Sorry, you need to enable JavaScript to visit this website.

വെളിച്ചത്തിന്റെ കാവൽക്കാരൻ

ഓരോ മനുഷ്യനും ഓരോ പാഠപുസ്തകമാണ്. നിറയെ മനുഷ്യരുള്ള ലോകത്തു നിന്ന് നന്മയുള്ള ആളുകളെ കേൾക്കാൻ കഴിയുന്നതും ഒരു പുണ്യമാണ്. ചിലരെ അറിയുമ്പോൾ, മനസ്സിലാക്കുമ്പോൾ എന്തേ കേൾക്കാൻ ഇത്ര വൈകിയെന്നു തോന്നും. അത്തരമൊരു തോന്നലാണ് അടുത്തുണ്ടായിരുന്നിട്ടും കേൾക്കാൻ വൈകിപ്പോയ ഈ പ്രിയസുഹൃത്ത് സമ്മാനിച്ചത്.
ജോലിത്തിരക്കിനിടയിലെ ചെറിയ ഇടവേളയിലെ സൗഹൃദസംഭാഷണത്തിലാണ് ഹൃദയം മുറിഞ്ഞു പോയ ആ അനുഭവം ആദ്യം കേൾക്കുന്നത്. ഒത്തിരി ദിവസങ്ങൾ അതെന്റെ ഉറക്കം കെടുത്തി. ഓരോ മയക്കത്തിലും ആ അമ്മയും മകനും എന്നെ തൊട്ടുണർത്തി. 
ഇരുട്ടിലേക്കൊരാൾ ടോർച്ചുകൾ തെളിയിക്കുന്നു, ഐ. സി. യുവിലെ തണുപ്പിൽ ഒരമ്മ മരണത്തെ മുഖാമുഖം കാണുന്നു. ആശുപത്രി വരാന്തയിൽ അമ്മയുടെ പ്രാണനു വേണ്ടി ഒരു മകൻ പ്രാർഥനാനിരതനാവുന്നു, നെഞ്ചുപൊട്ടിക്കരയുന്നു.


