Sorry, you need to enable JavaScript to visit this website.

റോളാങ്ഗാരൊ ഉണരുന്നു, ഫ്രഞ്ച് ഓപണിന് ഞായറാഴ്ച തുടക്കം

പാരിസ് - ഈ വര്‍ഷത്തെ ഗ്രാന്റ്സ്ലാമായ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന് റോളാങ്ഗാരോയില്‍ ഞായറാഴ്ച തുടക്കം. റെക്കോര്‍ഡായ 14 തവണ ചാമ്പ്യനായ റഫായേല്‍ നദാല്‍ ഇല്ലാതെയാണ് 2005 നു ശേഷം ആദ്യമായി കളിമണ്‍ ഗ്രാന്റ്സ്ലാം ആരംഭിക്കുന്നത്. നദാലിന്റെ നാട്ടുകാരനായ നിലവിലെ ഒന്നാം നമ്പര്‍ കാര്‍ലോസ് അല്‍കാരസും 22 തവണ ഗ്രാന്റ്സ്ലാം നേടിയ നോവക് ജോകോവിച്ചും സെമി ഫൈനലില്‍ ഏറ്റുമുട്ടുന്ന വിധത്തിലാണ് മത്സരക്രമം. കഴിഞ്ഞ വര്‍ഷം വനിതാ ഫൈനല്‍ കളിച്ച ഈഗ ഷ്വിയോന്‍ടെക്കും കോക്കൊ ഗഫും  ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടില്ല. ഇരുവരും ക്വാര്‍ട്ടര്‍ഫൈനലില്‍ ഏറ്റുമുട്ടാനാണ് സാധ്യത. നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ എലേന റിബാകിനയും രണ്ടു തവണ ഗ്രാന്റ്സ്ലാം ഫൈനല്‍ തോറ്റ ഉന്‍സ് ജാബിറും മറ്റൊരു ക്വാര്‍ട്ടറില്‍ മുഖാമുഖം വന്നേക്കാം. 
ഒരു ഗ്രാന്റ്സ്ലാമില്‍ ആദ്യമായാണ് അല്‍കാരസ് ടോപ് സീഡാവുന്നത്. നോവക് മൂന്നാം സീഡാണ്. ഇരുപതുകാരന്‍ ഒരു തവണയേ നോവക്കുമായി ഏറ്റുമുട്ടിയിട്ടുള്ളൂ. 2022 ലെ മഡ്രീഡ് ഓപണ്‍ സെമിഫൈനലില്‍. ആ കളി 6-7 (5-7), 7-5, 7-6 (7-5) ന് അല്‍കാരസ് ജയിക്കുകയായിരുന്നു. ആ കളിക്ക് മുന്‍ ദിവസം നദാലിനെയും അല്‍കാരസ് തോല്‍പിച്ചിരുന്നു. ആദ്യമായാണ് ഒരു കളിക്കാരന്‍ ഒരു കളിമണ്‍ കോര്‍ട് ടൂര്‍ണമെന്റില്‍ നദാലിനെയും നോവക്കിനെയും തോല്‍പിക്കുന്നത്. അലക്‌സാണ്ടര്‍ സ്വരേവിനെ തോല്‍പിച്ച് ആ ടൂര്‍ണമെന്റില്‍ അല്‍കാരസ് ജേതാവായി. ലോക ഒന്നാം നമ്പറിലാണ് ആ കുതിപ്പ് അവസാനിച്ചത്. 
അല്‍കാരസിനെ കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടറില്‍ തോല്‍പിച്ച് സ്വരേവ് പകരം വീട്ടി. ക്വാര്‍ട്ടറില്‍ തന്നെ നോവക്കിനെ നാലു മണിക്കൂര്‍ നീണ്ട ത്രില്ലറില്‍ നദാല്‍ തോല്‍പിച്ചു. അല്‍കാരസ് നിലവിലെ യു.എസ് ഓപണ്‍ ചാമ്പ്യനാണ്. 

Latest News