Sorry, you need to enable JavaScript to visit this website.

മഴ കനിഞ്ഞില്ല, ഐ.പി.എല്‍  ഫൈനല്‍ തിങ്കളാഴ്ച

അഹമ്മദാബാദ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐ.പി.എല്‍ ഫൈനല്‍ ഞായറാഴ്ച മഴ കാരണം നടത്താനായില്ല. അഞ്ചോവര്‍ വീതമെങ്കിലും കളിക്കാന്‍ രാത്രി 11 വരെ കാത്തിരുന്നുവെങ്കിലും മഴ നിലച്ചില്ല. പലതവണ മഴ കുറയുകയും കളി തുടങ്ങാന്‍ ഒരുക്കം ആരംഭിക്കുകയും ചെയ്തതാണ്. എന്നാല്‍ ഓരോ തവണയും മഴ തിരിച്ചെത്തി. തിങ്കളാഴ്ച മഴ വിട്ടുനിന്നാല്‍ ഇരുപതോവര്‍ മത്സരമായി കളിക്കു.ം 
ഏറ്റവും ചുരുങ്ങിയത് അഞ്ചോവര്‍ വീതമെങ്കിലും കളിക്കാനായാലേ ഫലമുണ്ടാവുകയുള്ളൂ. അതിനായി പരമാവധി കളി തുടങ്ങാന്‍ രാത്രി 11.56  വരെ കാത്തിരിക്കാമായിരുന്നു. എന്നാല്‍ ഗ്രൗണ്ടൊരുക്കാന്‍ ഒരു മണിക്കൂര്‍ വേണമെന്നതിനാല്‍ 11 മണിയോടെ കളി ഉപേക്ഷിക്കാന്‍ മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് തീരുമാനമെടുത്തു. 9.40 നകം തുടങ്ങാനായാലേ ഇരുപതോവറും കളിക്കാമായിരുന്നുള്ളൂ. ആ സമയം മഴ തുടരുകയായിരുന്നു. നാളെയും കളിക്കാനായില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കും.  
ഫൈനല്‍ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പാണ് ചെറുതായി മഴ ചാറാന്‍ തുടങ്ങിയത്. ക്രമേണ അത് ശക്തമായി. 
69 കളികള്‍ക്കു ശേഷം കറങ്ങിത്തിരിച്ച് അതേ ടീമുകളുടെ ഫൈനലോടെ അഹമ്മദാബാദില്‍ തന്നെ തിരിച്ചെത്തി. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജയിച്ചപ്പോള്‍ ഇതേ ടീമുകള്‍ തമ്മിലുള്ള ആദ്യ ക്വാളിഫയറില്‍ ചെന്നൈക്കായിരുന്നു ജയം. ശുഭ്മന്‍ ഗില്ലിന്റെ ഫോമും  ഗാലറിയുടെ പിന്തുണയും പരിഗണിക്കുമ്പോള്‍ ആതിഥേയ ടീമായ ഗുജറാത്തിനാണ് ഫൈനലില്‍ നേരിയ മുന്‍തൂക്കം. രണ്ടാം സീസണില്‍ രണ്ടാം കിരീടത്തിനാണ് ഹാര്‍ദിക് പാണ്ഡ്യയും കൂട്ടരും കച്ച കെട്ടുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ പരിചയസമ്പത്തും തന്ത്രങ്ങളുമാണ് അവര്‍ക്ക് മറികടക്കാനുള്ളത്. പക്ഷെ അഹമ്മദാബാദില്‍ കളിച്ച മൂന്ന് കളികളും ചെന്നൈ തോല്‍ക്കുകയായിരുന്നു.
