Sorry, you need to enable JavaScript to visit this website.

മുഹബ്ബത്തിന്റെ കടയിലും ജിഞ്ചർ ലൈം

ഇൻഫോസിസ് സ്ഥാപകൻ എൻ. ആർ. നാരായണ മൂർത്തിയുടെ ഭാര്യ സുധ മൂർത്തി അടുത്തിടെ വാർത്തകളിലുണ്ട്. എഴുത്തുകാരി. ജീവകാരുണ്യ പ്രവർത്തക. പദ്മഭൂഷൺ ജേതാവ്. ലോകത്തെ സർവശക്തരായ രാഷ്ട്രനേതാക്കളിൽ ഒരാളും ഇന്ത്യൻ വംശജനുമായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ അമ്മ. നിഷ്‌കളങ്കമായി ചിരിച്ച് സംസാരിക്കുന്ന മൈസൂരുകാരി സുധ മൂർത്തിയെ എന്നാൽ ലണ്ടൻ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന് മനസ്സിലായില്ല.
ഒരിക്കൽ ലണ്ടനിൽ പോയപ്പോഴുണ്ടായ രസകരമായ അനുഭവം സോണി ടെലിവിഷനിലെ 'ദ കപിൽ ശർമ ഷോ'യിൽ സുധാമൂർത്തി പങ്കുവെച്ചു. സഹോദരിക്കൊപ്പമാണ് ലണ്ടനിൽ എത്തിയത്. വിമാനത്താവളത്തിൽ നൽകിയ ഫോമിൽ ലണ്ടനിലെ മേൽവിലാസം എഴുതണമായിരുന്നു. മകൻ റോഹൻ മൂർത്തിയും ലണ്ടനിലാണ് താമസം. മകന്റെ മേൽവിലാസം പൂർണമായി അറിയില്ലായിരുന്നു. അതിനാൽ 10 ഡൗണിങ് സ്ട്രീറ്റ് എന്ന് എഴുതി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഒദ്യോഗിക വസതി. അത് കണ്ട് അമ്പരന്ന ഉദ്യോഗസ്ഥൻ തിരക്കി. നിങ്ങളെന്താ തമാശ പറയുകയാണോ? സത്യമാണെന്ന് മറുപടി നൽകിയപ്പോഴും ഉദ്യോഗസ്ഥൻ സമയമെടുത്താണ് ഇത് വിശ്വസിച്ചത്. 
മരുമകൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണെന്ന് പറഞ്ഞാൽ ആളുകൾക്ക് വിശ്വസിക്കാൻ പാടാണ്. 72 വയസ്സുള്ള ഒരു സിമ്പിൾ സ്ത്രീ ആയ ഞാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാമാതാവാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല - അവർ പറഞ്ഞു. ഓസ്‌കർ ജേതാവ് ഗുനീത് മോംഗ, നടി രവീണ ടണ്ടൻ എന്നിവരുമായാണ് സുധ മൂർത്തി ഷോയിൽ പങ്കെടുത്തത്. ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയിലും സുധ മൂർത്തി പങ്കെടുത്തിരുന്നു. ഋഷി സുനകിന്റെ സ്ഥാനലബ്ധിയെ കുറിച്ച് സുധ അടുത്തിടെ പറഞ്ഞ കാര്യങ്ങളും ബ്രിട്ടീഷ് ടാബ്ലോയിഡുകളിൽ വലിയ വാർത്തയായിരുന്നു. തന്റെ മകളുടെ കഴിവ് എങ്ങനെയൊക്കെ ഋഷിയുടെ ജീവിതം മാറ്റിമറിച്ചുവെന്നതൊക്കെയാണ് അവർ പരാമർശിച്ചത്. ഞങ്ങളുടെ കുടുംബത്തിലെത്തിയ ശേഷം വ്യാഴാഴ്ച വ്രതമനുഷ്ഠിക്കുന്ന ശീലം വരെ മാറ്റി, ഇപ്പോൾ തിങ്കളാഴ്ചകളിലാണ് വ്രതമെടുക്കുന്നത്. 
*** *** ***
ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ്  ദീപിക ഇപ്പോൾ. കഴിഞ്ഞ 15 വർഷത്തിലധികമായി ബോളിവുഡിലെ നിറസാന്നിധ്യമാണ് താരം. മോഡലിംഗിൽ നിന്നാണ് ദീപിക സിനിമയിലെത്തിയത്.  ഹോളിവുഡിൽ വരെ സാന്നിധ്യമറിയിച്ചിട്ടുള്ള ദീപികയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. 
