Sorry, you need to enable JavaScript to visit this website.

നഫീസയുടെ മനസ്സിൽ നിറയുന്നു; തെക്കേപ്പുറത്തിന്റെ നന്മ

ഉമ്മറക്കോലായയിലെ ചാരുപടിയിൽ കാലും നീട്ടിയിരുന്ന്, മൂന്നും കൂട്ടി മുറുക്കി ചുവപ്പിച്ച് മുറ്റത്തേക്കൊന്ന് നീട്ടിത്തുപ്പി, പേരക്കിടാങ്ങളുടെ കുസൃതിത്തരങ്ങൾക്കൊപ്പം കൊഞ്ചിയും കളിച്ചും, നാഴികക്ക് നാൽപതു വട്ടമെന്നോണം നഫീസൂന്ന് നീട്ടിവിളിക്കുന്ന കെട്ട്യോന്റെ ആവശ്യങ്ങൾ നടത്തിയും കൈയൊഴിഞ്ഞും മരുമക്കളുടെ തീരാത്ത പരിഭവങ്ങൾ മൂളിക്കേട്ടും മക്കളുടെ ഒടുങ്ങാത്ത പരാതികൾ കൊഞ്ചിച്ചില്ലാതാക്കിയും.. ഇനിയങ്ങോട്ട് അങ്ങനെ കാലം കഴിച്ചാലും ആരൊരാളും പ്രത്യേകിച്ചൊന്നും പറയാനിടയില്ലാത്ത ഒരു കാലത്ത്, തീക്ഷ്ണ യൗവനത്തിലെപ്പോഴെല്ലാമോ നെഞ്ചിലേറ്റിയ ഒരു സ്വപ്ന സാക്ഷാൽക്കാരത്തിന് പേനയും കടലാസും കൈയിലെടുത്ത ഇമ്പമാർന്ന കഥ കൂടി ഉൾക്കൊള്ളുന്നതാണ്, നഫീസ പയ്യടിമീത്തലിന്റെ 'തെക്കേപ്പുറം കഥകൾ'. പതിനാല് കഥകളടങ്ങിയ സമാഹാരത്തിന്റെ ഓരോ വരികൾക്കിടയിലും നമുക്ക് ഈയൊരു അനുഭവ കഥ കൂടി വായിച്ചെടുക്കാവുന്നതാണ്.
എന്തെല്ലാം പോരായ്മകൾ ആരെല്ലാം എത്രമേൽ എണ്ണിപ്പറഞ്ഞാലും മേൽപറഞ്ഞ ഒരൊറ്റയൊരു കാരണം കൊണ്ട് തന്നെ തെക്കേപ്പുറം കഥകൾ എന്ന പുസ്തകവും നഫീസ എന്ന എഴുത്തുക്കാരിയും വായിക്കപ്പെടേണ്ടതുണ്ട് എന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. വായനക്കൊടുവിൽ, ഒരാനുകൂല്യവും കൽപിച്ചു നൽകാതെ തന്നെ എഴുത്തുകാരിയും കഥകളും കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ ചേക്കേറുന്നുണ്ട് എന്നതും സത്യം.
ഒരിക്കൽ പയ്യടിമീത്തൽ പുത്തൂർ ദേശ സേവിനി വായനശാല പരിസരത്ത് കണ്ട ഒരു ഫ്‌ളക്‌സും ആ ഫ്‌ളക്‌സിലെ എഴുത്തുകാരിയുടെ ചിത്രവുമാണ് ആദ്യം ശ്രദ്ധിച്ചത്. നഫീസ പയ്യടിമീത്തലിന്റെ 'തെക്കേപ്പുറം കഥകൾ' എന്ന കഥാസമാഹാരം യു.കെ. കുമാരൻ പ്രകാശനം ചെയ്യുന്നു. ശിവദാസൻ മാസ്റ്റർ ഏറ്റുവാങ്ങുന്നു.
ഞങ്ങളുടെ നാടിന്റെ പരിസരങ്ങളിൽ ഇങ്ങനെയൊരു എഴുത്തുകാരി ജീവിക്കുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അറിയാതെ പോയതിന്റെ ജാള്യം മനസ്സിൽ നിന്ന് പൂർണമായും മാഞ്ഞു പോയിട്ടില്ലാത്തതിനാലാവണം, കണ്ടു പരിചയപ്പെട്ട ആദ്യ നിമിഷം തന്നെ ഒരു കോപ്പി ഒപ്പിട്ട് വാങ്ങി വായന തുടങ്ങിയത്. 
ദുർഗ്രാഹ്യത കൊണ്ടോ, അനാവശ്യ നാട്യങ്ങൾ കൊണ്ടോ തെല്ലും അലങ്കോലപ്പെടുത്തിയിട്ടില്ലാത്ത പതിനാല് കഥകളും എഴുത്തുകാരി തന്റെ ജീവിതാനുഭവ പരിസരങ്ങളിൽ നിന്ന് കണ്ടെടുത്തതാണെന്ന മുഖമൊഴി സത്യസന്ധമാണെന്ന്  ഓരോ വരിയുടെ വായനയിലും നമുക്കും അനുഭവ വേദ്യമാകുന്നുണ്ട്. വായിക്കുന്ന ഓരോ കഥകളും കഥാപാത്രങ്ങളും ഒരു തിരശ്ശീലയിലെന്നോണം തെളിഞ്ഞു വരുന്നു എന്ന് മാത്രമല്ല ചിലതെല്ലാം നമ്മളും ഇതൊക്കെ അനുഭവിച്ചതാണല്ലോ എന്നൊരു തോന്നൽ സമ്മാനിക്കുന്നുമുണ്ട്.
