Sorry, you need to enable JavaScript to visit this website.

അഭിമാനം അൻഷി

ഇരുവശങ്ങളിലും വെളിച്ചമായി ഉമ്മയും ഉപ്പയും. പ്രകാശം നിറഞ്ഞൊരു വഴി മുന്നിലൊരുങ്ങാൻ ഫാത്തിമ അൻഷിക്ക് മറ്റൊന്നും ആവശ്യമില്ലായിരുന്നു. ആ വെളിച്ചം വിതറിയ വഴികളിലൂടെ, ഒരിടത്തും ഇടറി വീഴാതെ ഫാത്തിമ അൻഷി എന്ന കൊച്ചുമിടുക്കി തന്റെ ലക്ഷ്യങ്ങളെല്ലാം ഓരോന്നോരാന്നായി കീഴടക്കിക്കൊണ്ടിരിക്കുന്നു. മേലാറ്റൂർ എടപ്പറ്റ തൊടുകുഴി കുന്നുമ്മൽ അബ്ദുൽ ബാരി-ഷംല ദമ്പതികളുടെ മകളായ ഫാത്തിമ അൻഷി കഴിഞ്ഞ ദിവസം പുറത്തുവന്ന പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1,190 മാർക്ക് നേടി. ഒരു ശതമാനം മാർക്ക് നഷ്ടമാകാൻ കാരണം മാപ്പിൽ സ്ഥലം അടയാളപ്പെടുത്താൻ കഴിയാഞ്ഞതായിരുന്നു. മേലാറ്റൂർ ആർ.എം ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിയായ അൻഷി ആത്മവിശ്വാസത്തിന്റെ കെടാത്ത മാതൃകയാണ്. കാഴ്ചക്ക് പരിമിതിയുള്ള ഫാത്തിമ അൻഷിയുടെ സ്വപ്‌നങ്ങൾക്ക് അതിരുകളേയില്ല. തൊട്ടതെല്ലാം പൊന്നാക്കി അൻഷി ചുറ്റിലും പ്രകാശം പരത്തുന്നു. 
സൗദിയിൽ ഉംറ നിർവഹിക്കുന്നതിന് എത്തിയ ഫാത്തിമ അൻഷി കഴിഞ്ഞ ദിവസം മലയാളം ന്യൂസ് ഓഫീസിൽ സന്ദർശനം നടത്തിയിരുന്നു. ഉപ്പ അബ്ദുൽ ബാരിയും ഉമ്മ ഷംലക്കുമൊപ്പം മലയാളം ന്യൂസ് ഓഫീസിലെത്തിയ ഫാത്തിമ അൻഷി തന്റെ ജീവിതവും കടന്നുവന്ന വഴികളും വിവരിച്ചു. ഏതൊരാൾക്കും ആത്മവിശ്വാസത്തിന്റെ കരുത്തുപകരാൻ പാകത്തിൽ ഉറപ്പുള്ള വാക്കുകളായിരുന്നു അൻഷിയുടേത്. 

പരാതി പറയാൻ മന്ത്രിക്ക് മുന്നിൽ, പാട്ടുംപാടി മടങ്ങി

ഫാത്തിമ അൻഷി പരീക്ഷ എഴുതിയത് കംപ്യൂട്ടറിന്റെ സഹായത്തോടെ ആയിരുന്നു. പത്താം ക്ലാസ് മുതൽ ഇതായിരുന്നു രീതി. സംസ്ഥാനത്ത് ആദ്യമായാണ് കാഴ്ച്ചവെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടി സഹായികളില്ലാതെ കംപ്യൂട്ടർ ഉപയോഗിച്ച് പരീക്ഷ എഴുതിയിരുന്നത്. ഇതിന് ഫാത്തിമ അൻഷിക്ക് അനുമതി നൽകിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 
പത്താം ക്ലാസ് മോഡൽ പരീക്ഷ മുതൽ ഇതായിരുന്നു രീതി. പത്താം ക്ലാസിലെ ഉജ്വല വിജയത്തിന് ശേഷം പ്ലസ് വൺ പരീക്ഷയും ഫാത്തിമ എഴുതിയത് കംപ്യൂട്ടർ സഹായത്തോടെ ആയിരുന്നു. സംസ്ഥാനത്ത് മറ്റൊരാളുടെ സഹായമില്ലാതെ കംപ്യൂട്ടറിൽ പ്ലസ് വൺ പരീക്ഷ എഴുതുന്ന ആദ്യ കുട്ടിയായിരുന്നു അൻഷി. എന്നാൽ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സന്ദർഭമാണ് പ്ലസ് വൺ പരീക്ഷയിലെ ഫലം അൻഷിക്ക് നൽകിയത്. അർഹതപ്പെട്ട മാർക്ക് അധികൃതർ നൽകിയില്ല. ഇതിന് പറഞ്ഞ കാരണമായിരുന്നു വിചിത്രം. അൻഷിയുടെ ഇഷ്ടവിഷയമായിരുന്നു 