ബോളിവുഡിലാണ് ദീപിക തിളങ്ങിയതെങ്കിലും കന്നഡ സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. ഐശ്വര്യ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ദീപിക ആദ്യമായി അഭിനയിച്ചത്. 2006 ൽ ആയിരുന്നു ഇത്. തൊട്ടടുത്ത വർഷം ഷാരൂഖ് ഖാൻ നായകനായ ഓം ശാന്തി ഓമിലൂടെ ദീപിക ബോളിവുഡിലേക്കും എത്തുകയായിരുന്നു. ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആയിരുന്നു ദീപിക അഭിനയിച്ചത്. ബോളിവുഡിൽ ഒരു നായികയ്ക്ക് ലഭിക്കാവുന്ന  സ്വപ്ന തുല്യമായ തുടക്കമായിരുന്നു അത്. ഓം ശാന്തി ഓം ബ്ലോക്ബസ്റ്റർ ഹിറ്റായി മാറിയതോടെ ദീപികയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നടിയെന്നതിലുപരി നിർമാതാവ് എന്ന നിലയിലെല്ലാം ബോളിവുഡ് സിനിമ ലോകത്ത് തിളങ്ങി നിൽക്കുകയാണ് ദീപിക പദുക്കോൺ.  ആദ്യ സിനിമക്ക് ശേഷം പിന്നീട് അധികം തെന്നിന്ത്യൻ സിനിമകളിൽ ഒന്നും ദീപിക അഭിനയിച്ചിട്ടില്ല. ഇടയ്ക്ക് തമിഴിൽ കൊച്ചടിയാൻ എന്ന 3ഡി ചിത്രത്തിന്റെ ഭാഗമായത് ഒഴിച്ച് മറ്റൊരു സിനിമയുമില്ല. എന്നാൽ ഇപ്പോൾ ബിഗ് ബജറ്റ് ചിത്രമായ പ്രോജക്റ്റ് കെയിലൂടെ വീണ്ടും തെന്നിന്ത്യൻ സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് ദീപിക. അമിതാഭ് ബച്ചൻ, പ്രഭാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന തെലുങ്ക് ചിത്രത്തിൽ നായികയായിട്ടാണ് ദീപിക എത്തുന്നത്. അതിനിടെ തമിഴിൽ ഒരു സിനിമയിൽ ദീപിക നായികയാവുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ചിമ്പുവിനെ നായകനാക്കി ഡെസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദീപിക നായികയാവുമെന്നായിരുന്നു റിപ്പോർട്ട്. കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിനായി സിമ്പു ഇതിനകം ലണ്ടനിൽ പരിശീലനം ആരംഭിച്ചു.  എന്നാൽ  ദീപിക സിനിമയിൽ ഉണ്ടാവില്ലെന്നതാണ് ലേറ്റസ്റ്റ് വിവരം. ദീപികയുടെ പ്രതിഫലവും മറ്റു കണ്ടീഷനുകളുമാണ് നടിയെ ഒഴിവാക്കാനുള്ള കാരണമെന്നാണ് പറയുന്നത്. പഠാനിലെ വിവാദ സീനിൽ അഭിനയിച്ച് 15 കോടി പ്രതിഫലം വാങ്ങിയ താരം ചെന്നൈയിലെത്തി എന്തിന് ആദായ വിൽപന നടത്തണം? 
മറിച്ചൊരു കഥയാണ് നടൻ പ്രഭാസിന്റേത്. ബാഹുബലിക്ക് ശേഷം നടൻ പ്രഭാസിന്റെ ചിത്രങ്ങൾ മുന്നേറിയിട്ടില്ല. സാഹോയ്ക്കും രാധേ ശ്യാമിനും ബോക്സ് ഓഫീസിൽ വീഴ്ചയാണ് നേരിടേണ്ടി വന്നത്. എട്ടുനിലയിൽ പൊട്ടിയ രാധേ ശ്യാമിന്റെ നഷ്ടം തീർക്കാൻ പ്രഭാസിന്റെ പ്രതിഫലത്തിൽ നിന്ന് 50 കോടിയാണ് നടൻ തിരികെ നൽകിയിരിക്കുന്നത്. ഈ സിനിമയിലെ വിക്രം ആദിത്യ എന്ന കഥാപാത്രത്തിനായി പ്രഭാസിന് 100 കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. 
