അഹമ്മദാബാദ് - ചരിത്രം സൃഷ്ടിച്ച് ഐ.പി.എല്‍ ഫൈനല്‍ മൂന്നാം ദിവസത്തിലേക്ക്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചെയ്‌സ് മഴ കാരണം തടസ്സപ്പെട്ട ശേഷം ഇന്ത്യന്‍ സമയം രാത്രി 12.10 ന് കളി പുനരാരംഭിക്കും. 15 ഓവറാണ് ചെന്നൈ കളിക്കുക. ലക്ഷ്യം 170 റണ്‍സാണ്. ഞായറാഴ്ച ഒരു പന്ത് പോലും എറിയാതെ ഫൈനല്‍ ഉപേക്ഷിച്ച ശേഷം റിസര്‍വ് ദിനമായ തിങ്കളാഴ്ച രാത്രി ഏഴരക്കാണ് ഫൈനല്‍ വീണ്ടുമാരംഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഗുജറാത്ത് നാലിന് 214 എന്ന ശക്തമായ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. അര മണിക്കൂര്‍ ഇടവേള ഷോ കഴിഞ്ഞ് ചെന്നൈ ഇന്നിംഗ്‌സ് തുടങ്ങിയതും മഴ കളി മുടക്കി. മൂന്ന് പന്തില്‍ നാല് റണ്‍സാണ് ചെന്നൈയുടെ സമ്പാദ്യം. അഞ്ചോവറെങ്കിലും ചെന്നൈ ബാറ്റ് ചെയ്താലേ മത്സരത്തിന് ഫലമുണ്ടാവൂ. അഞ്ചോവറില്‍ കളിയുടെ ഫലം നിശ്ചയിക്കപ്പെടുകയാണെങ്കില്‍ ചെന്നൈ ചുരുങ്ങിയത് 66 റണ്‍സെങ്കിലുമെടുക്കേണ്ടി വരും. അഞ്ചോവറെങ്കിലും എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന് കിരീടം നിലനിര്‍ത്താം.
ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിറപ്പിച്ച് ചെന്നൈ സ്വദേശി സായ് സുദര്‍ശന്‍. ശുഭ്മന്‍ ഗില്‍ അധികം വാഴാതെ പുറത്തായപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സിന്റെ ചുക്കാന്‍ പിടിച്ചത് സായിയായിരുന്നു. ഞായറാഴ്ച മഴ കാരണം ഒരു പന്ത് പോലുമെറിയാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. ഫൈനല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഇരുനൂറ്റമ്പതാമത്തെയും അവസാനത്തെയും ഐ.പി.എല്‍ മത്സരമായിരിക്കുമെന്നാണ് കരുതുന്നത്.
ഇടങ്കൈയന്‍ സായ് (47 പന്തില്‍ 96) മതീഷ പതിരണ എറിഞ്ഞ അവസാന ഓവറിലാണ് പുറത്തായത്. അവസാന ഓവര്‍ ഇരട്ട സിക്‌സറുമായി തുടങ്ങിയെങ്കിലും മൂന്നാമത്തെ പന്തില്‍ സായ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ചെന്നൈ ടോസ് നേടിയ ശേഷം ഗില്ലിനെ തുടക്കത്തില്‍ തന്നെ കൈവിട്ടു. മൂന്ന് റണ്‍സെടുത്ത ഗില്ലിനെ തുഷാര്‍ പാണ്ഡെയുടെ ബൗളിംഗില്‍ പുറത്താക്കാന്‍ കിട്ടിയ അവസരം ദീപക് ചഹര്‍ കൈവിട്ടു. അടുത്ത ഓവറില്‍ ചഹറിനെ സിക്‌സറിനും രണ്ട് ബൗണ്ടറിക്കും പറത്തി ഗില്‍ ആഘോഷിച്ചു. ധോണിയുടെ നാനൊ സെക്കന്റില്‍ പ്രാവര്‍ത്തികമാക്കിയ മിന്നല്‍ സ്റ്റമ്പിംഗ് വേണ്ടി വന്നു ഗില്ലിനെ (20 പന്തില്‍ 39) പുറത്താക്കാന്‍. രവീന്ദ്ര ജദേജക്കായിരുന്നു വിക്കറ്റ്. രണ്ടാം ക്വാളിഫയറില്‍ മുപ്പതിലുള്ളപ്പോള്‍ ജീവന്‍ കിട്ടിയ ഗില്‍ 129 റണ്‍സടിച്ചിരുന്നു. 890 റണ്‍സുമായി ഗില്‍ സീസണ്‍ അവസാനിപ്പിച്ചു.
പിന്നീട് വൃദ്ധിമാന്‍ സാഹയും (39 പന്തില്‍ 54) സായിയും ആഞ്ഞടിച്ചു. പതിനാലാം ഓവറില്‍ സാഹയെ ദീപക് ചഹര്‍ പുറത്താക്കുമ്പോഴേക്കും ഗുജറാത്ത് 131 ലെത്തിയിരുന്നു. പിന്നീട് സായിയും ഹാര്‍ദിക് പാണ്ഡ്യയും (12 പന്തില്‍ 21 നോട്ടൗട്ട്) 33 പന്തില്‍ 81 റണ്‍സ് വാരി. 33 പന്തില്‍ അര്‍ധ ശതകം പിന്നിട്ട സായ് അടുത്ത ഓവറില്‍ തുഷാറിനെ 20 റണ്‍സിന് ശിക്ഷിച്ചു. ഏഴ് സിക്‌സറുണ്ട് സായിയുടെ ഇന്നിംഗ്‌സില്‍.
തുഷാര്‍ ദേശ്പാണ്ഡെ നാലോവറില്‍ വഴങ്ങിയത് 56 റണ്‍സാണ്. പതിരണ രണ്ടു വിക്കറ്റെടുത്തെങ്കിലും 44 റണ്‍സ് വിട്ടുകൊടുത്തു. പന്തെറിഞ്ഞ എല്ലാവരും ഓവറില്‍ ഒമ്പത് റണ്‍സിന് മുകളിലാണ് അനുവദിച്ചത്.
ഈ ടീമുകള്‍ തമ്മില്‍ ഈ സീസണിലെ മൂന്നാമത്തെ കളിയാണ് ഇത്. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജയിച്ചപ്പോള്‍ ഇതേ ടീമുകള്‍ തമ്മിലുള്ള ആദ്യ ക്വാളിഫയറില്‍ ചെന്നൈക്കായിരുന്നു ജയം. പത്താം ഫൈനല്‍ കളിക്കുന്ന ചെന്നൈ അഞ്ചാം കിരീടത്തോടെ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്താനാണ് ശ്രമിക്കുക. 2010 ലും 2011 ലും 2018 ലും 2021 ലുമാണ് ചെന്നൈ മുമ്പ് ചാമ്പ്യന്മാരായത്.