Sorry, you need to enable JavaScript to visit this website.

ചരിത്രം ഇതൾ വിടർത്തിയ ഇതിഹാസം

പ്രവാസ ഭൂമികയെ സ്‌തോഭജനകമാക്കി ദമാം നാടക വേദിയുടെ ആറാമത് നാടകം 'ഇതിഹാസം  എ ജേണി ടു വില്യം ഷേക്‌സ്പിയർ' അരങ്ങു തകർത്തു. വിശ്വവിഖ്യാത സാഹിത്യകാരൻ വില്യം ഷേക്‌സ്പിയറിന്റെ ജീവിത കഥയെ ആസ്പദമാക്കി പ്രമുഖ എഴുത്തുകാരനും നാടക സംവിധായകനുമായ ബിജു പി. നീലീശ്വരം ചിട്ടപ്പെടുത്തിയ ഈ നാടകം അക്ഷരാർത്ഥത്തിൽ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി നാടക പ്രേമികളെ ആശ്ചര്യത്തിന്റെ ഗിരിശൃംഗമേറ്റി. 


   തന്റെ നാടക ജീവിതത്തിലെ ഏറെ ശ്രമകരമായ യാത്രയായിരുന്നു ഇതിഹാസം എന്ന നാടകം അരങ്ങിലെത്തിക്കാൻ സംവിധായകൻ ബിജു പി. നീലീശ്വരം എന്ന സംവിധായകന് വേണ്ടി വന്നത്. ലോക സാംസ്‌കാരിക വേദിയിൽ നാടക രംഗത്ത് ഇതിഹാസമായ വില്യം ഷേക്‌സ്പിയറിന്റെ ജീവിതത്തെ അരങ്ങിലെത്തിക്കുക എന്ന ദൗത്യം വെല്ലുവിളികളോടെ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാടക വേദിയിൽ ഈ 
മഹാമനീഷിയുടെ ജീവിതം ഇത്ര തന്മയത്വത്തോടെ നാടക രൂപത്തിൽ പരീക്ഷണ വിധേയമാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വളരെ സാഹസികവും നിഗൂഢവുമായ ഒരു ഘട്ടത്തിൽ തീർത്തും അപ്രത്യക്ഷമായ ഷേക്‌സ്പിയറിന്റെ ജീവിതത്തിൽ രേഖപ്പെടുത്താത്ത അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട കാലഘട്ടത്തെ പൂർത്തീകരിക്കാൻ അദ്ദേഹത്തെ കുറിച്ചുള്ള പഠനങ്ങളും സാഹിത്യ ശകലങ്ങളും ഗവേഷണങ്ങളും പഠനവിധേയമാക്കുകയായിരുന്നു ബിജു പി. നീലീശ്വരം. ഒടുവിൽ നാടകം തന്നെയാണ് ജീവിതം എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേക്‌സ്പിയറും നാടകീയത നിറഞ്ഞ ഷേക്്‌സ്പിരിയൻ കഥാപാത്രങ്ങളും നാടക സമാനമായ ആ നാളുകളുടെ തനിയാവർത്തനവും അരങ്ങിൽ ആവിഷ്‌ക്കരിച്ചു മറ്റൊരു ഇതിഹാസം തീർക്കുകയായിരുന്നു ദമാം നാടക വേദിയിലൂടെ - ഇതിഹാസം അഥവാ എ ജേണി ടു വില്ല്യം ഷേക്‌സ്പിയർ. 
ലണ്ടൻ സ്റ്റാന്റ്്്‌ഫോർഡിൽ മേയറായിരുന്ന ജോൺ ഷേക്‌സ്പിയറിന്റെയും മേരി ആഡൻറെയും മകനായി ഒരു കുബേര കുടുംബത്തിൽ ജനിച്ച വില്ല്യം തന്നെക്കാൾ പ്രായമേറിയ ആൻ ഹാത്ത്‌ലയെ വിവാഹം കഴിക്കുകയും മൂന്നു കുട്ടികളുടെ പിതാവാകുകയും ചെയ്തു. വില്ല്യമിന്റെ അച്ഛൻ ജോണിൻറെ പഴയ പ്രതാപ കാലം നഷ്ടമാവുകയും തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പു കുത്തിയ ഷേക്‌സ്പിയർ കുടുംബം അടുത്തുള്ള ഫാമിൽ നിന്നും ആറു മാൻ പേടകളെ കവർച്ച ചെയ്തതോടെയാണ് ജീവിതത്തിൽ താളപ്പിഴവുകൾ സംഭവിച്ചു തുടങ്ങിയത്. കുറ്റ സമ്മതം നടത്തിയിട്ടും ക്ഷമാപണം ഈ വലിയ തെറ്റിന് പരിഹാരമല്ലെന്നും ക്രൂരമായ കുറ്റപ്പെടുത്തലുകൾക്കും പരിഹാസത്തിനുമൊടുവിൽ  സ്വന്തം കുടുംബത്തിൻറെ മാനം കാക്കാൻ വിദൂരതയിലേക്ക് ഒളിച്ചോടുകയും ചെയ്ത വില്ല്യമിനെ ദീർഘ നാളുകൾക്ക് ശേഷം ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കുന്ന ചരിത്രത്തിന്റെ തിരു ശേഷിപ്പ് സംവിധായകൻ വരച്ചു കാട്ടി. 


