Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നെയ് തെളിഞ്ഞു

മത്സരശേഷം നെയ്മാറിനെ സഹതാരം പോളിഞ്ഞോ ചുമലിലേറ്റുന്നു. ഫിലിപ്പെ കുട്ടീഞ്ഞോയാണ് സമീപം.
മെക്‌സിക്കോക്കെതിരെ ബ്രസീലിന്റെ ആദ്യ ഗോൾ നേടിയ നെയ്മാർ ആഘോഷത്തിനായി കുതിക്കുന്നു.
  • ഫോം വീണ്ടെടുത്ത് നെയ്മാർ
  • ഏഴാം തവണയും മെക്‌സിക്കോ രണ്ടാം റൗണ്ടിൽ പുറത്ത്
  • ബ്രസീൽ 2 - മെക്‌സിക്കോ 0

സമാറ- ഇതാണ് ബ്രസീൽ കാത്തിരുന്ന നെയ്മാർ... ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകരും... പഴുതടച്ച മെക്‌സിക്കൻ പ്രതിരോധത്തെ രണ്ട് തവണ കീറിമുറിച്ചുകൊണ്ട് ബ്രസീലിന് തകർപ്പൻ വിജയം സമ്മാനിച്ചിരിക്കുന്നു, ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഈ ഫുട്‌ബോൾ താരം. ആദ്യ ഗോൾ അടിക്കുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്തത് നെയ്മാറാണ്. അതോടെ മെക്‌സിക്കോയെ 2-0ന് ആധികാരികമായി തകർത്ത് മഞ്ഞപ്പട ലോകകപ്പ് ക്വാർട്ടറിൽ ഇരച്ചെത്തി. 51ാം മിനിറ്റിൽ നെയ്മാറാണ് ബ്രസീലിനെ മുന്നിലെത്തിക്കുന്നത്. 88ാം മിനിറ്റിൽ നെയ്മാറിന്റെ പാസിൽനിന്ന് സബ്സ്റ്റിറ്റിയൂട്ട് റോബർട്ടോ ഫിർമിനോ രണ്ടാം ഗോൾ നേടി. ക്വാർട്ടറിൽ മിക്കവാറും ബെൽജിയമാവും ബ്രസീലിന്റെ എതിരാളികൾ.
ചാമ്പ്യന്മാരായ റഷ്യയെ അട്ടിമറിച്ചുകൊണ്ട് റഷ്യയിൽ അരങ്ങേറിയ മെക്‌സിക്കോക്ക് തുടർച്ചയായ ഏഴാം തവണയും രണ്ടാം റൗണ്ടിൽ പുറത്തുപോകാനായി വിധി.
ബ്രസീലിന്റെ മുന്നേറ്റനിരയും മെക്‌സിക്കൻ പ്രതിരോധവും കൊമ്പുകോർത്തുനിന്നതോടെ ഗോൾരഹിതമായ ആദ്യപകുതിക്കുശേഷമാണ് നെയ്മാർ വിശ്വരൂപം കാട്ടിയത്. രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റ് കഴിഞ്ഞപ്പോൾ ഇടതുഭാഗത്തുനിന്ന് വില്യൻ നൽകിയ ക്രോസ് കണക്ട് ചെയ്യാൻ ഗബ്രിയേൽ ജീസസും, ഫിലിപ്പെ കുട്ടീഞ്ഞോയും കാലുനീട്ടിയെങ്കിലും കഴിഞ്ഞില്ല. എന്നാൽ നെയ്മാർ കൃത്യമായി തന്നെ വലതു ബൂട്ട് നീട്ടിയപ്പോൾ കണ്ടത് ക്ലിനിക്കിൽ ഫിനിഷ്. മെക്‌സിക്കൻ ഗോളി ഗ്വില്ലർമോ ഒച്ചോവയെ അമ്പരപ്പിച്ചുകൊണ്ട് പന്ത് വലയിൽ. ഒച്ചോവ ഓഫ്‌സൈഡ് അപ്പീൽ ചെയ്‌തെങ്കിലും റഫറി പരിഗണിച്ചില്ല. ഈ ലോകകപ്പിൽ നെയ്മാറുടെ രണ്ടാം ഗോളായിരുന്നു അത്.