എന്നാൽ ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് പ്രതീക്ഷിച്ച് ചിത്രം നേരിട്ടത് വലിയ പരാജയമാണ്. ഇതോടെയാണ് നിർമാതാക്കളെ സഹായിക്കാൻ തന്റെ പ്രതിഫലത്തിന്റെ പകുതി താരം തിരികെ നൽകിയത്.
റിപ്പോർട്ടുകൾ പ്രകാരം രാധേ ശ്യാമിന്റെ നിർമാതാക്കൾക്ക് 100 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. നിർമാതാക്കളോ വിതരണക്കാരോ പണം തിരികെ നൽകാൻ തന്നെ നിർബന്ധിച്ചിട്ടില്ലെന്നും സ്വന്തം തീരുമാനമാണിതെന്നും പ്രഭാസ് പറഞ്ഞു. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ പിന്മുറക്കാർ ഇപ്പോഴും സിനിമ രംഗത്തുണ്ടെന്നത് ആശ്വാസമാണ്. 
*** *** ***
എലത്തൂർ ട്രെയിൻ തീവെപ്പ്് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്ത് കേരളത്തിൽ എത്തിക്കുന്നതിനിടെ വാഹനത്തെ പിന്തുടർന്ന് ലൈവായി സംപ്രേഷണം ചെയ്ത ചാനൽ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. മാതൃഭൂമി ന്യൂസിലെ കണ്ണൂർ ജില്ല റിപ്പോർട്ടർ ഫെലിക്‌സ്, ക്യാമറാമാൻ ഷാജു ചന്തപ്പുര, ഡ്രൈവർ അസ്ലം എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പ്രതിയുമായി സഞ്ചരിച്ച കാർ കണ്ണൂർ മമ്മാക്കുന്ന് റോഡിൽവെച്ച് പഞ്ചറായിരുന്നു. ടയർ മാറ്റാനായി നിർത്തിയപ്പോഴാണ് ചാനൽ സംഘം ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ടയർ മാറ്റി സംഘം യാത്ര തുടരുന്നതിനിടെ ചാനൽ സംഘം കാറിനെ പിന്തുടർന്നു തത്സമയ സംപ്രേഷണം നൽകുകയായിരുന്നു. ഇങ്ങനെയുള്ള ഇടപെടലിൽ പോലീസിന് ഡ്യൂട്ടി ചെയ്യാനായില്ലെന്നാണ് കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. റിപ്പോർട്ടർ അടക്കമുള്ള മൂന്നു പേരെയും പോലീസ് കോഴിക്കോട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കാസർകോട് ഡി.സി.ആർ.ബി: ഡിവൈ.എസ്.പിയും ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗവുമായ സി.എ. അബ്ദുൽ റഹ്മാനാണ് ചേവായൂർ പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഏഷ്യാനെറ്റിന് പിറകെ മറ്റൊരു പ്രധാന വാർത്ത ചാനലായ മാതൃഭൂമി ന്യൂസും പ്രശ്‌നത്തിലായി. കേരളത്തിലും ജേണലിസമെന്നത് കഠിനമായ ജോലിയായി മാറുകയാണ്. 
*** *** ***
കേരളത്തിനെതിരെ വിവാദ പരാമർശവുമായി വീണ്ടും ദി കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ. മുംബൈയിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ രണ്ട് തരം കേരളമുണ്ടെന്ന് സുദീപ്‌തോ സെൻ അഭിപ്രായപ്പെട്ടു. വടക്കൻ കേരളം ഭീകരവാദ ശൃംഖലയുടെ താവളമാണെന്നാണ് സുദീപ്തോ പറഞ്ഞത്. കേരളത്തിനുള്ളിൽ രണ്ട് കേരളമുണ്ട്. ചിത്രങ്ങളിലും പോസ്റ്റ് കാർഡുകളിലും ഒക്കെ കാണാറുള്ളത് പോലെയുള്ള കളരിപ്പയറ്റ്, നൃത്തം, ആയോധന കലകൾ ഇവയടങ്ങിയത്. 
