സോചി - ലോകകപ്പ് നേടാമുള്ള ബ്രസീലിന്റെ സാധ്യത ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ വര്‍ധിച്ചതോടെ ടീം അമിത പരിശീലനത്തിലാണോ? ചില കളിക്കാര്‍ക്കെങ്കിലും പരിശീലന മുറകളില്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീല്‍ ടീമില്‍ നിരവധി കളിക്കാര്‍ക്കാണ് പരിക്കേറ്റത്. ഡഗ്ലസ് കോസ്റ്റയും ഡാനിലോയും സെര്‍ബിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനായി ടീമിനൊപ്പം സഞ്ചരിച്ചു പോലുമില്ല. ആ മത്സരത്തില്‍ പത്ത് മിനിറ്റാവുമ്പോഴേക്കും മാഴ്‌സെലൊ പരിക്കേറ്റ് പിന്മാറി. റെനാറ്റൊ അഗസ്‌റ്റൊ, ഫ്രെഡ് എന്നിവര്‍ക്കും പരിക്കുണ്ട്.
കോസ്റ്റക്ക് പരിക്കേറ്റത് കോസ്റ്ററീക്കക്കെതിരായ രണ്ടാം മത്സരത്തിനിടയിലാണ്. കോസ്റ്റയുടെ ഭാര്യ തന്നെ ബ്രസീലിന്റെ പരിശീലന രീതികള്‍ക്കെതിരെ രംഗത്തെത്തി. താന്‍ കളിക്കുന്ന ഇറ്റാലിയന്‍ ക്ലബ് യുവന്റസിലെ പരിശീലന രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ കടുത്തതാണ് ബ്രസീലിന്റെ പരിശീലനമെന്നും പരിക്കുകള്‍ക്ക് അതാണ് കാരണമെന്നും കോസ്റ്റ പറഞ്ഞതായി ഭാര്യ ബ്രസീലിയന്‍ മാധ്യമങ്ങളോട് പരാതിപ്പെട്ടു. പരിക്കിന് കാരണം അമിത പരിശീലനമാണെന്ന് അഗസ്റ്റോയും തുറന്നടിച്ചു.
അതുകൊണ്ട് തന്നെ മാഴ്‌സെലോക്ക് പരിക്കേറ്റപ്പോള്‍ മാധ്യമങ്ങളില്‍ നിന്ന് ചോദ്യമുയര്‍ന്നു. പരിശീലനമുറകളുടെ കടുപ്പമല്ല, കിടന്ന കിടക്കയുടെ അമിത മാര്‍ദവമാണ് പുറം വേദനക്ക് കാരണമെന്ന് ടീം ഡോക്ടര്‍ വിശദീകരിച്ചു.
അഗസ്‌റ്റോയുടെ പരാതിയെ ശരിവെക്കുന്ന തരത്തിലാണ് ടീം ഫിസിയൊ ഫാബിയൊ മാസര്‍ദിയാന്‍ പ്രതികരിച്ചത്. ചില കളിക്കാര്‍ക്ക് പരിശീലന ഭാരം കുറക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ പരിക്കുകള്‍ കളിയുടെ ഭാഗമാണെന്നും ഒഴിവാക്കാനാവില്ലെന്നും പല കാരണങ്ങളാലാണ് പരിക്കുകള്‍ സംഭവിക്കുന്നതെന്നും ന്യായീകരിക്കുകയും ചെയ്തു. ആരുടെ പരിക്കും ഗുരുതരമല്ലെന്നും ഫാബിയൊ പറഞ്ഞു. മെക്‌സിക്കോക്കെതിരായ കളിയില്‍ മാഴ്‌സെലൊ തിരിച്ചുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഉടന്‍ തിരിച്ചുവരുമെന്ന് മാഴ്‌സെലോയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.