സോഷ്യോളജി, പൊളിറ്റിക്കൽ സയൻസും. എന്നാൽ പുനർ മൂല്യനിർണയം നടത്തിയപ്പോൾ സോഷ്യോളജിയിൽ 80 ൽ 79 മാർക്കും പൊളിറ്റിക്കൽ സയൻസിൽ 78 മാർക്കുമാണ് ലഭിച്ചത്. സ്‌കൂൾ അധികൃതർ ഉത്തരക്കടലാസുകളുടെ പകർപ്പ് എടുത്ത് പരിശോധിച്ചപ്പോൾ എല്ലാ ചോദ്യങ്ങൾക്കും നൽകിയ ഉത്തരം കൃത്യമാണെന്ന് കണ്ടെത്തി. എന്നാൽ മറ്റൊരാളുടെ സഹായമില്ലാതെ കാഴ്ചപരിമിതിയില്ലാത്ത കുട്ടിക്ക് ഇങ്ങിനെ ഉത്തരം എഴുതാനാകില്ല എന്ന വിവേകശൂന്യമായ മറുപടിയായിരുന്നു അധികൃതർ നൽകിയത്. ഒരിക്കലും മറക്കാനാകാത്ത അനുഭവം എന്നായിരുന്നു ഇതേപറ്റി അൻഷി പറഞ്ഞത്. പ്ലസ് വൺ പരീക്ഷയിലെ വിവേചനം പ്ലസ് ടുവിലും ആവർത്തിച്ചേക്കാമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു അൻഷി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ സന്ദർശിച്ചത്. എല്ലാം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. വിദ്യാഭ്യാസ മന്ത്രി ഇരിക്കുന്ന സ്റ്റേജിൽ മനോഹരമായ പാട്ടും ആലപിച്ചാണ് അൻഷി മടങ്ങിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്ലസ് ടു ഫലത്തിൽ അൻഷി 99 ശതമാനം മാർക്കോടെ വിജയിക്കുകയും ചെയ്തു. 
തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഭാഗമായിരുന്നു മാർക്ക് തരാതെ വിവേചനം കാണിച്ചതെന്ന് അൻഷി. കാഴ്ചയില്ലാത്തവരോട് കണ്ണുള്ളവരുടെ അനാസ്ഥ തന്റെ മനസിനെ വല്ലാത ഉലച്ചുവെന്നും അൻഷി. ഏതായാലും പ്ലസ് ടു ഫലം അൻഷിയുടെ കണ്ണീർ തോർത്തിക്കളഞ്ഞിരിക്കുന്നു.