എന്റെയുള്ളിൽ വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞു. അക്ഷരങ്ങൾ പിണങ്ങിയിരിക്കുന്ന കാലം. എങ്കിലും ഉള്ളിലെ പുകച്ചിലുകളെ പുറത്തു കളയണമെങ്കിൽ എന്തെങ്കിലും കുത്തിക്കുറിച്ചേ തീരൂ.
പ്രവാസം തന്നെ അനുഭവങ്ങളുടെ നിഗൂഢ ഖനിയാണല്ലോ. കുഴിച്ചെടുക്കുന്തോറും പരാധീനതകളും ഒറ്റപ്പെടലുകളും വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നിടം.  
പ്രവാസിയുടെ പെട്ടിയും പെട്ടി കെട്ടലും അന്നും ഇന്നും വല്ലാത്ത അനുഭവമാണ്. കിട്ടുന്നതിലേറെ പണം കൊണ്ടാണവർ സ്നേഹം മണക്കുന്ന ഒരുപാട് സാധനങ്ങൾ കുത്തിനിറച്ച് പൊതിഞ്ഞു കെട്ടുക. പ്രിയപ്പെട്ടവരുടെ മുഖത്ത് മിന്നിമായുന്ന സന്തോഷം മാത്രമാണ് ഓരോ പ്രവാസിയും പകരം കാത്തിരിക്കുന്നത്. ഗൾഫ് മണക്കുന്ന അത്തറും ചോക്ലേറ്റും തുടങ്ങി എവിലയുള്ള മൊബൈലുകളും ഒപ്പം എടുത്താൽ പൊങ്ങാത്ത സാധനങ്ങളും കൊണ്ട് വരെ പെട്ടി നിറയ്ക്കുന്ന പ്രവാസികൾ പ്രയാസങ്ങളെയും ഒറ്റപ്പെടലുകളെയും വേദനകളെയുമെല്ലാം സ്വയം നെഞ്ചേറ്റിയവരാണ്. 
എന്നാൽ, തന്റെ ഇല്ലായ്മകൾക്കും വല്ലായ്മകൾക്കുമിടയിലും ഓരോ വട്ടം നാട്ടിൽ പോകുമ്പോഴും പെട്ടിയിൽ ടോർച്ചുകൾ വാങ്ങി നിറക്കുയ്ന്ന ഒരു മനുഷ്യൻ..! എന്റെ കേട്ടു കേൾവിയിൽ അങ്ങനെയൊന്ന് ആദ്യമാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോലും പലപ്പോഴും കളിയായും കാര്യമായും ഇതു പറഞ്ഞു കളിയാക്കുമായിരുന്നുവത്രേ..
എത്ര കാശിന് ടോർച്ച് വാങ്ങുമെന്ന് ചോദിച്ചാൽ, എനിക്ക് പറ്റാവുന്നതിന്റെ മാക്സിമം എന്ന് മറുപടി. വല്ലാത്ത ആശ്ചര്യം! ഒരു പുതിയ അറിവ്. കേട്ടപ്പോൾ ചെറുതായി ചിരിച്ചെങ്കിലും ഒരു സംശയം എന്റെയുള്ളിൽ ബാക്കിയായി. എന്തായിരിക്കും അതിന് പിന്നിലെ ചേതോവികാരം? എന്റെ സംശയം മനസ്സിലായിട്ടാണോ എന്നറിയില്ല, അയാൾ പറഞ്ഞു തുടങ്ങി.
- ഏകദേശം പത്തുവർഷങ്ങൾക്കു മുമ്പാണ് ആ സംഭവം. പ്രവാസം തുടങ്ങുന്നതിന് മുമ്പ്, നാട്ടിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന കാലം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന്റെ പെടാപ്പാട് അറിയുന്നത് കൊണ്ടാവണം അമ്മയും തനിക്ക് പറ്റാവുന്ന രീതിയിൽ അയൽവീടുകളിലെല്ലാം ജോലിക്ക് പോയി കുടുംബത്തെ കര കയറ്റുന്നതിൽ ഒരു പങ്കേറ്റു. കുടുംബം പോറ്റാനുള്ള കഷ്ടപ്പാടുകൾ രണ്ടും കയ്യും നീട്ടി സ്വീകരിച്ച ആ അമ്മ കുടുംബത്തിന്റെ നിലവിളക്കായിരുന്നു. 
ഒരു ദിവസം അമ്മ ജോലി കഴിഞ്ഞു വരാൻ അൽപം വൈകി. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. കൊയ്ത്തും മെതിയും കഴിഞ്ഞ പാടം കടന്നാലേ വീടെത്തൂ. നേരം വൈകിയത് കൊണ്ട് വെപ്രാളത്തിലുള്ള നടത്തമായിരുന്നു. പണിയെടുക്കുന്ന വീട്ടിൽ നിന്ന് കിട്ടിയ ഭക്ഷണവും പഴങ്ങളുമെല്ലാം മക്കൾക്ക് വേണ്ടി ചേർത്തുപിടിച്ചു വീട്ടിലെത്താനായി വേഗത്തിൽ നടന്നു. പെട്ടെന്നാണ് കാലിൽ എന്തോ തടഞ്ഞത്. അതൊരു മൂർഖൻ പാമ്പാണെന്ന് അമ്മയപ്പോൾ അറിഞ്ഞില്ല. 
തന്നെയെന്തോ കടിച്ചിട്ടുണ്ടെന്ന ഒരു വേവലാതി മനസ്സിലേക്ക് കയറിയപ്പോൾ വീടെത്താനായി ഓടി. അവിടെ എത്തുമ്പോഴേക്കും അമ്മ തളർന്നുവീണിരുന്നു. എല്ലാവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വിഷം ദേഹമാകെ പടർന്ന് ജീവൻ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലായിരുന്നു.

