Sorry, you need to enable JavaScript to visit this website.

എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലയിലെ ഫ്രഞ്ച് കമ്പനി സഫ്രാന്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം- എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിലെ വന്‍ കമ്പനി സഫ്രാന്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിന് സമീപം പ്രവര്‍ത്തിക്കുന്ന കമ്പനി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സഫ്രാന് 27 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം തൊഴിലാളികളും 270 യൂണിറ്റുകളുമുണ്ട്.  

ബഹിരാകാശ- പ്രതിരോധ ഉത്പന്നങ്ങളുടെ ടെസ്റ്റ് സെന്ററായി പ്രവര്‍ത്തനം തുടങ്ങിയ സഫ്രാന്‍ സമീപഭാവിയില്‍ തിരുവനന്തപുരത്തെ യൂണിറ്റ് ഏഷ്യാ പസിഫിക് മേഖലയിലെ സ്‌പേസ് ടെസ്റ്റ് കേന്ദ്രമാക്കിയേക്കും. അതോടൊപ്പം കേരളത്തില്‍ സഫ്രാന്‍ സ്‌പേസ് പ്രൊഡക്ടിന്റെ അസംബ്ലിങ്ങ്, മാനുഫാക്ചറിങ്ങ് യൂണിറ്റ് തുടങ്ങിയവ ആരംഭിക്കാനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
 
എയര്‍ക്രാഫ്റ്റ് നിര്‍മ്മാണരംഗത്തും പ്രതിരോധ രംഗത്തെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും റോബോട്ടിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലും ബഹിരാകാശ മേഖലയിലെ ലോഞ്ച് വെഹിക്കിളുകള്‍ക്കും സാറ്റലൈറ്റുകള്‍ക്കുമാവശ്യമായ അത്യാധുനിക യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനമാണ് സഫ്രാന്‍. ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ദീര്‍ഘകാലത്തെ സഹകരണമാണ് സഫ്രാന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഡിഫന്‍സ് കമ്പനിക്കുള്ളത്. ഫൈറ്റര്‍ വിമാനങ്ങള്‍ക്കും റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കുമാവശ്യമായ നിര്‍ണായക യന്ത്രോപകരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നതിനൊപ്പം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍, സാറ്റലൈറ്റ് ട്രാക്കിങ്ങ് തുടങ്ങിയ മേഖലകളിലും സഫ്രാന്‍ സേവനം ലഭ്യമാക്കുന്നു.

ഐ. എസ്. ആര്‍. ഒ ആവശ്യപ്പെടുന്ന ഉത്പന്നങ്ങളുടെ 50 ശതമാനം ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കാനാണ് സഫ്രാന്‍ ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ കേരളത്തില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനുള്ള കമ്പനി അധികൃതരുടെ താത്പര്യം എയറോസ്‌പേസ്, ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

Latest News