്ഞില്ല' -താരം പറഞ്ഞു.
ബാഴ്‌സലോണയുടെ സുവർണ തലമുറയിൽ അംഗമായിരുന്ന ഇനിയെസ്റ്റ ഇക്കഴിഞ്ഞ സീസണോടെ തന്റെ പ്രിയ ക്ലബ്ബിനോടും വിടപറഞ്ഞിരുന്നു. ജാപ്പനീസ് ക്ലബ്ബായ വിസ്സെൽ കോബെ ആണ് ഈ കഷണ്ടിക്കാരന്റെ അടുത്ത തട്ടകം.