ബെര്‍ലിന്‍ - ജര്‍മന്‍ ലീഗ് ഫുട്‌ബോളില്‍ അവസാന ദിനം ആവേശം കൊടുമുടി കയറും. പതിറ്റാണ്ട് നീണ്ട ബയേണ്‍ മ്യൂണിക്കിന്റെ കുത്തക തകര്‍ത്ത് കിരീടം നേടുന്നതിന് തൊട്ടടുത്താണ് ബൊറൂസിയ ഡോര്‍ട്മുണ്ട്. അവസാന ദിവസം മയ്ന്‍സിനെ നേരിടുന്ന അവര്‍ക്ക് ഒമ്പതാം തവണ ജര്‍മന്‍ ലീഗ് ചാമ്പ്യന്മാരാവാന്‍ സമനില മതി. അവസാന റൗണ്ട് മാത്രം ശേഷിക്കെ ബയേണിന് അറുപത്തെട്ടും ബൊറൂസിയക്ക് എഴുപതും പോയന്റാണ്. ബൊറൂസിയക്ക് കാലിടറിയാല്‍, കൊളോണിനെ തോല്‍പിച്ച് ബയേണിന് തുടര്‍ച്ചയായ പതിനൊന്നാം തവണ ചാമ്പ്യന്മാരാവാം. യൂറോപ്യന്‍ ലീഗുകളിലെ സ്ഥാനങ്ങളും നിര്‍ണയിക്കാനിരിക്കെ സമീപകാലത്തെ ഏറ്റവും ആവേശകരമായ അവസാന റൗണ്ടിനാണ് ശനിയാഴ്ച തിരശ്ശീല ഉയരുക.
ആര്‍.ബി ലെയ്പ്‌സിഷ് (63), യൂനിയന്‍ ബെര്‍ലിന്‍, ഫ്രോയ്ബര്‍ഗ് (59) ടീമുകള്‍ അവശേഷിച്ച രണ്ട് ചാമ്പ്യന്‍സ് ലീഗ് സ്ഥാനത്തിനായി പൊരുതും.
2011-12 നു ശേഷം കിരീടമില്ലാത്ത ആദ്യ സീസണാണ് ബയേണിനെ തുറിച്ചുനോക്കുന്നത്. തോമസ് ടുഹേല്‍ ചുമതലയേറ്റ ശേഷം ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബയേണ്‍ പുറത്തായിരുന്നു. ബൊറൂസിയയുടെ പത്തൊമ്പതുകാരന്‍ ജൂഡ് ബെലിംഗാം പരിക്കില്‍നിന്ന് കരകയറാനുള്ള പോരാട്ടത്തിലാണ്. 2025 വരെ കരാറുണ്ടെങ്കിലും ഇംഗ്ലിഷ് മിഡ്ഫീല്‍ഡറെ റയല്‍ മഡ്രീഡും മാഞ്ചസ്റ്റര്‍ സിറ്റിയും നോട്ടമിട്ടിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷം കിരീടം നേടിയ തോമസ് മുള്ളര്‍ ബയേണിന്റെ പോരാട്ടത്തിന് ചുക്കാന്‍ പിടിക്കും.