എന്നാൽ മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കർണാടകയുമായി കേരളത്തിന്റെ വടക്കൻ ഭാഗത്തെ ബന്ധിപ്പിക്കുന്ന മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകൾ ഒരു ഭീകരവാദ ശൃംഖലയുടെ ഭാഗമാണ്, സുദീപ്തോ പറഞ്ഞു. ഇരകളായ ആയിരക്കണക്കിന് സ്ത്രീകളെ ചലച്ചിത്രത്തിന്റെ പിന്നണിസംഘം കണ്ടിരുന്നതായി ചിത്രത്തിന്റെ നിർമാതാവ് വിപുൽ അമൃത്ലാൽ ഷായും അറിയിച്ചു.
32,000 സ്ത്രീകളെ മതംമാറ്റി ഐസിസിൽ ചേർത്തെന്ന് ദി കേരള സ്റ്റോറി ടീസറിൽ പറഞ്ഞതോടെ വലിയ വിവാദമാണുണ്ടായത്. സ്ത്രീകളെ ഭീകരവാദ പ്രവർത്തനങ്ങൾക്കും വേശ്യാവൃത്തിക്കും നിയോഗിച്ചതായി ചിത്രത്തിൽ വാദിച്ചിരുന്നു. ചിത്രത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് വിവിധ സംഘടനകൾ ഉയർത്തിയത്. 
 കേരളത്തിനെതിരെ വിവാദ പരാമർശം ഉയർത്തിയ ചിത്രത്തിന്റെ സംവിധായകന് എതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞ  രണ്ട് തരം കേരളമെന്ന പ്രയോഗത്തിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല എന്നായിരുന്നു ശിവൻകുട്ടി പറഞ്ഞത്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
*** *** ***
വിവാദങ്ങൾ വന്നപ്പോൾ മലയാള സിനിമയിൽ നിന്നും മാറിനിന്നതിനെ കുറിച്ച് വ്യക്തമാക്കി നടി മംമ്ത മോഹൻദാസ്. ലങ്ക എന്ന സിനിമ ഇറങ്ങിയപ്പോൾ ചിത്രത്തിലെ ഇൻഡിമേറ്റ് രംഗങ്ങൾ വിവാദമായിരുന്നു. ഇതോടെ മലയാള സിനിമയിൽ നിന്നും കുറച്ച് കാലത്തേക്ക് മംമ്ത മാറിനിന്നിരുന്നു. ഇതിനെ കുറിച്ചാണ് താരം  തുറന്നു പറഞ്ഞിരിക്കുന്നത്.ലങ്ക കഴിഞ്ഞ് ഞാൻ മലയാളത്തിൽ നിന്ന് പോയി. ആളുകൾ എന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കുന്നില്ല. മാഗസിനിൽ ഒരു കാര്യം പ്രിന്റ് ചെയ്ത് വന്നാൽ പിന്നെ ആ മാഗസിൻ എല്ലാ വീടുകളിലും ഉണ്ടാവും. അങ്ങനെയായിരുന്നു അന്ന്.
അടുത്ത വാർത്തക്ക് ഒരു മാസം കാത്തിരിക്കണം. അങ്ങനെ ഓടിയ ഓട്ടമാണ് കേരളത്തിൽ നിന്നെന്നാണ് മംമ്ത ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. എന്നാൽ ഇന്നത്തെ യുവ തലമുറക്ക് ഇത്തരം വിവാദങ്ങൾക്ക് ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പറ്റുമെന്നും മംമ്ത പറയുന്നുണ്ട്.
2011 ൽ പുറത്തിറങ്ങിയ സിനിമയാണ് ലങ്ക. സുരേഷ് ഗോപിയാണ് ചിത്രത്തിൽ നായകനായത്. സിനിമയിലെ ഇൻഡിമേറ്റ് രംഗങ്ങൾ വിവാദമായിരുന്നു. മംമ്തക്ക് നേരെ അന്ന് കുറ്റപ്പെടുത്തലുകളും വന്നിരുന്നു. സിനിമ തിയേറ്ററിൽ വലിയ പരാജയമായിരുന്നു.
