Sorry, you need to enable JavaScript to visit this website.

ആ ജാക്‌പോട്ട് ലൂടന്, പ്രീമിയര്‍ ലീഗ് ബെര്‍ത്ത്

ലണ്ടന്‍ - ഫുട്‌ബോളിലെ ഏറ്റവും വലിയ സമ്മാനത്തിനുള്ള കളിയെന്ന് വിശേഷിപ്പിക്കപ്പെട്ട പ്ലേഓഫില്‍ ഷൂട്ടൗട്ടില്‍ ലൂടന് ജയം (6-5). ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള പ്ലേഓഫില്‍ കാവന്‍ട്രിയുമായുള്ള മത്സരം 120 മിനിറ്റ് കഴിഞ്ഞിട്ടും 1-1 സമനിലയായതിനെത്തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. കഴിഞ്ഞ 10 സീസണിനിടെ നാലാമത്തെ സ്ഥാനക്കയറ്റത്തോടെയാണ് ലൂടന്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയത്. പ്രീമിയര്‍ ലീഗില്‍ സ്ഥാനം ലഭിച്ചതോടെ 17 കോടി പൗണ്ടാണ് (1730 കോടി രൂപ) ലൂടന് പ്രതീക്ഷിക്കാവുന്ന വരുമാനം. 31 വര്‍ഷം മുമ്പാണ് ലൂടന്‍ അവസാനം ഫസ്റ്റ് ഡിവിഷനില്‍ കളിച്ചത്. ആദ്യമായാണ് അഞ്ചാം ഡിവിഷനില്‍ നിന്ന് പടിപടിയായി ഉയര്‍ന്ന് ഒരു ടീം പ്രീമിയര്‍ ലീഗിലെത്തുന്നത്. 
രണ്ട് ടീമുകളും അഞ്ച് വര്‍ഷം മുമ്പ് വരെ നാലാം ഡിവിഷനില്‍ വിയര്‍പ്പൊഴുക്കുകയായിരുന്നു. ലൂടന്‍ അവസാനം ഒന്നാം ഡിവിഷനില്‍ കളിച്ചത് 1992 ലാണ്. അവര്‍ സ്ഥാനക്കയറ്റം നേടിയതോടെ കെനില്‍വര്‍ത്ത് സ്റ്റേഡിയം പ്രീമിയര്‍ ലീഗിലെ ഏറ്റവും ചെറിയ സ്റ്റേഡിയമാവും. 10,000 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഈ സ്റ്റേഡിയം ചുറ്റുമുള്ള മേല്‍ക്കൂരകളില്‍ നിന്ന് തിരിച്ചറിയുക പോലുമില്ല. എണ്‍പതുകളുടെ മധ്യത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ ഒന്നാം ഡിവിഷനില്‍ ലൂടന്‍ ആദ്യ പത്തിലുണ്ടായിരുന്നു. 1988 ല്‍ ആഴ്‌സനലിനെ തോല്‍പിച്ച് ഇംഗ്ലിഷ് ലീഗ് കപ്പ് ചാമ്പ്യന്മാരായി. പിന്നീട് കുത്തനെ ഇറക്കമായിരുന്നു. 2007 മുതല്‍ 2009 വരെ തുടര്‍ച്ചയായി തരംതാഴ്ത്തപ്പെട്ടു. അഞ്ചു വര്‍ഷം നോണ്‍ ലീഗ് വിഭാഗത്തിലായിരുന്നു. 2014 ലാണ് ഉയര്‍ച്ചയാരംഭിച്ചത്. 2018 ലും 2019 ലും തുടര്‍ച്ചയായി സ്ഥാനക്കയറ്റം നേടി രണ്ടാം ഡിവിഷനിലെത്തി. ഇത്തവണ മൂന്നാം സ്ഥാനത്തായിരുന്നു. സന്ദര്‍ലാന്റിനെ തോല്‍പിച്ച് പ്ലേഓഫ് സെമിയിലെത്തി. 

Latest News