സെയ്ന്റ്പീറ്റേഴ്‌സ്ബർഗ് - ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി തയാറാക്കിയ ബെസ്റ്റ് ഇലവനിൽ അർജന്റീനാ നായകൻ ലിയണൽ മെസ്സി ഇല്ല. ക്രിസ്റ്റ്യാനൊ റൊണാൾഡോയും ഹാരി കെയ്‌നുമാണ് ബെസ്റ്റ് ഇലവനിലെ ഫോർവേഡുകൾ. തൊട്ടുപിന്നിലായി ഫെലിപ്പെ കൗടിഞ്ഞോയും. ഇസ്‌കോയാണ് മധ്യനിരയുടെ ചുക്കാൻ പിടിക്കുക. പ്രതിരോധത്തിന് ഡിയേഗൊ ഗോദീൻ നേതൃത്വം നൽകും. ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്ന എ.പി റിപ്പോർട്ടർമാരാണ് 4-3-3 ശൈലിയിലുള്ള ടീമിനെ തെരഞ്ഞെടുത്തത്. ഇതാണ് ടീം:
ഗോൾകീപ്പർ:
അലി രിസ ബെയ്‌രൻവന്ത് (ഇറാൻ) - നാടോടി കുടുംബത്തിൽനിന്ന് ഫുട്‌ബോൾ സ്വപ്‌നവുമായി തെഹ്‌റാനിലെത്തുകയും കാർ കഴുകൽ ഉൾപ്പെടെ ജോലി ചെയ്ത് ആ സ്വപ്‌നത്തിന് വെള്ളവും വളവും നൽകുകയും ചെയ്ത ബെയ്‌രൻവന്ത് നോക്കൗട്ട് റൗണ്ടിലുണ്ടാവില്ല. എന്നാൽ സ്‌പെയിനിനും മൊറോക്കോക്കുമെതിരെ നിരവധി സെയ്‌വുകളിലൂടെ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. പോർചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പെനാൽട്ടി തടുത്തു. കഷ്ടിച്ചാണ് ഇറാന് പ്രി ക്വാർട്ടർ നഷ്ടപ്പെട്ടത്. ഇല്ലെങ്കിൽ ക്രിസ്റ്റ്യാനൊ രണ്ടാം റൗണ്ടിലുണ്ടാവുമായിരുന്നില്ല.
പ്രതിരോധം:
കീരൺ ട്രിപ്പിയർ (ഇംഗ്ലണ്ട്) - ഇംഗ്ലണ്ടിന്റെ ഫ്രീകിക്കെടുക്കുന്ന ട്രിപ്പിയറാണ് കൂടുതൽ അവസരങ്ങൾ ഒരുക്കിയത്. പാനമക്കെതിരായ കളിയിൽ നിരന്തരം അപകടം വിതച്ചു. ഒരു ഗോളിന് വഴിയൊരുക്കി.
ഇവാൻ സ്ട്രിനിച് (ക്രൊയേഷ്യ) - മെസ്സിയെ നിർവീര്യമാക്കിയതിൽ ലെഫ്റ്റ്ബാക്ക് നിർണായക പങ്കുവഹിച്ചു. നൈജീരിയക്കെതിരായ കളിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഡിയേഗൊ ഗോദീൻ (ഉറുഗ്വായ്) - ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ വഴങ്ങാത്ത ഏക ടീമാണ് ഉറുഗ്വായ്. മികച്ച സെന്റർബാക്കെന്ന പെരുമ നിലനിർത്തി.
ആന്ദ്രെ ഗ്രാൻക്വിസ്റ്റ് (സ്വീഡൻ) - രണ്ട് കളിയിൽ ഗോൾ വഴങ്ങാത്ത സ്വീഡന്റെ പ്രതിരോധത്തിന് നേതൃത്വം കൊടുത്തു. രണ്ട് പെനാൽട്ടികൾ ഗോളാക്കി. ജർമനിക്കെതിരെ ഒന്നാന്തരമായി പ്രതിരോധത്തെ നയിച്ചു.
മധ്യനിര
ലൂക്ക മോദ്‌റിച് (ക്രൊയേഷ്യ) - അർജന്റീനക്കെതിരായ വിജയത്തിൽ മോദ്‌റിച് നേടിയ ഗോൾ അവിസ്മരണീയമായി. ആദ്യ കളിയിൽ പെനാൽട്ടിയും ലക്ഷ്യത്തിലെത്തിച്ചു.
ഫിലിപ്പെ കൗടിഞ്ഞൊ (ബ്രസീൽ) - ബ്രസീലിന്റെ മൂന്ന് അറ്റാക്കിംഗ് മിഡ്ഫീൽഡർമാരിൽ സ്ഥിരത പുലർത്തി. സ്വിറ്റ്‌സർലന്റിനെതിരെ ലോംഗ്‌റെയ്ഞ്ച് ഗോളടിച്ചു. കോസ്റ്ററീക്കയുടെ വീരോചിതമായ ചെറുത്തുനിൽപ് ഇഞ്ചുറി ടൈമിൽ അവസാനിപ്പിച്ചു. മനോഹരമായ ത്രൂബോളിലൂടെ സെർബിയക്കെതിരായ പൗളിഞ്ഞോയുടെ ഗോളിന് വഴിയൊരുക്കി.
ഫ്രാൻസിസ്‌കൊ ഇസ്‌കൊ (സ്‌പെയിൻ) - സ്‌പെയിൻ ടീമിൽ ഏറ്റവും സ്വാധീനമുണ്ടാക്കിയതും ഭംഗിയുള്ള നീക്കങ്ങൾ നടത്തിയതും ഇസ്‌കോയാണ്. മിഡ്ഫീൽഡുകളുടെ ധാരാളിത്തമുള്ള ടീമിൽ ഇസ്‌കോയുടെ ക്രിയേറ്റിവിറ്റിയും സാങ്കേതിക മികവും വേറിട്ടുനിൽക്കുന്നു. മൊറോക്കോക്കെതിരെ ഗോളടിച്ചു.
ഫോർവേഡുകൾ
ഹാരി കെയ്ൻ (ഇംഗ്ലണ്ട്) -മൂന്നാം മത്സരത്തിൽ വിട്ടുനിന്നിട്ടും അഞ്ചു ഗോളടിച്ചു. ഇംഗ്ലണ്ട് നായക പദവി കെയ്‌നിനെ തളർത്തിയിട്ടില്ല.
ക്രിസ്റ്റ്യാനൊ റൊണാൾഡൊ (പോർചുഗൽ) - ആദ്യ രണ്ടു കളിയിൽ നാലു ഗോൾ. സ്‌പെയിനിനെതിരെ ഒറ്റക്ക് ടീമിന് സമനില നേടിക്കൊടുത്തു. ആരാണ് മികച്ച കളിക്കാരനെന്ന ചോദ്യത്തിന് അനിഷേധ്യമായ ഉത്തരം കൊടുത്തു. രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തി. ഇറാനെതിരെ പെനാൽട്ടി പാഴാക്കിയതാണ് പൊലിമ കുറച്ചത്.
റൊമേലു ലുകാകു (ബെൽജിയം) - ആദ്യമായാണ് ഒരു രാജ്യാന്തര ടൂർണമെന്റിൽ ലുകാകു പ്രതീക്ഷ കാക്കുന്നത്. രണ്ടു മത്സരം മാത്രം കളിച്ചിട്ടും നാലു ഗോളടിച്ചു.