ഗോളടിച്ചതോടെ ബ്രസീലിന് കൂടുതൽ ആത്മവിശ്വാസം കൈവന്നു. എങ്കിലും പ്രതിരോധം ഭദ്രമാക്കി, പ്രത്യാക്രമണങ്ങളിൽ ഊന്നിയുള്ളതായിരുന്നു അവരുടെ തന്ത്രം. അത്തരമൊരു പ്രത്യാക്രമണമാണ് രണ്ടാം ഗോളിലും വഴിവെച്ചത്. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ മെക്‌സിക്കൻ താരങ്ങൾ ഒന്നായി ആക്രമണത്തിനിറങ്ങവേ വലതുവശത്തുനിന്ന് പന്തുമായി കുതിച്ചെത്തിയ നെയ്മാർ പോസ്റ്റിന്റെ മധ്യഭാഗത്തേക്ക് ക്രോസ് ചെയ്തു. ഫിർമിനോക്ക് അത് ഫിനിഷ് ചെയ്യേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളു.
പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികച്ചുനിന്നതോടെ ആദ്യ 20 മിനിറ്റിൽ മെക്‌സിക്കോക്കായിരുന്നു ആധിപത്യം. ഏത് സമയവും ബ്രസീൽ വല ചലിച്ചേക്കുമെന്ന സ്ഥിതിയായിരുന്നു അപ്പോൾ. ഹിർവിംഗ് ലോസാനോയുടെ ഹാഫ് വോളി ബ്രസിൽ ഗോളി മിറാൻഡ സമർഥമായി തടഞ്ഞു. ഇതിനിടെ, നെയ്മാർ പലപ്പോഴും മെക്‌സിക്കൻ പ്രതിരോധത്തിന്റെ പരുക്കൻ അടവുകൾക്ക് വിധേയമായി. ഇരുപതാം മിനിറ്റിൽ നെയ്മാറിന്റെ കാലിനുമുകളിൽ മെക്‌സിക്കൻ താരം മിഗ്വൽ ലായുൽ കയറിനിന്നെങ്കിലും റഫറി കാർഡൊന്നും കാട്ടിയില്ല. 
25 മിനിറ്റ് കഴിഞ്ഞതോടെ കളിയുടെ നിയന്ത്രണം ക്രമേണെ ബ്രസീൽ പിടിച്ചെടുത്തു. നെയ്മാർ മുന്നേറ്റങ്ങളിൽ സജീവമായി. മെക്‌സിക്കൻ പോസ്റ്റിലേക്ക് തുടരെ ആക്രമണങ്ങളാണ് പിന്നീട് കണ്ടത്.  പക്ഷെ ഗോൾ വീഴാൻ രണ്ടാം പകുതി വരെ കാക്കേണ്ടിവന്നു. 
59ാം മിനിറ്റിൽ രണ്ടാം ഗോൾ നേടാൻ ബ്രസീലിന് അവസരം കിട്ടിയതാണ്. 12 വാര അകലെനിന്ന് പോളിഞ്ഞോ പായിച്ച ഷോട്ട് ഒച്ചോവ രക്ഷപ്പെടുത്തി. 
ഏതാണ്ട് ക്ലീൻ ഷീറ്റിലാണ് ബ്രസീലിന്റെ വിജയം എന്ന് കോച്ച് ടിറ്റെക്ക് അഭിമാനിക്കാം. രണ്ടാം പകുതിയിൽ കാസിമിറോക്ക് മഞ്ഞക്കാർഡ് കണ്ടതു മാത്രമാണ് അവർക്കുള്ള തിരിച്ചടി. ക്വാർട്ടറിൽ കാസിമിറോക്ക് ഇറങ്ങാനാവില്ല.
 

Latest News