Sorry, you need to enable JavaScript to visit this website.

എവര്‍ടന്‍ രക്ഷപ്പെട്ടു; ലെസ്റ്റര്‍,  ലീഡ്‌സ് തരംതാഴ്ത്തപ്പെട്ടു


ലെസ്റ്റര്‍ - 69 വര്‍ഷമായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തുടരുന്ന എവര്‍ടന്‍ അടുത്ത സീസണിലും തുടരും. തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട അവര്‍ അവസാന ദിനം രക്ഷപ്പെട്ടു. അബ്ദുലായെ ദൂകൂര്‍ അമ്പത്തേഴാം മിനിറ്റില്‍ നേടിയ ഗോളില്‍ അവര്‍ 1-0 ന് ബോണ്‍മൗത്തിനെ തോല്‍പിച്ചു. ഇതോടെ ലെസ്റ്ററിന് രണ്ട് പോയന്റ് മുന്നിലെത്തി. 
തീര്‍ത്തും അപ്രതീക്ഷിതമായി, കായികചരിത്രത്തിലെ തന്നെ മഹാദ്ഭുതങ്ങളിലൊന്നായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി ഏഴു വര്‍ഷം പിന്നിടും മുമ്പാണ് ലെസ്റ്റര്‍ തരംതാഴ്ത്തലിന്റെ നാണക്കേട് അനുഭവിക്കുന്നത്. അവസാന കളിയില്‍ വെസ്റ്റ്ഹാമിനെ തോല്‍പിച്ചെങ്കിലും അവര്‍ക്ക് രക്ഷപ്പെടാനായില്ല. ടോട്ടനത്തോടെ 1-4 ന് തോറ്റ ലീഡ്‌സും തരംതാഴ്ത്തപ്പെട്ടു. 1954 മുതല്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന എവര്‍ടന്‍ ഇത് മൂന്നാം തവണയാണ് അവസാന ദിനം രക്ഷപ്പെടുന്നത്. 1994, 1998 വര്‍ഷങ്ങളിലും തരംതാഴ്ത്തലിന്റെ വക്കിലെത്തിയിരുന്നു അവര്‍. 
ഫുള്‍ഹമിനെ 2-1 ന് തോല്‍പിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്നാം സ്ഥാനം ഉറപ്പാക്കി. കിരീടം കൈവിട്ട ആഴ്‌സനല്‍ 5-0 ന് വുള്‍വര്‍ഹാംപ്റ്റനെ തകര്‍ത്ത് സീസണ്‍ അവസാനിപ്പിച്ചു. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 0-1 ന് ബ്രന്റ്ഫഡിനോട് തോറ്റു. ചെല്‍സിയും ന്യൂകാസിലും രണ്ടു ഗോള്‍ പങ്കിട്ടു. 
ഏറ്റവും നാടകീയമായ കളി സൗതാംപ്റ്റന്‍-ലിവര്‍പൂള്‍ 4-4 സമനിലയായിരുന്നു. 14 മിനിറ്റാവുമ്പോഴേക്കും ലിവര്‍പൂള്‍ രണ്ടു ഗോളിന് മുന്നിലെത്തി. എന്നാല്‍ സൗതാംപ്റ്റന്‍ നാലു ഗോള്‍ തിരിച്ചടിച്ചു. 72, 73 മിനിറ്റുകളിലായി കോഡി ഗാക്‌പോയും ഡിയോഗൊ ജോടോയുമാണ് ലിവര്‍പൂളിന് സമനില നേടിക്കൊടുത്തത്.

Latest News