Sorry, you need to enable JavaScript to visit this website.

നിലാപക്ഷിയുടെ ചിറകടി

മഴരാഗങ്ങൾ കേട്ട് നിറഞ്ഞേന്തുന്ന നിളയോളങ്ങളുടെ നിതാന്ത ഭംഗി കണ്ടാണ് പട്ടാമ്പി കാരക്കാട്ടെ കുന്നത്ത് യൂസുഫിന്റെ ബാല്യം കടന്നുപോയത്. ആ കുട്ടിക്കാലം ജീവിത ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു. ഇല്ലായ്മകൾക്കിടയിലും സ്‌നേഹ വാൽസല്യങ്ങളുടെ ലോകം ആ ബാലനു ചുറ്റും ഉയർന്നുവന്നു. മനസ്സിലൊരു പാട്ടുകാരൻ അന്നേ മൂളിപ്പാട്ട് പാടി യൂസുഫിന്റെ ഒപ്പമുണ്ടായിരുന്നു. പാട്ട് മാത്രമല്ല, കവിതയും കഥകളും ആ മനസ്സിനെ കീഴടക്കി. പ്രതികൂലമായ ചുറ്റുപാടിൽ ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. അക്കാലത്ത് ഇസ്‌ലാമിക ചരിത്രങ്ങളുടെ സജീവമായ വർണനകളിലൂടെ കഥാപ്രസംഗ രംഗത്ത് പ്രശസ്തി നേടിയ ഏറെപ്പേരുണ്ടായിരുന്നു. ബദർ, ഉഹ്ദ് യുദ്ധങ്ങളുടെ ആരവ മുഖരിതമായ വിവരണങ്ങളിലൂടെ ഏറനാടിന്റെയും വള്ളുവനാടിന്റെയും മനസ്സ് കീഴടക്കിയ കഥാപ്രസംഗകർക്കൊപ്പം അവരുടെ സഹായിയായി പാട്ടും പറച്ചിലുമായി യൂസുഫ് അലഞ്ഞുനടന്നു.

വി.എം. ഹൈദരലി മൗലവിയെന്ന കഥാപ്രസംഗകനോടാണ് കൂടുതൽ കടപ്പാട്. അദ്ദേഹത്തോടൊപ്പം നിരവധി വേദികൾ പങ്കിട്ടു. ഓരോ പരിപാടിക്കും 75 രൂപ പ്രതിഫലം. സഭാകമ്പം വിട്ടുമാറി. മുഴക്കമുള്ള ശബ്ദം യൂസഫിലെ ഗായകനെ വേറിട്ടതാക്കി. കാരക്കാട്ടെ കുന്നത്ത് ഇസ്മായിൽ  ഫാത്തിമക്കുട്ടി ദമ്പതികളുടെ ഈ മകൻ അന്നെടുത്ത തീരുമാനമാണ് മലയാളികളുടെ മനസ്സ് കീഴടക്കുന്ന ഒരു കലാകാരനാവുകയെന്നത്. ആഴ്ചയിൽ ആറു ദിവസവും കഥാപ്രസംഗം ബൂക്കിംഗ് കിട്ടി. പെരുന്നാൾ പോലെയുള്ള ഉൽസവ ദിനങ്ങൾക്കും മദ്രസ  സ്‌കൂൾ വാർഷികങ്ങൾക്കും രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്കുമെല്ലാം കഥാപ്രസംഗത്തിനുള്ള വേദികൾ ലഭിച്ചു. അപ്പോഴേക്കും സ്വതന്ത്രമായി രചിക്കപ്പെട്ടതും ചരിത്രത്തിൽ നിന്ന് ചീന്തിയെടുത്തതുമായ വൈവിധ്യമാർന്ന കഥകൾ പറഞ്ഞുതുടങ്ങി. പ്രതിഫലം വേദിയൊന്നിന് 100 രൂപയായി വർധിച്ചു. മലബാറിലാകെ യൂസുഫ് കാരക്കാടിന്റെ കഥാപ്രസംഗം തരംഗമാവുകയായിരുന്നു. തുടർന്ന് മറുനാടൻ മലയാളി കൂട്ടായ്മകളുടെ വേദികളിലേക്കും ക്ഷണം ലഭിച്ചു. 1990 ൽ ആദ്യ ഓഡിയോ ആൽബം പുറത്തിറങ്ങി ഹിജാസത്ത്.
ഒ.എം കരുവാരക്കുണ്ട് എഴുതിയ ബദർ പടപ്പാട്ടിൽ നിന്നുള്ള ഭാഗമെടുത്ത് കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചതും ശ്രദ്ധേയമായി. മുള്ളൂർക്കര ഹംസ മൗലവിയുടെ നേതൃത്വത്തിലുള്ള ഈ പരിപാടിയുടെ ചൈതന്യം യൂസുഫിന്റെ ആലാപനമായിരുന്നു. കേളെടാ അബുജാഹിലേ എന്നു തുടങ്ങുന്ന വരികൾ യുദ്ധവർണനയാണ് സദസ്സിൽ സൃഷ്ടിക്കപ്പെട്ടത്. ഇതിനിടെ യൂസുഫ് കാരക്കാട്, കർണാടക സംഗീത പഠനത്തിനും സമയം കണ്ടെത്തി. പ്രേംകുമാർ, ഗിരിജ ടീച്ചർ എന്നിവരെ ഇക്കാര്യത്തിൽ നന്ദിയോടെ ഓർക്കുന്നു. മെഹ്ഫിലുകളിലെ നിത്യസാന്നിധ്യമായി മാറിയ യൂസുഫിന്റെ സംഗീതത്തെ ഉമ്മ ഏറെ പ്രോൽസാഹിപ്പിച്ചു.
ഇതിനിടെ നിരവധി ഓഡിയോ കാസറ്റുകൾ യൂസുഫിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടത് നാട്ടിലും ഗൾഫിലും വിപണി കീഴടക്കി. ഉമർ പട്ടാമ്പി, അഷ്‌റഫ് മഞ്ചേരി എന്നിവരാണ് ദുബായിൽ ആവശ്യമായ സഹായം നൽകിയതെന്ന് യൂസുഫ് ഓർക്കുന്നു. 


1997 ൽ ദുബായിൽ പ്രവാസം ആരംഭിച്ച യൂസുഫിന്റെ ഗൾഫ് ജീവിതവും ഒരു ആകസ്മികതയായിരുന്നു. മലപ്പുറം എം.ഐ.സി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ധനശേഖരണാർഥം ഗാനമേളയും കഥാപ്രസംഗവും അവതരിപ്പിക്കാൻ ദുബായിലെത്തിയ യൂസുഫ് പ്രവാസിയായി മാറി. ഓഡിയോ കാസറ്റിൽ നിന്ന് സി.ഡിയിലേക്കുള്ള വളർച്ചയുടെ കാലം. യൂസുഫിന്റെ നിരവധി ഗാനങ്ങൾ സി.ഡിയിലാക്കി. റഫീഖ് അഹമ്മദ്, ഡോ. സജി തുടങ്ങിയവരുടെ കവിതകളുടെ സംഗീതാവിഷ്‌കാരമുൾപ്പെടെ നൂറുകണക്കിന് സി.ഡികൾ ജനങ്ങൾ സ്വീകരിച്ചു. നിലാപ്പക്ഷി എന്ന റഫീഖ് അഹമ്മദിന്റെ കവിതയുടെ ഗാനാവിഷ്‌കാരം ഏറെ പ്രസിദ്ധമായി. നിലാപ്പക്ഷി എന്ന പേരിൽ തന്നെയാണ് ഈ സംഗീത ആൽബം പുറത്തിറങ്ങിയത്. വിധി തീർത്ത മഞ്ചലിലേറാൻ കൊതി തീർത്ത മനസ്സുമായി, ഒരു വാക്കും മിണ്ടാനാകാതെ.. തണലേകുമീ മരച്ചോട്ടിൽ തല ചായ്ക്കാൻ കഴിയാതെ, സ്‌നേഹത്തിൻ തൂലിക കൊണ്ടെഴുതാൻ, കാലമാം പുസ്തകത്തിൽ താളുകളുണ്ടോ എന്ന റഫീഖ് അഹമ്മദിന്റെ വരികൾ യൂസുഫ് കാരക്കാടിന്റെ ശബ്ദാകാരം പൂണ്ടപ്പോൾ ജീവനുള്ള കാവ്യലോകമായി മാറുകയായിരുന്നു. ചുണ്ടിലൊരു പുഞ്ചിരി, ഗരീബ്, കുട്ടിപ്പാവാട, പ്രണയമില്ലാതെയായ നാൾ, വരാതെ.. തുടങ്ങിയ യൂസുഫിന്റെ സോംഗ് ടൈറ്റിലുകളും ഏറെ പ്രശസ്തമായി. 


റേഡിയോ  ടെലിവിഷൻ അവതാരകനായും യൂസുഫ് കാരക്കാട് ശ്രദ്ധിക്കപ്പെട്ടത് പ്രവാസത്തിന്റെ നാളുകളിൽ തന്നെ. ദുബായ് റേഡിയോയുടെ വോയ്‌സ് ഓഫ് കേരളയുടെ ഇഷ്ടതാരമായി മാറിയ യൂസുഫ് പിന്നീട് ജയ്ഹിന്ദ് ടി.വിയുടെ മെഹറുബ, ജീവൻ ടി.വിയുടെ സല്യൂട്ട് ഭാരത്, ദർശന ടി.വിയുടെ കുട്ടിക്കുപ്പായം തുടങ്ങിയ പ്രോഗ്രാമുകളുടെ അവതാരകനായി മാറി. സ്റ്റുഡിയോ ഫ്‌ളോറുകളിൽ തന്റെ ശബ്ദഗാംഭീര്യം കൊണ്ട് ശ്രദ്ധ പിടിച്ചെടുത്ത ഈ കലാകാരന്റെ അന്യൂനമായ അവതരണ രീതിയും പ്രവാസികളുടെ മനസ്സിൽ ഇടം നേടി. ടി.വി അഭിമുഖങ്ങളിൽ നിരവധി അതിഥികളെ യൂസുഫ് കാരക്കാട് പരിചയപ്പെടുത്തി.
ഇതിനിടെ ഒട്ടേറെ ചെറുതും വലുതുമായ സ്‌റ്റേജ് ഷോകളിലും യൂസുഫിന്റെ ആലാപന വൈഭവം തന്മയത്വത്തോടെ പ്രകടമാക്കപ്പെട്ടു. സംകൃതപമഗരി എന്ന പേരിലുള്ള മാപ്പിളപ്പാട്ട് അന്താക്ഷരിയുടെ സ്‌റ്റേജ് ഷോ ഇതിൽ ഏറെ പ്രസിദ്ധമാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നിരവധി മഹാരഥന്മാർ അക്കാലത്ത് യൂസുഫ് കാരക്കാടിന്റെ കലാസിദ്ധി നേരിട്ട് കണ്ട് അദ്ദേഹത്തെ അഭിനന്ദിച്ചു. കോഴിക്കോട്ടെ മാപ്പിള സോംഗ് ലവേഴ്‌സ് അസോസിയേഷന്റെ പരിപാടി കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന വിവരമറിഞ്ഞ് അത് വഴി കടന്നുപോയ ശിഹാബ് തങ്ങൾ ഏറെ നേരം സദസ്സിൽ വന്നിരുന്ന് തന്റെ പരിപാടി കണ്ടതും നേരിട്ട് വന്ന് അഭിനന്ദിച്ചതും ഒരിക്കലും മറക്കാനാവില്ലെന്ന് യൂസുഫ് പറയുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സ്‌റ്റേജ് ഷോയിലും യൂസുഫാണ് മാപ്പിളപ്പാട്ട് അന്താക്ഷരി അവതരിപ്പിച്ചത്. 
സോഷ്യൽ മീഡിയ താരമായുള്ള പൊടുന്നനവെയുള്ള കുതിച്ചുകയറ്റവും ഇക്കാലത്തായിരുന്നു. ഫേസ് ബുക്കിലും ടിക് ടോക്കിലും റീൽസിലും ഇൻസ്റ്റയിലുമെല്ലാം യൂസുഫ് ജനപ്രിയ താരമാവുകയായിരുന്നു. ലക്ഷങ്ങളുടെ ലൈക്കുകളിൽ യൂസുഫ് സോഷ്യൽ മീഡിയ ഇൻഫൽവൻസറായി. ഹ്രസ്വമായ വീഡിയോ ദൃശ്യങ്ങളിൽ യൂസുഫിന്റെ ശൈലി ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനാളുകളാണ് യൂസുഫ് കാരക്കാടിന്റെ പോസ്റ്റുകളെ സജീവമാക്കുന്നത്. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ സദാ സജീവമാണ്. കേരള മാപ്പിളകലാ അക്കാദമി, മാപ്പിള സോംഗ് ലവേഴ്‌സ് അസോസിയേഷൻ തുടങ്ങി നാട്ടിലും ഗൾഫിലുമുള്ള നിരവധി സംഘടനകളുടെ പുരസ്‌കാരം ലഭിച്ചിട്ടുള്ള യൂസുഫ് കാരക്കാടിനെ ഈയിടെ ജിദ്ദയിലെ ഇശൽ കലാവേദിയും ആദരിച്ചു. ഇംഗ്ലണ്ട്, സിംഗപ്പൂർ, ഫിലിപ്പൈൻസ്. ചൈന, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ യൂസുഫ് കാരക്കാട് മാപ്പിളപ്പാട്ടുകളും കഥ പറച്ചിലുകളും അവതരിപ്പിച്ച് ശ്രദ്ധേയനായിട്ടുണ്ട്. 
വിവിധ ഡിസൈനുകളിൽ തയാറാക്കുന്ന അബായകളുടെ വിൽപനയും വിതരണവും ആരംഭിച്ചത് യൂസുഫ് കാരക്കാടിന്റെ ജീവിതത്തിന് ബിസിനസിന്റെ പരിവേഷം പകർന്നു. ഇതിനകം വീട്ടമ്മമാരുടെ മനസ്സിൽ ഇടം നേടിയ, യു.എ.ഇയിൽ ഔട്ട്‌ലറ്റുകളുള്ള അൽ ബത്തൂൽ എന്ന ഈ സ്ഥാപനത്തിന് പട്ടാമ്പിയിലും തിരൂരിലും ശാഖകളുണ്ട്. 
റജീനയാണ് യൂസുഫ് കാരക്കാടിന്റെ ജീവിത സഖി. നന്നായി പാടുന്ന മൂത്ത മകൾ ഫാത്തിമ റഷീദ എൻട്രൻസ് പരിശീലനത്തിലാണ്. മകൻ മുഹമ്മദ് റിസ്‌വാൻ വളാഞ്ചേരി മർകസിൽ വിദ്യാർഥി. ആമിന റഷീദ, ആയിശ എന്നിവർ ഇളയ മക്കൾ. 
 

Latest News