ഗൃഹാതുരത്വത്തിന്റെ റോസാദളങ്ങൾ എന്ന് പേരിട്ട ആമുഖക്കുറിപ്പിൽ കുന്നത്തൂർ രാധാകൃഷ്ണൻ നടത്തുന്ന പ്രസ്താവങ്ങൾ പലതും എഴുത്തുകാരി എന്ന നിലയിൽ നഫീസ പയ്യടിമീത്തലിന്ന് കിട്ടാവുന്ന ഏറ്റവും മുന്തിയ അംഗീകാരവും ആദരവുമായി തീർച്ചയായും എണ്ണപ്പെടേണ്ടതാണ്.
ജിന്നും ഇൻസും, അസർ, എ.ടി.എം കണ്ടതും കേട്ടതും എന്നീ കഥകളെ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം എഴുത്തുകാരിയെ വി.കെ.എൻ ശൈലിയോടാണ് താരതമ്യപ്പെടുത്തുന്നത്. സരസ ഭാഷണത്തിന്റെ സുഗമമായ ഒഴുക്ക് വായനക്കാരനെ ആർദ്രമായ  ചിരിയുടെ ലോകത്തിലേക്ക് ആനയിക്കാൻ പ്രാപ്തമാവുന്നുണ്ട് എന്നറിയുമ്പോൾ ആമുഖക്കുറിപ്പിലെ വിലയിരുത്തൽ അസ്ഥാനത്തല്ലെന്ന് നമുക്കും ബോധ്യമാകും.
തെക്കേപ്പുറം കഥകൾ എന്ന സമാഹാരത്തിന്റെ ശീർഷക കഥ തന്നെയാണ് പ്രഥമ അധ്യായത്തിൽ ചേർത്തിട്ടുള്ളത്. മക്കളുടെ കൈയും പിടിച്ചു തെക്കേപ്പുറം തറവാടിന്റെ പടിപ്പുരയും കടന്നു പോകുന്ന നായിക ആ തറവാട്ടിന്റെ അകത്തളങ്ങളിലും അവിടുത്തെ അന്തേവാസികളോടും പരിസരങ്ങളോടും സല്ലപിക്കുമ്പോൾ മക്കളുടെ മാത്രമല്ല, ഓരോ വായനക്കാരന്റെയും കൂടി കൈകൾ മുറുകെ പിടിച്ചാണ് ഓരോ ചുവടും മുന്നോട്ടു വെയ്ക്കുന്നതെന്ന് തോന്നിപ്പോകും. ആർദ്രമായി വരച്ചിട്ട വാഗ്മയ ചിത്രങ്ങൾ കാണുമ്പോൾ തെക്കേപ്പുറത്തുള്ളവർ നമുക്കും പ്രിയപ്പെട്ടവരായിത്തീരുന്നു.
എന്നു തൊട്ടോ മനസ്സിൽ കൊരുത്തുവെച്ച കഥയും കഥാപാത്രങ്ങളും അക്ഷരങ്ങളായി പുനർജനിക്കുന്ന മനോഹരമായ കാഴ്ച പുസ്തകത്തിലുടനീളം നമുക്ക് കണ്ടെത്താം. അത്രമേൽ ആഴത്തിൽ എഴുത്തുകാരിയുടെ മനസ്സിൽ പതിഞ്ഞതാണ് ഓരോന്നും എന്ന് വരികൾക്കിടയിൽ നമുക്കും എളുപ്പം വായിച്ചെടുക്കാവുന്നതാണ്.
റബ്ബിന്റെ കൽപനയും നഷ്ടബാല്യവും സ്വന്തമല്ലാത്ത ആറടി മണ്ണും തുടങ്ങി ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ തെക്കേപ്പുറം കഥകൾ എന്ന സമാഹാരത്തിലെ ഒടുവിലെ അധ്യായവും വായിച്ചു പുസ്തകം മടക്കുമ്പോൾ ആവർത്തിച്ചു വായിച്ചുരുവിടാവുന്ന ചിലതെല്ലാം മനസ്സിൽ പതിയുമെന്നുറപ്പാണ്.
ആത്മാവിൽ ഏറ്റുവാങ്ങിയ ആശയങ്ങളുടെ സാക്ഷാൽക്കാരത്തിന്ന് ആയുസ്സൊടുങ്ങും വരെ അവസരമുണ്ട് എന്ന പ്രചോദിതമായ ഒരു ആപ്ത വാക്യത്തിന് അടിവര ചാർത്തുന്നുണ്ട്, നഫീസ പയ്യടിമീത്തൽ എന്ന എഴുത്തുകാരിയും അവരുടെ പ്രഥമ സമാഹാരവും.

Latest News