പത്താം ഫൈനല്‍ കളിക്കുന്ന ചെന്നൈ അഞ്ചാം കിരീടത്തോടെ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്താനാണ് ശ്രമിക്കുക. 2010 ലും 2011 ലും 2018 ലും 2021 ലുമാണ് ചെന്നൈ മുമ്പ് ചാമ്പ്യന്മാരായത്. ഒരു പ്രൊഫഷനല്‍ കളിക്കാരനെന്ന നിലയില്‍ ധോണിയുടെ അവസാന മത്സരമായേക്കും ഇതെന്ന പ്രത്യേകതയും ഈ ഫൈനലിനുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനലിന് അരങ്ങൊരുങ്ങുന്നത്. 
കഴിഞ്ഞ നാല് ഇന്നിംഗ്‌സില്‍ മൂന്നു സെഞ്ചുറിയടിച്ച ഗില്ലിന്റെ ത്രസിപ്പിക്കുന്ന ഫോമാണ് ഗുജറാത്തിന്റെ അഹങ്കാരം. കിടയറ്റ ബാറ്റിംഗും ഒന്നാന്തരം സ്പിന്‍, പെയ്‌സ് ബൗളിംഗുമുണ്ട് ഗുജറാത്തിന്. ഒരു ലക്ഷത്തിലേറെ പേര്‍ വീക്ഷിച്ച കഴിഞ്ഞ ഫൈനലില്‍ കിരീടമുയര്‍ത്തിയ ഹാര്‍ദിക്കിന് അതാവര്‍ത്തിക്കാനുള്ള എല്ലാ ചേരുവകളുമുണ്ട്. 
ബാറ്റിംഗില്‍ ഗില്ലിനു പുറമെ ഹാര്‍ദിക്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ, വിജയ്ശങ്കര്‍ എന്നിവരുടെ മസിലുണ്ട് ഗുജറാത്തിന്. പെയ്‌സ്ബൗളിംഗിന് മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും സ്പിന്‍ ബൗളിംഗിന് റാഷിദ് ഖാനും നൂര്‍ അഹമ്മദും നേതൃത്വം നല്‍കുന്നു. വിക്കറ്റിന് പിന്നിലും മുന്നിലും വൃദ്ധിമാന്‍ സാഹയുടെ സുരക്ഷിത കരങ്ങളുണ്ട്. ഷമിക്ക് 28 വിക്കറ്റായി, റാഷിദിന് ഇരുപത്തേഴും. മോഹിത് 24 വിക്കറ്റുമായി മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു. ഇവരിലൊരാള്‍ പര്‍പ്പ്ള്‍ ക്യാപ് സ്വന്തമാക്കും. ഓറഞ്ച് ക്യാപ് ഗില്ലും നേടിയേക്കും. 
ഗ്രൂപ്പ് ഘട്ടത്തിലും ഗുജറാത്തായിരുന്നു ഒന്നാം സ്ഥാനത്ത്, പിന്നില്‍ ചെന്നൈയും. നാല്‍പത്തൊന്നുകാരനായ ധോണിയുടെ ക്യാപ്റ്റന്‍സിയാണ് ചെന്നൈയുടെ കരുത്ത്. ഋതുരാജ് ഗെയ്കവാദ്-ഡെവോണ്‍ കോണ്‍വെ ഓപണിംഗ് ജോഡിയാണ് അവരുടെ എഞ്ചിന്‍. അജിന്‍ക്യ രഹാനെയും മുഈന്‍അലിയും മധ്യനിരക്ക് കരുത്തു പകരുന്നു. മഹീഷ് തീക്ഷണയും  മതീഷ പതിരണയും രവീന്ദ്ര ജദേജയും ദീപക് ചാഹറും തുഷാര്‍ ദേശ്പാണ്ഡെയും  ബൗളിംഗിന് ചുക്കാന്‍ പിടിക്കും. 
ധോണിയുടെ പതിനൊന്നാം ഫൈനലാണ് ഇത്, ഹാര്‍ദിക്കിന്റെ ആറാമത്തേതും. ഹാര്‍ദിക് ഒരിക്കലും ഫൈനലില്‍ തോറ്റിട്ടില്ല. 
അഹമ്മദാബാദിലെ പിച്ച് റണ്‍സൊഴുക്കുന്നതാണ്. ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ 193 റണ്‍സാണ്. എട്ട് കളികളില്‍ അഞ്ചിലും ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചു. 

Latest News