മലയാളം മീഡിയത്തിൽനിന്ന് ഇംഗ്ലീഷിന്റെ മാസ്മരികതയിലേക്ക്

ഏറെ ഒഴുക്കോടെയും അതിലേറെ വഴക്കത്തോടെയുമാണ് ഫാത്തിമ അൻഷി ഇംഗ്ലീഷ് ഭാഷയെ കൈകാര്യം ചെയ്യാറുള്ളത്. സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ച അൻഷി ഇംഗ്ലീഷ് അനായാസമായി കൈകാര്യം ചെയ്യും. ചെറുപ്പം മുതൽ ഉപ്പയും ഉമ്മയും ഇംഗ്ലീഷ് വാർത്താ ചാനലുകളായിരുന്നു അൻഷിയെ കേൾപ്പിച്ചിരുന്നത്. 
ഇംഗ്ലീഷ് പാട്ടുകളും കേൾപ്പിക്കും. കേൾക്കുന്നതിലേറെയും ഇംഗ്ലീഷ് ആയതോടെ അൻഷിയിൽ ആ ഭാഷ കയറിപ്പറ്റുകയായിരുന്നു. ടെലിവിഷനിൽ ഇംഗ്ലീഷ് പാട്ടുകൾ വരുന്ന സമയത്ത് ആ ഗായകർക്കൊപ്പം അൻഷിയും പാടും. ഇപ്പോൾ ഇംഗ്ലീഷിന് പുറമെ, പേർഷ്യൻ, തുർക്കി, കൊറിയൻ ഭാഷകളും അൻഷി അഭ്യസിച്ചിട്ടുണ്ട്. ഒരേസമയം വിവിധ ഭാഷകൾ പഠിക്കുമ്പോൾ ആശയക്കുഴപ്പം വരില്ലേ എന്ന ചോദ്യത്തിന് എനിക്കിതൊരു ഹോബിയാണ് എന്നായിരുന്നു അൻഷിയുടെ മറുപടി. 
വിവിധ ഭാഷകളിലേക്കുള്ള അൻഷിയുടെ യാത്രയുടെ വേര് എത്തിനിൽക്കുന്നത് പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ എ സഈദിലാണ്. അൻഷിയുടെ ഉമ്മയുടെ ഉപ്പയാണ് എ. സഈദ്. അൻഷി അദ്ദേഹത്തെ വിളിച്ചിരുന്നത് ഉപ്പ എന്നായിരുന്നു. ലേഖനം എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും തിരക്കുകൾക്കിടയിൽ അൻഷിയെയും സഈദ് കൂടെക്കൂട്ടും. അവളുടെ മുഴുവൻ സംശയങ്ങൾക്കും മറുപടിയും നൽകും. 
വിവിധ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന സഈദിന്റെ അതേ കഴിവാണ് അൻഷിയിലൂടെ പുറത്തേക്കൊഴുകുന്നതും. വിവിധ സർക്കാറുകൾ അൻഷിയുടെ കഴിവുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 2022 ലെ ശ്രേഷ്ഠ ദിവ്യാംഗ് ബാലികാ പുരസ്‌കാര ജേതാവാണ് ഫാത്തിമ അൻഷി. ഇന്ത്യൻ പ്രസിഡന്റാണ് ഈ അവാർഡ് സമ്മാനിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉജ്വല ബാല്യ പുരസ്‌കാരവും ഫാത്തിമ അൻഷി കരസ്ഥമാക്കി. പന്ത്, അറ്റ് വൺസ് എന്നീ സിനിമകളിൽ പാട്ടുംപാടി.  2015 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ സ്പെഷൽ സ്‌കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നിവയിൽ ഒന്നാമതെത്തിയിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ് നേടിയിട്ടുമുണ്ട്. പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി ഫാത്തിമ അൻഷി. 

സ്വപ്‌നം ഐ.എഫ്.എസ്

ഫാത്തിമ അൻഷിയുടെ പ്ലസ് ടു ഫലം പുറത്തുവന്നതിന്റെ തലേദിവസമാണ് യു.പി.എസ്.സി പരീക്ഷയുടെ റിസൽട്ട് പ്രഖ്യാപിച്ചത്. ഈ ഫലവും നോക്കി അൻഷി ഏറെ നേരമിരുന്നു. അൻഷിയുടെയും സ്വപ്‌നം സിവിൽ സർവീസാണ്. ഐ.എഫ്.എസ് നേടി ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയാകുക എന്ന അതിമനോഹര സ്വപ്‌നത്തെയും താരാട്ടിയാണ് അൻഷി മുന്നോട്ടു നീങ്ങുന്നത്. 
ഇന്ത്യൻ സമൂഹത്തിന്റെ നേതൃനിരയിൽനിന്ന് മറ്റുരാജ്യങ്ങളിൽ സേവനം ചെയ്യുക എന്നതാണ് അൻഷിയുടെ ലക്ഷ്യം. ഇതേവരെ ഒരിടത്തും ഇടറി വീഴാത്ത അൻഷിക്ക് മുന്നിൽ സിവിൽ സർവീസിന്റെയും വാതിലുകൾ മലർക്കെ തുറക്കുക തന്നെ ചെയ്യും. 
 

Latest News