ഇനി നൗകാമ്പില്‍ കളിയില്ല

ബാഴ്‌സലോണ - റയല്‍ മയോര്‍ക്കയെ 3-0 ന് തകര്‍ത്ത് ബാഴ്‌സലോണ വിജയകരമായ സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് ഹോം സീസണ്‍ അവസാനിപ്പിച്ചു. ലിയണല്‍ മെസ്സി ക്ലബ്ബ് വിട്ട ശേഷം ആദ്യമായി അവര്‍ ചാമ്പ്യന്മാരായിരുന്നു. നൗകാമ്പ് പുതുക്കിപ്പണിയുകയാണ്. ഡിഫന്റര്‍ യോര്‍ദി ആല്‍ബയും ക്യാപ്റ്റനും മിഡ്ഫീല്‍ഡറുമായ സെര്‍ജി ബുസ്‌ക്വെറ്റ്‌സും സുദീര്‍ഘമായ സേവനത്തിനു ശേഷം ക്ലബ്ബ് വിട്ടു. അവസാന നിമിഷങ്ങളില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട ഇരുവര്‍ക്കും തൊണ്ണൂറായിരത്തോളം വരുന്ന കാണികള്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഒരു എവേ മത്സരം കൂടി ബാഴ്‌സലോണക്ക് ബാക്കിയുണ്ട്. 
അന്‍സു ഫാത്തി രണ്ടു ഗോളടിച്ചു. ഇടവേളക്കു ശേഷം ഗാവി മൂന്നാമത്തെ ഗോള്‍ നേടി. മാര്‍ക്ക് ആന്ദ്രെ ടെര്‍സ്‌റ്റേഗന്‍ സീസണില്‍ ഇരുപത്താറാം തവണ ഗോള്‍ വഴങ്ങിയില്ല. റെക്കോര്‍ഡിനൊപ്പമെത്തുന്ന പ്രകടനമാണ് ഇത്. 
1957 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട നൗകാമ്പ് ഫുട്‌ബോളിലെ ഐതിഹാസിക കളിക്കളങ്ങളിലൊന്നാണ്. അടുത്ത സീസണില്‍ ബാഴ്‌സലോണയുടെ ഹോം മത്സരങ്ങള്‍ മോണ്ട്യൂയിച് മലയിലെ ഒളിംപിക് സ്റ്റേഡിയത്തിലായിരിക്കും. 2024 നവംബര്‍ ആവുമ്പോഴേക്കും നവീകരണം പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.  

Latest News