കരയുന്ന ജോലിക്കാരന്റെ വിഡിയോ പകര്‍ത്തിയയാള്‍ ദുബായില്‍ അറസ്റ്റില്‍

ദുബായ്- കരയുന്ന ഒരു ജോലിക്കാരന്റെ വീഡിയോ പകര്‍ത്തിയ കുറ്റത്തിന് ദുബായ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഒരു ടാക്‌സി കാര്‍ കമ്പനിയിലിരുന്ന് ഒരാള്‍ കരയുന്ന വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പോലീസ് നടപടി. വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിശദീകരണവുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) കഴിഞ്ഞ ദിവസം രംഗത്തു വരികയും ചെയ്തിരുന്നു. തുടര്‍ന്ന് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാളെ പോലീസ് തെരഞ്ഞ് പിടികൂടുകയായിരുന്നു. 

ഒരാളുടെ സമ്മതമില്ലാതെ വിഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാല്‍ ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെയാണ് പിഴ. പിടികൂടിയ ആള്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകും.

കരയുന്നയാള്‍ കാര്‍ കമ്പനി ജീവനക്കാരനല്ലെന്ന് ആര്‍ടിഎ വ്യക്തമാക്കി. കാര്‍ കമ്പനി ജീവനക്കാരനായ തന്റെ ബന്ധുവിന് 20,000 ദിര്‍ഹം പിഴ ലഭിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ വന്നയാളാണ് കരഞ്ഞത്. ഇദ്ദേഹത്തിനെതിരെ പിഴകളൊന്നുമില്ലെന്നും അര്‍ടിഎ വ്യക്തമാക്കി. ഡ്രൈവറായ ഇദ്ദേഹത്തിന്റെ ബന്ധുവിന് എങ്ങനെ ഇത്ര വലിയ പിഴ ലഭിച്ചുവെന്ന് അന്വേഷിക്കുമെന്നും ആര്‍ടിഎ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. 

Latest News