വാറ്റുറ്റിങ്കി- ഇതിനു മുമ്പ് അഞ്ച് തവണ നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർക്ക് തൊട്ടടുത്ത തവണ തുടക്കത്തിലേ പുറത്താകേണ്ടിവന്നിട്ടുണ്ട്. 1950ൽ ഇറ്റലി, 66ൽ ബ്രസീൽ, 2002ൽ ഫ്രാൻസ്, 2010ൽ വീണ്ടും ഇറ്റലി, 2014ൽ സ്‌പെയിൻ... പക്ഷെ കരുത്തരായ ജർമനിക്ക് അതൊരിക്കലും സംഭവിക്കില്ലെന്ന് എല്ലാവരും കരുതി, പ്രത്യേകിച്ച് ബുദ്ധിരാക്ഷസനായ പടത്തലവൻ യോവാക്വിം ലോവ് നയിക്കാനുള്ളപ്പോൾ.
പക്ഷെ, അതു സംഭവിച്ചു! കൊറിയയിൽനിന്നുള്ള 'കുറിയ' മനുഷ്യർ ജർമൻ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ ആ കൂറ്റൻ മതിൽ തകർത്തുകളഞ്ഞു. ജർമനി ഗോളടിക്കാൻ പെടാപ്പാട് പെട്ടപ്പോൾ രണ്ട് ഗോളുകളാണ് എഫ് ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ കൊറിയ ജർമൻ വയിലേക്ക് അടിച്ചുകയറ്റിയത്.
'ഞങ്ങൾ സ്തംഭിച്ചു, ഞെട്ടിപ്പോയി...' -മത്സര ശേഷം തോമസ് മുള്ളറുടെ പ്രതികരണം ഇതായിരുന്നു. 2014 ൽ ടീമിനെ ലോക ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കു വഹിച്ച മുള്ളർക്കു മാത്രമല്ല, ജർമനിയിൽ ഒരാൾക്കും ഈ തോൽവി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അത്ര മാത്രം സ്തബ്ധരാണവർ. 80 വർഷത്തിനു ശേഷം ആദ്യമായാണ് ജർമനി ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്താവുന്നത്. 'വാക്കുകളില്ല' എന്നായിരുന്നു പ്രമുഖ ജർമൻ പതമായ ബിൽഡിന്റെ തലക്കെട്ട്.
നാല് വർഷം മുമ്പ് ബ്രസീലിൽ ലോകകപ്പ് നേടിയ ടീമിന്റെ നിഴൽ പോലുമായിരുന്നില്ല റഷ്യയിൽ കണ്ടത് എന്നതാണ് വാസ്തവം. മെക്‌സിക്കോക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ അതു കണ്ടു. മെക്‌സിക്കൻ താരങ്ങൾ തിരമാലകൾ പോലെ ജർമൻ മധ്യനിരയിലൂടെ ഇരച്ചുകയറുകയായിരുന്നു. ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തോൽവി നേരിട്ട ജർമനി, പിന്നീട് അത്യധ്വാനം ചെയ്താണ് സ്വീഡനെതിരെ വിജയം പിടിച്ചെടുത്തത്. അവസാന മിനിറ്റിൽ ടോണി ക്രൂസിന്റെ ഫ്രീ കിക്കിലൂടെ. എന്നാൽ അവസാന മത്സരത്തിൽ കൊറിയക്കെതിരെ ജർമനിയുടെ എല്ലാ തന്ത്രവും വിഫലമായി.
നാണം കെട്ട ഈ പുറത്താകലിന് കാരണക്കാർ ആരെന്നെ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. എന്നാൽ ഡിഫൻഡർ മാറ്റ് ഹമ്മൽസ് ഉള്ള സത്യം തുറന്നുപറഞ്ഞു: 'ഞങ്ങളെല്ലാവരും പിഴവ് വരുത്തി'. കോച്ച് ലോവും, ടീം ഡയറക്ടർ ഒലിവർ ബിയറോഫും മുതൽ കളിക്കാരും ടീമിലെ സപ്പോർട്ട് സ്റ്റാഫുമെല്ലാം ഈ വീഴ്ചയിൽ തങ്ങളുടേതായ പങ്കു വഹിച്ചിട്ടുണ്ട്.
മോസ്‌കോയുടെ തെക്കുപടിഞ്ഞാറുള്ള ഒറ്റപ്പെട്ട സ്ഥലമായ വാറ്റുറ്റിങ്കിയെ ടീമിന്റെ ബേസ് ക്യാമ്പിന് തെരഞ്ഞെടുത്തത് ബിയറോഫാണ്. കളിക്കാർക്കാർക്കും ഈ സ്ഥലം ഇഷ്ടപ്പെട്ടില്ല. ലോകകപ്പ് കളിക്കുകയാണെന്ന ഒരു ഫീലിംഗ് കിട്ടാത്ത സ്ഥലമെന്നായിരുന്നു ക്യാപ്റ്റൻ മാന്വൽ ന്യൂയറുടെ പ്രതികരണം.