മൂന്ന് മണിക്കൂർ പ്രേക്ഷകരെ നിശബ്ദതയുടെ ചങ്ങലകൾ കൊണ്ട് വരിഞ്ഞു മുറുക്കി ദീർഘ നിശ്വാസവും ആവേശവും ഇടകലർത്തി  തിങ്ങി നിറഞ്ഞ സദസ്സിനെ മുൾമുനയിൽ നിർത്തുവാനും പ്രണയാർദ്രമായ രംഗങ്ങളെ ആനന്ദാശ്രുകണങ്ങൾ പൊഴിച്ച് ആർദ്രമായ മനസ്സുകളിലേക്ക് ആവാഹിപ്പിക്കുവാനും കഴിഞ്ഞതിലൂടെ അഭിനേതാക്കളുടെ മികവാർന്ന നടന ചാരുത അതി ഗംഭീരമായിരുന്നു. വില്ല്യം ഷേക്‌സ്പിയറുടെ അമ്മയുടെ ദീർഘ വീക്ഷണവും പ്രാർഥനയും പുലരുന്നത് അദ്ദേഹത്തിന്റെ ഒളിച്ചോട്ടത്തിനൊടുവിൽ ആയിരുന്നു. തൻറെ മകൻ പകൽ സൂര്യനെ പോലെ കത്തി ജ്വലിച്ചും രാത്രി ചന്ദ്രനെ പോലെ നിലാവ് പരത്തി പ്രകാശപൂരിതമായി വിശ്വവിഖ്യാതനായി മാറുമെന്നുമുള്ള ആ അമ്മയുടെ ഉള്ളുരുക്കം പൂർണ്ണമായത് ലണ്ടൻ നാടക വേദിക്ക് പുറമേ ഗ്ലോബ് തിയേറ്റർ സ്ഥാപിതമായതും അതിലൂടെ വിശ്വ വിഖ്യാതമായ ഒഥല്ലോ എന്ന നാടകത്തിന്റെ അവതരണത്തിലൂടെയുമായിരുന്നു. ബാല്യകാല സുഹൃത്തായ ഒഥല്ലോ എന്നാ കാപ്പിരിയുടെയും അവന്റെ പ്രണയിനി ഡസ്റ്റിമോണയുടെയും കഥ പറയുന്ന ഈ നാടകം അരങ്ങിലെത്തിച്ചതിലൂടെ അന്ന് നിലവിലുണ്ടായിരുന്ന വ്യവസ്ഥിതികളുടെ മാറ്റ തിരുത്തലുകൾക്ക് കൂടി വേദിയായി. അഭിനയ രംഗത്ത് പുരുഷ കഥാപാത്രങ്ങൾക്ക് മാത്രമേ ഇടം നൽകിയിരുന്നുള്ളൂ. ഒഥല്ലോയുടെ കാമുകിയായ ഡസ്റ്റിമോണ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് റുക്ക്‌സാന എന്ന സ്ത്രീ തന്നെയായിരുന്നു. ഈ നാടകം നേരിൽ കാണാൻ വന്ന എലിസബത്ത് രാജ്ഞി വില്ല്യം ഷേക്‌സ്പിയറെ വാനോളം പുകഴ്ത്തുകയും സ്ത്രീ കഥാ പാത്രങ്ങളുടെ വേഷം മേലിൽ സ്ത്രീകൾ തന്നെ അഭിനയിക്കാൻ അനുമതി നൽകുക കൂടി ചെയ്തതോടെ വിപ്ലവം സൃഷ്ടിക്കുക കൂടിയായിരുന്നു. വില്ല്യമിന്റെ അമ്മയുടെ സ്വപ്‌നമായ ഒൻപതു നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്ന കിരീടം വില്ല്യമിന്റെ തലയിൽ ഞാൻ കാണുന്നുവെന്ന രാജ്ഞിയുടെ പ്രഖ്യാപനം കൂടി വന്നതോടെ സദസ്സിൽ നിന്നും കയ്യടിയും ആവേശാരവവും ഉയർന്നു വന്നു. 
വില്യം ഷേക്‌സ്പിയർ ആയി വേഷമിട്ട ജോബി ടി. ജോർജ് നാടകത്തിലുടനീളം തിളങ്ങി നിന്നു. വില്യമിന്റെ അമ്മയുടെ വേഷത്തിൽ ജോബിയുടെ ഭാര്യയായ ജിഷയും വില്ല്യമിന്റെ ഭാര്യ ആൻ ഹാതലയുടെ വേഷമിട്ടത് ഡോ. നവ്യ വിനോദും പിതാവായി വേഷമിട്ട ഷിബിൻ ആറ്റുവയും തീഷ്ണമായ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയി. ഡസ്റ്റിമോണയുടെയും റുക്‌സാനയുടെയും വേഷമിട്ട അഡ്വ. ആർ. ഷഹനയുടെ അഭിനയ പാടവം ഉജ്ജ്വലമായിരുന്നു. ലിബി ജെയിംസ്, ഷാജി മതിലകം, മാത്തുകുട്ടി പള്ളിപ്പാട്, അന്ഷാദ് തകിടിയേൽ, മുനീർ മുഴുപ്പിലങ്ങാട്, ലാൽജി വർഗീസ്, അനീഷ്, ഫാത്തിമ അഫ്‌സൽ, സോണിയ, ഷിജു ഖാൻ, ഹുസൈൻ, മധു കൊല്ലം, റെമി ഫിലിപ്പോസ്, എന്നിവരുടെ അഭിനയ മികവും കെട്ടു കാഴ്ചകൾക്ക് ഇടമില്ലാത്ത വിധം ധന്യമാക്കുകയായിരുന്നു.

Latest News