മലപ്പുറം- റഷ്യൻ ലോകകപ്പ് ആരവങ്ങൾ ആവേശത്തിന്റെ പരകോടിയിലേക്ക് കുതിക്കുമ്പോൾ മലപ്പുറത്ത് മാത്രമല്ല, കേരളമൊട്ടുക്കും മറുനാട്ടിലും പ്രവാസലോകത്തുമെല്ലാം സ്ത്രീകളും കളിക്കമ്പക്കാരായി മാറിയതിന്റെ ദൃശ്യങ്ങൾ. ഫുട്‌ബോൾ മാമാങ്കം തുടങ്ങിയതോടെ ആണുങ്ങളെല്ലാം ഉറക്കമിളച്ച് കളികാണുന്നവരും പെണ്ണുങ്ങളെല്ലാം പുതച്ചുമൂടി കിടന്ന് ഉറങ്ങുന്നവരുമെന്നായിരുന്നല്ലോ പൊതുധാരണ. പക്ഷേ ആ ധാരണ തിരുത്തിക്കുറിച്ച് ടി.വിയിൽ കണ്ണുംനട്ടിരിക്കുന്നവരിൽ പകുതിയോളം സ്ത്രീകളാണെന്ന് കണക്കുകൾ.
99.3 ദശലക്ഷം പേർ (9.9 കോടി) ഇന്ത്യയിൽ ലൈവായി ടിവിയിൽ കളി കാണുന്നുണ്ടെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ രേഖകളിൽനിന്ന് വ്യക്തമാകുന്നു. ഇതിൽ പകുതിയും സ്ത്രീകളാണെന്ന് ലോകകപ്പിന്റെ അംഗീകൃത സംപ്രേഷണാവകാശമുള്ള സോണി പിക്‌ച്ചേഴ്‌സ് നെറ്റ്‌വർക്കിന്റെ ടി.വി ഓഡിയൻസ് മെഷർമെന്റ് ഡാറ്റയിൽ കണ്ടെത്തി.
മത്സരം വീക്ഷിക്കുന്ന വനിതകളിൽ കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് കൂടുതലുമെന്നാണ് കണക്കുകൾ. മൊത്തം കളി കാണുന്ന ഇന്ത്യക്കാരുടെ 29.3 ശതമാനം വരുമിത്. എക്കാലവും ഫുട്‌ബോൾ ഭ്രാന്തന്മാരുടെ സംസ്ഥാനങ്ങളായ കേരളവും ബംഗാളും കഴിഞ്ഞാൽ കളി കാണുന്ന പെണ്ണുങ്ങൾ ഏറെയുള്ളത് മഹാരാഷ്ട്രയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ്. ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക് എന്നിങ്ങനെ അഞ്ച് പ്രാദേശിക ഫീഡുകളിൽ കളി ലൈവായി സംപ്രേഷണം ചെയ്യുന്നത് ഇവരത്രയും ആവേശപൂർവം ആസ്വദിക്കുന്നു.
സോണിയുടെ വീഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിങ്ങ് സർവീസ് ആയ 'സോണി ലൈവി'ലൂടെയും ലോകകപ്പ് ഫുട്‌ബോൾ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. 99.3 ദശലക്ഷം പേർ ടി.വിയിലൂടെയും 18 ദശലക്ഷം പേർ സോണി ലൈവിലൂടെയും കളി കാണുന്നുണ്ടെന്നാണ് കണക്ക്. ടിവിയിൽനിന്നുള്ള കണക്ഷൻ ഉപയോഗിച്ച് വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതും മറ്റും കൂട്ടിയാൽ ഏകദേശം 12 കോടിയോളം പേർ ഇന്ത്യയിൽ പ്രതിദിനം കളി കാണുന്നുണ്ട്. ജർമനിയും മെക്‌സിക്കോയും തമ്മിൽ ജൂൺ 17 ന് നടന്ന മത്സരമാണ് ഏറ്റവും കൂടുതൽ പേർ കണ്ട പോരാട്ടം. 70 ലക്ഷം പേർ ടി.വിയിൽ കളി കണ്ടു.
പ്രാദേശിക ഭാഷകളിൽകൂടി കമന്ററി നൽകുന്നത്മൂലം കൂടുതൽ പേർ കളി ആസ്വദിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. മലയാളത്തിൽ ഇതാദ്യമായി നൽകിയ ലോകകപ്പ് ദൃക്‌സാക്ഷിവിവരണവും കമന്റേറ്ററായ ഷൈജു ദാമോദരനും ആഗോളതലത്തിൽ തന്നെ പ്രശസ്തി നേടിക്കഴിഞ്ഞു. കളി കാണുന്നതിൽ 46 ശതമാനം സ്ത്രീകളാണെങ്കിൽ 41 ശതമാനം പേർ ഗ്രാമീണ മേഖലയിൽനിന്നുള്ളവരാണ്. ലോകകപ്പ് ഫുട്‌ബോൾ ലൈവായി വീക്ഷിക്കുന്നവരുടെ എണ്ണം ഓരോ നാല് വർഷം കൂടുന്തോറും വർധിച്ചുവരുന്നതായും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു.