Sorry, you need to enable JavaScript to visit this website.

അന്തരം: അനന്തരം അഭിജിത്തിന്റെ ചരിത്രം വഴിമാറി

അതൊരു ചരിത്ര നിമിഷമായിരുന്നു. 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2022 മെയ് മാസത്തിൽ പ്രഖ്യാപിക്കുമ്പോൾ ചരിത്രലിപികളിൽ കോറിയിടേണ്ട സംഭവമായി മാറുകയായിരുന്നു. 
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട ഒരു അഭിനേത്രിക്ക് ചരിത്രത്തിൽ ആദ്യമായി മികച്ച നടിക്കുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരം എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നേഹക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. സ്ത്രീ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് നേഹയെ തേടിയെത്തിയത്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്വതന്ത്രമായ ഒരു ജീവിതം ആഗ്രഹിക്കുന്ന ഒരു ട്രാൻസ്‌ജെൻഡർ യുവതിയുടെ ജീവിതമായിരുന്നു ചിത്രത്തിന് ആധാരമായത്. വർഷങ്ങളായുള്ള അഭിജിത്തിന്റെ പരിശ്രമമായിരുന്നു അഭ്രപാളിയിലൂടെ വെളിച്ചം കണ്ടത്. ഏറെക്കാലമായി ഈ വിഭാഗത്തിന്റെ ജീവിതത്തെക്കുറിച്ച് പഠിക്കുകയും ജീവിത യാതനകൾ നേരിട്ടറിയുകയും ചെയ്ത അഭിജിത്ത് ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ഫോട്ടോഗ്രഫർ കൂടിയാണ്. കർമപഥത്തിലെപ്പോഴോ തന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത ചില സംഭവങ്ങളാണ് ഈ യുവാവിനെ ട്രാൻസ്‌ജെൻഡറുകളുടെ ജീവിത ഗതികൾ അടുത്തറിയാനും ഒടുവിൽ അത് ചലച്ചിത്രമാക്കാനുമുള്ള തീരുമാനത്തിലെത്തിച്ചത്.


തഞ്ചാവൂരിലെ ഒരു ഓർത്തഡോക്‌സ് കുടുംബത്തിൽ ജനിച്ചുവളർന്ന അഞ്ജലിയുടെ ജീവിതത്തിലേയ്ക്കു കടന്നുവന്ന ഒരാൾ ജീവിതം നൽകാമെന്ന് പറഞ്ഞപ്പോൾ അവൾ മറ്റൊന്നും ചിന്തിക്കുന്നില്ല. വിഭാര്യനും കൗമാരക്കാരിയായ മകളുടെ പിതാവുമായ ഹരിയുടെ ജീവിതത്തിലേക്കു കടന്നു വന്നതോടെ അവളുടെ ജീവിതത്തിൽ വന്നുഭവിക്കുന്ന സങ്കീർണതകളാണ് അന്തരത്തിന് പ്രമേയമാകുന്നത്. ട്രാൻസ്‌ജെൻഡറുകൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികളെ എതിരിട്ട് പുറത്തു കടക്കാൻ ഇന്നും അവർക്ക് കഴിഞ്ഞിട്ടില്ല. കുടുംബമെന്ന തണലിലേയ്ക്ക് കൈപിടിച്ച് നടത്തിക്കാൻ ആരും തയാറാവുകയുമില്ല. ഇവിടെയാണ് ബുക് സ്റ്റാൾ നടത്തുന്ന പുരോഗമന ചിന്താഗതിക്കാരനെന്നു നടിക്കുന്ന ഒരാൾ അഞ്ജലിയെ ജീവിതത്തിലേയ്ക്കു ക്ഷണിക്കുന്നത്. എന്നാൽ യഥാർഥ സ്ത്രീയായി ജീവിക്കുന്നതിനു വേണ്ടി പുരുഷനു മുന്നിൽ അടിയറ പറയാൻ അവൾ ഒരുക്കമല്ല. ഗാർഹിക പീഡനം അതിരു വിടുമ്പോൾ സധൈര്യം പ്രതികരിക്കാൻ അവൾക്ക് കഴിയുന്നതും അതുകൊണ്ടു തന്നെ. തന്റെ ജീവിതം പുരുഷന്റെ ഔദാര്യമല്ലെന്ന് തിരിച്ചറിയുന്ന നിമിഷം അവൾ ആ ജീവിതത്തിൽനിന്നും ഇറങ്ങിപ്പോവുകയാണ്. എന്നാൽ അവളെ മനസ്സിലാക്കാൻ കഴിയുന്ന കൗമാരക്കാരിയാകട്ടെ, അവൾക്കൊപ്പം നിലയുറപ്പിക്കുമ്പോൾ ഭർത്താവിന്റെ കപടതയാണ് വലിച്ചു ചീന്തപ്പെടുന്നത്.


കുട്ടിക്കാലം തൊട്ടേ സിനിമയെ സ്വപ്‌നം കണ്ടു നടന്നയാളാണ് കോഴിക്കോട്ടുകാരനായ അഭിജിത്ത്. എങ്കിലും സ്വപ്നങ്ങളുടെ പിറകെ സഞ്ചരിക്കാനുള്ള കുടുംബ പശ്ചാത്തലമായിരുന്നില്ല അദ്ദേഹത്തിന്റേത്. എ.സി മെക്കാനിക്കായാണ് അഭിജിത്ത് ജീവിതം തുടങ്ങുന്നത്. ഇതിനിടയിലെപ്പോഴോ വീടിനടുത്ത സ്റ്റുഡിയോയിൽ പോയി ഫോട്ടോഗ്രഫി പഠിക്കാൻ തുടങ്ങി. പ്രമുഖ ഫോട്ടോഗ്രഫറായ ചോയിക്കുട്ടിയായിരുന്നു ഗുരു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് നഗരത്തിൽ നടക്കുന്ന കലാപരിപാടികളുടെയെല്ലാം ഫോട്ടോയെടുക്കാൻ തുടങ്ങി. തുടർന്നാണ് ഒരു പത്രമാധ്യമത്തിൽ ഫോട്ടോഗ്രഫറായി ജോലിയിൽ പ്രവേശിക്കുന്നത്. ഒരിക്കൽ സുഹൃത്തിന്റെ നിർദേശപ്രകാരമാണ് തമിഴ്‌നാട്ടിൽ നടക്കുന്ന ട്രാൻസ്‌ജെൻഡറുകളുടെ ഉത്സവം ക്യാമറയിലാക്കാനുള്ള അവസരം ലഭിക്കുന്നത്. വില്ലുപുരത്തെ കൂത്താണ്ടവർ കോവിലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഉത്സവത്തിൽ പങ്കെടുക്കാനും ഫോട്ടോയെടുക്കാനുമാണെത്തിയത്. പൊതുസമൂഹം ട്രാൻസ്‌ജെൻഡറുകളെ അംഗീകരിക്കുകയോ അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയോ ചെയ്യാതിരുന്ന കാലം. അക്കാലത്താണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ട്രാൻസ്‌ജെൻഡറുകൾ ഒത്തുകൂടുന്ന ഈ ഉത്സവത്തിന് അവിടെയെത്തിയത്. തലേ ദിവസം താലി കെട്ടുകയും അടുത്ത ദിവസം താലി അഴിക്കുകയും ചെയ്യുന്ന താലിയിറക്കം എന്ന ഉത്സവമായിരുന്നു അവിടെ അരങ്ങേറിയിരുന്നത്.


ഈ സംഭവമാണ് അഭിജിത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കടന്നുവരാനാവാത്ത ചുറ്റുപാടിൽ കഴിയുന്ന ട്രാൻസ്‌ജെൻഡറുകളുടെ ജീവിതത്തെക്കുറിച്ച് കൂടുതലറിയാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് കണ്ടത്. വില്ലുപുരത്തു വെച്ചുതന്നെ പല ട്രാൻസ്‌ജെൻഡറുകളുമായും സംസാരിച്ചു. അവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കി. നാട്ടിൽ തിരിച്ചെത്തിയപ്പോഴും അവരെക്കുറിച്ച് കൂടുതലറിയണമെന്നായിരുന്നു ചിന്ത. ബാംഗ്ലൂരിലെ സംഗമ എന്ന സംഘടനയുമായി ബന്ധപ്പെട്ടു. അവിടെയെത്തിയപ്പോൾ അവരും നിരുത്സാഹപ്പെടുത്തുകയായിരുന്നു. തങ്ങളുടെ ജീവിതകഥ മറ്റുള്ളവരെ അറിയിക്കാൻ അവർക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ അവിടെവച്ച് പരിചയപ്പെട്ട ഒരു ട്രാൻസ്‌ജെൻഡർ അവരുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി അവരുടെ വിഷമതകൾ പങ്കുവെച്ചു. ട്രാൻസ്‌ജെൻഡറുടെ ആത്മകഥയെഴുതിയ ജെറീന എന്ന മലയാളിയെയും അവിടെ വെച്ചാണ് പരിചയപ്പെടുന്നത്. നിരവധി ഫോട്ടോകളെടുത്താണ് അവിടെനിന്നും മടങ്ങിയത്.
ട്രാൻസ്‌ജെൻഡറുകളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയൊരുക്കിയ ചിത്രപ്രദർശനമായിരുന്നു അഭിജിത്തിന്റെ ലക്ഷ്യം. അറുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയത്. 2007 ൽ കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ ഒരുക്കിയ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത് ചിത്രകാരനായ വാസു പ്രദീപായിരുന്നു. കാണികൾക്ക് കാഴ്ചയുടെ പുതിയ അനുഭവങ്ങൾ സമ്മാനിച്ച ഈ ചിത്രപ്രദർശനത്തിന് നല്ല വരവേൽപായിരുന്നു ലഭിച്ചത്. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി കോളേജുകളിലും ചിത്രപ്രദർശനമൊരുക്കി. തിരുവനന്തപുരത്ത് പ്രദർശനമൊരുക്കിയപ്പോഴും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. അന്നത്തെ സാമൂഹിക നീതി മന്ത്രിയായിരുന്ന ഡോ. എം.കെ. മുനീർ സർക്കാർ തലത്തിൽ ഒരു സർവേ നടത്താൻ തീരുമാനിക്കുകയും സംഗമയുടെ ഭാരവാഹിയെ സർവേയുടെ തലവനായി നിയോഗിക്കുകയും ചെയ്തു. ഇതിനിടയിൽ ട്രാൻസ് എന്ന പേരിൽ ഒരു ഫോട്ടോ ഡോക്യുമെന്ററിയും ഒരുക്കിയിരുന്നു.
ട്രാൻസ്‌ജെൻഡറുകളുടെ ജീവിതത്തിൽ ഒരു കൈത്താങ്ങാകാൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടനാണ് അഭിജിത്ത്. അവർക്കായി സർക്കാർ ട്രാൻസ്‌ജെൻഡർ പോളിസി കൊണ്ടുവന്നു. മുഖ്യധാര മാധ്യമങ്ങളിൽ അവരെക്കുറിച്ച് വാർത്തകൾ വന്നുതുടങ്ങി. അവരുടെ പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു ഇത്. മാത്രമല്ല, ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചർ ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡിനും രൂപം നൽകി. തിരുവനന്തപുരം സ്വദേശിയായ ശ്യാമ എന്ന ട്രാൻസ്‌ജെൻഡർക്കായിരുന്നു ബോർഡിന്റെ ചുമതല നൽകിയത്.
ഫോട്ടോഗ്രഫിയിൽനിന്നും ഡോക്യുമെന്ററിയിലേക്കുള്ള ചുവടു മാറ്റമായിരുന്നു പിന്നീട് കണ്ടത്. സൂര്യ ഇഷാനും ഹരിണിയും ചന്ദനയുമെല്ലാം അഭിനയിച്ച രണ്ട് ട്രാൻസ് വുമനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായിരുന്നു അവളിലേയ്ക്കുള്ള ദൂരം. നിരവധി ചലച്ചിത്ര മേളകളിലെ മത്സര വിഭാഗത്തിൽ പങ്കെടുത്ത ഈ ഡോക്യുമെന്ററിക്ക് നിരവധി അവാർഡുകളും ലഭിച്ചിരുന്നു. തുടർന്ന് ഒരുക്കിയ എന്നോടൊപ്പം എന്ന ഡോക്യുമെന്ററിയും ഏറെ ചർച്ചയായിരുന്നു. ട്രാൻസുകളുടെ മാതാപിതാക്കൾ അവരെ ചേർത്തുപിടിച്ചാൽ അവർക്ക് തെരുവിലറങ്ങേണ്ടിവരില്ല എന്ന സന്ദേശമായിരുന്നു എന്നോടൊപ്പം ഇതിവൃത്തമാക്കിയത്. ഈ ഡോക്യുമെന്ററിയും വിവിധ മേളകളിൽ പ്രദർശിപ്പിച്ചിരുന്നു.
ഡോക്യുമെന്ററിയുടെ വിജയമാണ് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നുകൊടുത്തത്.  ക്യാമറാമാനായ മുഹമ്മദാണ് ഇനിയൊരു സിനിമ ചെയ്തുകൂടെ എന്ന് ആദ്യം ചോദിച്ചത്. തുടർന്ന് കൈവശമുണ്ടായിരുന്ന കഥ ഷാനവാസിനോടു പറഞ്ഞപ്പോൾ അദ്ദേഹം തിരക്കഥയും സംഭാഷണവും ഒരുക്കി നൽകി. സ്‌കൂൾ തലത്തിൽ കൂടെ പഠിച്ച ജോജോ ജോൺ ജോസഫും പോൾ കൊള്ളാനൂരും ജോമിൻ പി.ജിയോയും മുന്നോട്ടു വന്നപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. കൂട്ടത്തിൽ ഞാനും നിർമാണ പങ്കാളിയായി. ഒരു ട്രാൻസ്‌വുമൺ കുടുംബത്തിനകത്തു വരുമ്പോൾ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് ചിത്രം കൈകാര്യം ചെയ്തിരുന്നത്. കണ്ണൻ നായരായിരുന്നു നായകനായ ഹരിയായി എത്തിയത്. ചെന്നൈ സ്വദേശിയായ നേഹ നായികയായ അഞ്ജലിയുമായി. കണ്ണൻ നായരുടെ മകളായെത്തിയത് നക്ഷത്ര മനോജായിരുന്നു. രാജീവൻ വെള്ളൂരും അതിഥി താരമായി ആക്റ്റീവിസ്റ്റായ രേവതിയുമെത്തി. മാതാപിതാക്കളുടെ വേഷത്തിലെത്തിയത് ഗിരീഷ് പെരിഞ്ചേരിയും എൽസി സുകുമാരനുമായിരുന്നു. കൂടാതെ കാവ്യ, ലയ, മരിയ ജൈസൽ... തുടങ്ങി നിരവധി ട്രാൻസ്‌ജെൻഡറുകളും വേഷമിട്ടു. സിതാരയായിരുന്നു പാട്ടു പാടിയത്. കൂടെ എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒടുവിലായി സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിന് അർഹമായതും അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിമാനത്തിന് വകനൽകുന്നതായിരുന്നു.
കോവിഡ് കാലത്തായിരുന്നു ചിത്രീകരണം. ഔട്ട് ഡോർ ചിത്രീകരണത്തിന് ഏറെ പരിമിതികളായിരുന്നു നേരിട്ടത്. താമരശ്ശേരി ചുരത്തിലെയും കോഴിക്കോട് നഗരത്തിലെയുമെല്ലാമുള്ള ചിത്രീകരണത്തിലും ഏറെ നിഷ്‌കർഷ പുലർത്തേണ്ടിവന്നു, അഭിജിത് ഓർക്കുന്നു. 
പുതിയൊരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണിപ്പോൾ അഭിജിത്. ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റായ രേവതിയെക്കുറിച്ചുള്ളതാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി. തമിഴിലാണ് ഒരുക്കുന്നത്. രേവതിയുടെ ആത്മകഥയായ ട്രൂത്ത് എബൗട്ട് മി എന്ന പുസ്തകം പെൻഗ്വിൻ ബുക്‌സാണ് പുറത്തിറക്കിയത്.
ഇന്ത്യയിൽ ഡോക്യുമെന്ററിക്ക് വേണ്ടത്ര പ്രസക്തി ലഭിച്ചിട്ടില്ലെന്ന് അഭിജിത് പറയുന്നു. ഫീച്ചർ ചിത്രങ്ങളോടാണ് എല്ലാവർക്കും താൽപര്യം. ട്രാൻസ്‌ജെൻഡറുകളുടെ ജീവിതം ഇതിവൃത്തമാക്കി മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളെല്ലാം പുരുഷ കേന്ദ്രീകൃതതമായിരുന്നു. അതിൽനിന്നും വ്യത്യസ്തമായി ആദ്യമായി ഒരു മുഴുനീള വേഷത്തിൽ നായികയായി നേഹ എന്ന ട്രാൻസ്‌വുമൺ വരുന്നു എന്നതാണ് അന്തരത്തിന്റെ പ്രത്യേകത. ഇവർക്കിടയിൽ കഴിവുള്ള നല്ല കലാകാരന്മാരുണ്ടെന്നും അത്തരക്കാർക്ക് അവസരം നൽകുക എന്ന ലക്ഷ്യമാണ് ഈ സിനിമയിലൂടെ സാധ്യമാക്കിയതെന്നും അഭിജിത് പറയുന്നു.
വീട്ടമ്മയായ ഭാര്യ ശോഭിലയും മക്കളായ ഗാഥയും ഗൗതമും നൽകുന്ന പിന്തുണയാണ് ഈ രംഗത്ത് നിലയുറപ്പിക്കാൻ സഹായിക്കുന്നതെന്നും അഭിജിത്ത് അടിവരയിടുന്നു.

Latest News