 'ജോലിക്ക് പോയിരുന്ന എന്നെ ചെറിയച്ഛന്റെ മകനാണ്, അമ്മ ഹോസ്പിറ്റലിൽ ആണെന്ന വിവരം അറിയിക്കുന്നത്. ഓടിപ്പിടിച്ച് ഹോസ്പിറ്റലിൽ എത്തിയപ്പോൾ പച്ച വസ്ത്രം അണിഞ്ഞ് അനക്കമില്ലാതെ ഐ. സി. യുവിൽ കിടക്കുന്നു അമ്മ. എന്തു ചെയ്യണമെന്നറിയാതെ ആശുപത്രി വരാന്തയിലെ ബെഞ്ചിലിരുന്ന് ഹൃദയം പൊട്ടിക്കരഞ്ഞു. പിറ്റേദിവസം കാണുമ്പോൾ വെള്ളയിൽ പൊതിഞ്ഞ അമ്മ, ജീവിതത്തിന്റെ നെട്ടോട്ടമെല്ലാം പൂർത്തിയാക്കി ശാന്തമായുറങ്ങുന്നു. അവസാനമായി ഒരു വാക്ക് പോലും പറയാൻ നിൽക്കാതെ അമ്മ ദൈവസന്നിധിയിലേക്ക് യാത്രയായി. എങ്ങനെയാണ് ആ ദിവസങ്ങളെക്കുറിച്ച് പറയേണ്ടതെന്ന് അറിയില്ല. ഒരു കൈയിൽ അച്ഛനെയും മറ്റേ കൈയിൽ തളർന്നുവീണ പെങ്ങളെയും താങ്ങിപ്പിടിച്ചു ഞാൻ.'' അദ്ദേഹം പറഞ്ഞു നിർത്തി. 
ഞാൻ വാക്കുകൾക്കായി പരതി. എന്താണ് പറയേണ്ടത്. ഏത് വാക്കുകൾ കൊണ്ടാണ് ആശ്വസിപ്പിക്കേണ്ടത്. മുന്നിലിരിക്കുന്നത് ചെറുപ്രായത്തിലെ അമ്മ നഷ്ടപ്പെട്ട മകനാണ്. അമ്മ, സ്നേഹം എന്ന ഒറ്റവാക്ക്! പകരം വെക്കാൻ മറ്റെന്താണുള്ളത്. 
  കഥകൾ പിന്നെയും ബാക്കി. ഇടറിയ വാക്കുകളോടെ സുഹൃത്ത് തുടർന്നു. 'അന്ന് എന്റെ അമ്മയുടെ കയ്യിൽ ഒരു ടോർച്ച് ഉണ്ടായിരുന്നെങ്കിൽ...'
  റബ്ബേ... ബാക്കി കേൾക്കാൻ എനിക്ക് ശക്തി പോരാ. എന്റെ മനസ് പിടഞ്ഞു. ഒരു മകന്റെയാണല്ലോ വാക്കുകൾ. 
'അതിനു ശേഷം ഞാൻ എപ്പോൾ നാട്ടിൽ പോവുമ്പോഴും ടോർച്ചുകൾ കുറെ വാങ്ങും. നാട്ടുകാർക്കും കുടുംബക്കാർക്കും കൊടുക്കും. എന്റെ അറിവിൽ ഇനി ഒരാൾ പോലും ഇതുപോലെ ഇരുട്ടിൽ പതിയിരിക്കുന്ന അപകടം കാണാതെ പോകരുത്.'
ഇതെന്തൊരു മനുഷ്യനാണ് എന്റെ മുന്നിലിരിക്കുന്നത്. എന്താണ് മറുപടി പറയേണ്ടത്. എന്ത് പറഞ്ഞാലാണ് ആ വേദനക്ക് പകരമാവുക.
ടോർച്ചുകൾ തെളിച്ചു ഇരുട്ട് മണക്കുന്നിടത്തെല്ലാം വെട്ടം പരത്തുന്ന ഈ മനുഷ്യൻ വെളിച്ചത്തിന്റെ കാവൽക്കാരൻ അല്ലാതെ മറ്റാരാണ്!
സൗമ്യനായി പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന ഈ മനുഷ്യൻ ഉള്ളിൽ പേറിക്കൊണ്ടിരിക്കുന്ന വേദന ഇപ്പോൾ ഞാനുമറിയുന്നു. കാലിൽ പാമ്പ് കടിച്ച മുറിവുമായി അമ്മ ഓടിത്തളർന്ന വയൽവരമ്പുകളും, ഐ. സി. യുവിൽ മരണത്തെ മുഖാമുഖം കണ്ട അമ്മയും, മുറിവേറ്റ ഹൃദയവുമായി മകനിരുന്ന ആശുപത്രി വരാന്തയുമെല്ലാം എനിക്കുമിപ്പോൾ പരിചിതമാണ്. ആ വേദന എന്നെയും അസ്വസ്ഥമാക്കിയത് കുറച്ചൊന്നുമല്ലല്ലോ.

Latest News