Sorry, you need to enable JavaScript to visit this website.

ഐ.പി.എല്ലില്‍ ഫൈനലില്‍ വീണ്ടും മഴ, ചെന്നൈക്ക് ജയിക്കാന്‍ വേണ്ടതെത്ര?

അഹമ്മദാബാദ് - ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നാലിന് 214 ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പിന്തുടരവെ ശക്തമായ മഴ ഇടങ്കോലായി. മൂന്നു പന്തില്‍ നാല് റണ്‍സാണ് ചെന്നൈ സ്‌കോര്‍. ഇന്നിംഗ്‌സ് ഇടവേളയിലെ ഷോക്കായി അര മണിക്കൂറോളം പാഴാക്കിയിരുന്നു. അഞ്ചോവറെങ്കിലും ചെന്നൈ ബാറ്റ് ചെയ്താലേ ഫലമുണ്ടാവൂ. അഞ്ചോവറില്‍ വിക്കറ്റ് പോവാതെ 43, ഒന്നിന് 49, രണ്ടിന് 56, മൂന്നിന് 65 എന്നിങ്ങനെയാണ് ഡി.എല്‍.എസ് സ്‌കോര്‍. അഞ്ചോവറെങ്കിലും എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന് കിരീടം നിലനിര്‍ത്താം. 
ചെന്നൈ ടോസ് നേടിയ ശേഷം ശുഭ്മന്‍ ഗില്‍ അധികം വാണില്ലെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. സായ് സുദര്‍ശനാണ് (47 പന്തില്‍ 96) ആക്രമണത്തിന്റെ കടിഞ്ഞാണേറ്റെടുത്തത്. മതീഷ പതിരണ എറിഞ്ഞ അവസാന ഓവര്‍ ഇരട്ട സിക്‌സറുമായി തുടങ്ങിയെങ്കിലും മൂന്നാമത്തെ പന്തില്‍ സായ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഗില്ലിനെ തുടക്കത്തില്‍ തന്നെ കൈവിട്ടെങ്കിലും ഓപണര്‍ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല. മഹേന്ദ്ര സിംഗ് ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗില്‍ ഗില്‍ (20 പന്തില്‍ 39) പുറത്തായി. എന്നാല്‍ വൃദ്ധിമാന്‍ സാഹയും (39 പന്തില്‍ 54) സായിയും ആഞ്ഞടിച്ചു. പതിനാലാം ഓവറില്‍ സാഹയെ ദീപക് ചഹര്‍ പുറത്താക്കുമ്പോഴേക്കും ഗുജറാത്ത് 131 ലെത്തിയിരുന്നു. പിന്നീട് സായിയും ഹാര്‍ദിക് പാണ്ഡ്യയും (12 പന്തില്‍ 21 നോട്ടൗട്ട്) 33 പന്തില്‍ 81 റണ്‍സ് വാരി. 
തുഷാര്‍ ദേശ്പാണ്ഡെ നാലോവറില്‍ വഴങ്ങിയത് 56 റണ്‍സാണ്. പതിരണ രണ്ടു വിക്കറ്റെടുത്തെങ്കിലും 44 റണ്‍സ് വിട്ടുകൊടുത്തു. പന്തെറിഞ്ഞ എല്ലാവരും ഓവറില്‍ ഒമ്പത് റണ്‍സിന് മുകളിലാണ് അനുവദിച്ചത്. 
ടോസ്  നേടിയ ചെന്നൈ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സ്‌കോര്‍ മൂന്നിലുള്ളപ്പോള്‍ ഗുജറാത്തിന്റെ അപകടകാരിയായ ഓപണര്‍ ശുഭ്മന്‍ ഗില്ലിനെ ദീപക് ചഹര്‍ കൈവിട്ടു. തുഷാര്‍ പാണ്ഡെയാണ് നിരാശനായ ബൗളര്‍. രണ്ടാം  ക്വാളിഫയറില്‍ മുപ്പതിലുള്ളപ്പോള്‍ ജീവന്‍ കിട്ടിയ ഗില്‍ 129 റണ്‍സടിച്ചിരുന്നു. ക്യാച്ച് കൈവിട്ടതിന്റെ നിരാശയുമായി എറിഞ്ഞ ആദ്യ ഓവറില്‍ ചഹര്‍ സിക്‌സറും രണ്ട് ബൗണ്ടറിയുംവഴങ്ങി. ഗുജറാത്ത് പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 62 റണ്‍സെടുത്തു. 
ഞായറാഴ്ച മഴ കാരണം ഫൈനല്‍ നടത്താനായില്ല. അഞ്ചോവര്‍ വീതമെങ്കിലും കളിക്കാന്‍ രാത്രി 11 വരെ കാത്തിരുന്നുവെങ്കിലും മഴ നിലച്ചില്ല. പലതവണ മഴ കുറയുകയും കളി തുടങ്ങാന്‍ ഒരുക്കം ആരംഭിക്കുകയും ചെയ്തതാണ്. എന്നാല്‍ ഓരോ തവണയും മഴ തിരിച്ചെത്തി.
 

Latest News