സ്വീഡനെതിരെ ജയം നേടിയപ്പോൾ ജർമൻ ടീമിലെ രണ്ട് സപ്പോർട്ടിംഗ് സ്റ്റാഫ് അംഗങ്ങൾ സ്വീഡിഷ് കോട്ട് ജാനി ആൻഡേഴ്‌സനു മുന്നിൽ നടത്തിയെ പ്രകോപനപരമായ ആവേശപ്രകടനങ്ങളും വിവാദമായി. രണ്ട് പേരെയും ടീമിൽനിന്ന് പുറത്താക്കേണ്ടിവന്നു.
എങ്കിലും ടീമിന്റെ തകർച്ചയുടെ ഏറ്റവും വലിയ കാരണക്കാരൻ കോച്ച് ലോവ് തന്നെ. 12 വർഷമായി ജർമൻ പരിശീലക സ്ഥാനത്തു തുടരുന്ന ലോവ് ഇതുവരെ ഇത്രയും കടുത്ത സമ്മർദത്തിൽ പെട്ടിട്ടില്ല. കഷ്ടിച്ച് 12 മാസം മുമ്പ് വരെയും അദ്ദേഹം പറയുന്നതു തന്നെയായിരുന്നു ജർമൻ ഫുട്‌ബോളിലെ അവസാന വാക്ക്. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തിനു പിന്നാലെ 2017ലെ കോൺഫെഡറേഷൻസ് കപ്പും ജർമനി നേടി. ജർമൻ ഫുട്‌ബോൾ അസോസിയേഷനുമായുള്ള കരാർ 58 കാരൻ 2022 വരെ നീട്ടിയത് കഴിഞ്ഞ മാസം മാത്രമാണ്.
ലോകകപ്പിൽനിന്ന് ജർമനി അപ്രതീക്ഷിതമായി നേരത്തെ പുറത്തായതോട ലോവ് ചിലപ്പോൾ രാജിവെച്ചേക്കും. അല്ലാത്ത പക്ഷം കടുത്ത വെല്ലുവിളിയാവും അദ്ദേഹത്തിന് നേരിടേണ്ടിവരിക.
പ്രതാപം നഷ്ടപ്പെട്ട തന്റെ പഴയ പടക്കുതിരകളിൽ വീണ്ടും വിശ്വാസം അർപ്പിച്ചു എന്നതാണ് ലോവിനു മേൽ ആരോപിക്കപ്പെടുന്ന പ്രധാന കുറ്റം. നല്ല കാലം കഴിഞ്ഞിട്ടും മുള്ളർ, മാറ്റ് ഹമ്മൽസ്, സാമി ഖെദീറ, മെസുത് ഓസിൽ, ടോണി ക്രൂസ്, ജെറോം ബോട്ടാങ് തുടങ്ങിയവരെ മാറ്റിനിർത്താൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. കോൺഫെഡറേഷൻസ് കപ്പിൽ തിളങ്ങിയ യുവതാരങ്ങളിൽ ജോഷ്വ ക്ലിമിച്ച്, ടിമോ വേർണർ എന്നിവർക്കു മാത്രമാണ് ആദ്യ ഇലവനിൽ ഇടം നൽകാൻ ലോവ് തയാറായത്. യൂലിയൻ ബ്രാൻഡ്റ്റ്, ലിയോൺ ഗോരറ്റ്‌സ്‌ക, സെബാസ്റ്റ്യൻ റൂഡി, നക്‌ലാസ് സുവേലെ എന്നിവർക്ക് അവസം നൽകിയതാവട്ടെ, ടീം കടുത്ത പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിൽ മാത്രവും. മാഞ്ചസ്റ്റർ സിറ്റിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലിറോയ് സെയ്‌നിനെ ടീമിൽ എടുക്കാത്തത് വൻ വിമർശനത്തിന് വഴിവെച്ചിരുന്നു.
പഴയ കളിക്കാരെ വെച്ച് പുതിയ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു ലോവ്. ഇതിനിടെ കളിക്കാർക്കിടയിൽ ലോവ് വെച്ചുപൊറുപ്പിക്കാത്ത സ്വഭാവമായ അഹങ്കാരം ക്രമേണ തല പൊന്തി. 'പല കളിക്കാരും ഏകാംഗ ബ്രാൻഡ് അംബാസഡർമാരായാണ് എത്തിയതെന്ന്' ജർമൻ ഫുട്‌ബോൾ വിദഗ്ധൻ റാൾഫ് ഹോണിങ്സ്റ്റീൻ പറഞ്ഞു. ഫുട്‌ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം സോഷ്യൽ മീഡിയയിൽ ആരാധകരെ സൃഷ്ടിക്കുന്നതിലായിരുന്നു അവർക്ക് താൽപര്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പഴയ പ്രതാപം തിരിച്ചുപിടിക്കണമെങ്കിൽ ജർമനിക്ക് തങ്ങളുടെ ടീമിനെ അടിമുടി ഉടച്ചുവാർത്തേ മതിയാവൂ. ആ ചുമതല യോവാക്വിം ലോവിനു തന്നെയായിരിക്കുമോ, അതോ മറ്റൊരാൾക്കോ എന്നതാണ് ഇനി കാണാനുള്ളത്.