കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പ്രമുഖ  ടെലിവിഷന്‍ താരത്തിന് ദാരുണാന്ത്യം

മുംബൈ-ടെലിവിഷന്‍ താരം വൈഭവി ഉപാധ്യായ(34) കാറപകടത്തില്‍ മരിച്ചു. നിര്‍മാതാവും നടനുമായ ജെ ഡി മജീതിയയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ നടിയുടെ വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. ഇത് അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണ് എന്നാണ് മജീതിയ കുറിച്ചത്. സാരാഭായ് വേഴ്‌സസ് സാരാഭായി എന്ന സിറ്റ്കോം ഷോയിലൂടെയാണ് വൈഭവി ശ്രദ്ധിക്കപ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഹിമാചല്‍ പ്രദേശില്‍ വച്ചാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ വൈഭവി സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറില്‍ നടിയ്‌ക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഹിമാചലില്‍ നിന്ന് വൈഭവിയുടെ മൃതദേഹം മുംബൈയിലേയ്ക്ക് കൊണ്ടുവരും. പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.ദീപിക പദുക്കോണ്‍ പ്രധാന വേഷത്തിലെത്തിയ ഛപക് എന്ന ചിത്രത്തില്‍ വൈഭവി അഭിനയിച്ചിട്ടുണ്ട്. സിഐഡി, അദാലത്ത് എന്നീ സിറ്റ്കോം ഷോകളിലും പ്ലീസ് ഫൈന്‍ഡ് അറ്റാച്ച്ഡ് എന്ന വെബ് സീരീസിലും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.


 

Latest News