*** *** ***
പണ്ടുകാലത്തെ സൗന്ദര്യ സങ്കൽപങ്ങളൊക്കെ ഉടഞ്ഞതുകൊണ്ടാണ് താനൊക്കെ ഇന്നിവിടെയിരിക്കുന്നതെന്ന് സിനിമ നടൻ ഇന്ദ്രൻസ്. ശരീരത്തിന് വലിപ്പം വെക്കാൻ പണ്ടൊക്കെ ശ്രമിച്ചിട്ടുണ്ടെന്നും പിന്നീട് ആ തീരുമാനം ഉപേക്ഷിച്ചുവെന്നും താരം പറയുന്നു.
തന്റെ ചില സ്വപ്നങ്ങളൊക്കെ നടക്കണമെങ്കിൽ നിൽക്കാനൊരിടം വേണമെന്നും ഇപ്പോൾ താൻ ശ്രമിക്കുന്നത് ഇതേ രീതിയിൽ തന്നെ പോകുവാനാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ശരീരം വലുതാക്കാൻ ആദ്യമൊക്കെ പാടുപെട്ടിട്ടുണ്ട്. പിന്നെ ഞാൻ അത് വിധിക്ക് വിട്ടു.  കൊതിയൊക്കെ മനസ്സിൽ വെക്കുക. മാത്രമല്ല, മനസ്സിൽ വെച്ചത് വളർത്തുക എന്നുള്ളത് കൂടിയുണ്ട്. ചില സ്വപ്നങ്ങളൊക്കെ നടക്കണമെങ്കിൽ നമുക്ക് നിൽക്കാൻ ഒരിടം വേണം. ഇപ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്നത് ആ വഴിയിൽ നിന്ന് ഒരിക്കലും ചാടിപ്പോകല്ലേ എന്നാണ്.ശരീരം വളർന്നില്ലെങ്കിലും അതിനെ അതിജീവിക്കാൻ ധാരാളം സമയം കിട്ടി. ഇവിടെ ഇപ്പോഴും നിൽക്കാനുള്ള സമയവും എനിക്ക് കിട്ടി. എല്ലാ കലാകാരന്മാർക്കും ചിലപ്പോൾ അത് കഴിഞ്ഞേക്കും. പക്ഷേ ചിലർ അത്രയും ആകുന്നതിന് മുൻപ് അവർ തന്നെ മനസ്സുവെച്ച് ഇതിൽ നിന്നും മാറി മറ്റു മേഖലയിലേക്ക് മാറും. അല്ലെങ്കിൽ ഇല്ലാതാവും - ഇന്ദ്രൻസ് പറഞ്ഞു.
*** *** ***
കർണാടകയിൽ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ സമൂഹ മാധ്യമങ്ങൾ നിറയെ വാഴ്ത്തു പാട്ടുകളായിരുന്നു. വിദ്വേഷത്തിന്റെ അങ്ങാടിയിലിതാ മുഹബ്ബത്തിന്റെ സർബത്ത് കട തുടങ്ങിയിരിക്കുന്നുവെന്ന രീതിയിൽ ആഘോഷം നടക്കവേയുണ്ടായ അനിശ്ചിതത്വം എല്ലാവരുടെയും മനസ്സ് മടുപ്പിച്ചു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ
പ്രശാന്ത് ഭൂഷണ് പോലും ഇക്കാര്യം തുറന്നു പറയേണ്ടി വന്നു. മുഖ്യമന്ത്രി കസേരക്ക് വേണ്ടിയുള്ള തർക്കം തെറ്റായ സന്ദേശം നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്.  ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമായാണ് ഇന്നലെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റത്.  
ആദ്യ ടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവും, പിന്നീട് ഡി.കെ ശിവകുമാറും  മുഖ്യമന്ത്രി സ്ഥാനത്തെത്തും.  പാർട്ടിക്ക് വേണ്ടി ഡി.കെ നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് സോണിയ ഗാന്ധി ഉറപ്പ് നൽകിയിരുന്നു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ഇരുപത് സീറ്റുകൾ ഉറപ്പിച്ചോളൂ എന്നാണ് ഡി.കെ നേതൃത്വത്തിന് നൽകിയ ഉറപ്പ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്്മുഖിനെതിരെ  അവിശ്വാസ പ്രമേയം കൊണ്ടു വന്ന വേളയിൽ റിസോർട്ട് രാഷ്ട്രീയമെന്ന ആശയം ആദ്യമായി പ്രയോഗിച്ച നേതാവ് കൂടിയാണ് ഡി.കെ.

Latest News