- തോറ്റെങ്കിലും കാർഡ് തുണയായി
- പോളണ്ട് 1-ജപ്പാൻ 0
വോൾഗോഗ്രാഡ്- അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ജപ്പാൻ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാർട്ടറിലേക്ക് മുന്നേറി. നേരത്തെ പുറത്തായ പോളണ്ടിനെതിരെ ആദ്യ പകുതിയിൽ ജപ്പാനായിരുന്നു നേരിയ മുൻതൂക്കമെങ്കിലും അമ്പത്തൊമ്പതാം മിനിറ്റിൽ യാൻ ബെദ്‌നാരെക്കിലൂടെ പോളണ്ട് വിജയം പിടിച്ചു. ആദ്യ രണ്ടു കളികളും തോറ്റതോടെ പോളണ്ടിന്റെ പ്രതീക്ഷ അസ്തമിച്ചിരുന്നു. നോക്കൗട്ട് റൗണ്ടിൽ ഏഷ്യയുടെ ഏക പ്രതിനിധിയാണ് ജപ്പാൻ. കഴിഞ്ഞ തവണ ഏഷ്യയിലെ നാലു ടീമുകളും ഗ്രൂപ്പുകളിൽ അവസാന സ്ഥാനത്തായിരുന്നു.
ബോക്‌സിലേക്ക് വന്ന റഫാൽ കുർസാവയുടെ ഫ്രീകിക്ക് മാർക്കറെ വെട്ടിച്ച് ബെദ്‌നാരെക് വലയിലേക്ക് പായിച്ചു. അതോടെ ജപ്പാൻ പുറത്താവുമെന്ന അവസ്ഥയായിരുന്നു. കൊളംബിയ- സെനഗൽ മത്സരം ഗോൾരഹിത സമനിലയായിരുന്നു. എന്നാൽ സെനഗലിനെതിരെ കൊളംബിയ എഴുപത്തേഴാം മിനിറ്റിൽ ഗോളടിച്ചു. അതോടെ ജപ്പാനായി രണ്ടാം സ്ഥാനത്ത്. എന്നാൽ ഒരു ഗോൾ കൂടി വഴങ്ങിയിരുന്നുവെങ്കിൽ ജപ്പാന്റെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.
ജപ്പാനും സെനഗലിനും തുല്യ പോയന്റും തുല്യ ഗോൾവ്യത്യാസവുമായിരുന്നു. അടിച്ച ഗോളും തുല്യം. അതോടെ ഫെയർപ്ലേ റെക്കോർഡ് പരിഗണനക്ക് വന്നു. ജപ്പാന് നാലും സെനഗലിന് ആറും മഞ്ഞക്കാർഡ് കിട്ടിയിരുന്നു. കൂടുതൽ മഞ്ഞക്കാർഡ് കിട്ടിയ സെനഗൽ പുറത്തായി. തോറ്റെങ്കിലും ടീം ഗ്രൂപ്പ് ഘട്ടം കടക്കുമെന്നറിഞ്ഞതോടെ വോൾഗോഗ്രാഡ് അരീനയിലെ ജപ്പാൻ ആരാധകർ ആഘോഷം തുടങ്ങി.
വിരസമായിരുന്നു മത്സരം. ഇരു ടീമുകളും ഗോളടിക്കുമെന്ന് തോന്നിയില്ല. അവസാന 15 മിനിറ്റിൽ ജപ്പാൻ എതിർ പകുതിയിലേക്ക് ആക്രമണം നയിക്കാൻ പോലും തയാറായില്ല. കാണികൾ കൂവിവിളിച്ചാണ് പ്രതികരിച്ചത്. ഇഞ്ചുറി ടൈമിൽ ജപ്പാൻ കളിക്കാർ പരസ്പരം പാസ് ചെയ്ത് സമയം പാഴാക്കി. വിജയമുറപ്പിച്ച പോളണ്ടും താൽപര്യം കാട്ടിയില്ല. കഴിഞ്ഞ രണ്ട് കളിയിൽ ഗോളടിച്ച നാലു പേരെയും റിസർവ് ബെഞ്ചിലിരുത്തിയാണ് ജപ്പാൻ തുടങ്ങിയത്. എന്നിട്ടും ആദ്യ പകുതിയിൽ കൂടുതൽ അവസരം തുറന്നത് ജപ്പാനായിരുന്നു. മുപ്പത്തിരണ്ടാം മിനിറ്റിൽ ഗോളി എയ്ജി കവാഷിമയുടെ മിന്നൽ സെയ്‌വാണ് ഉറച്ച ഗോളിൽ നിന്ന് ജപ്പാനെ രക്ഷിച്ചത്.
കാമിൽ ഗ്രോസിക്കിയുടെ ഹെഡർ ഗോൾവരയിൽ വീണെങ്കിലും പൂർണമായി ഗോൾവര കടന്നില്ല. എഴുപത്തിനാലാം മിനിറ്റിൽ ലീഡ് വർധിപ്പിക്കാൻ പോളണ്ട് നായകൻ റോബർട് ലെവൻഡോവ്‌സ്‌കിക്ക് സുവർണാവസരം കിട്ടി. എന്നാൽ ഷോട്ട് ബാറിനു മുകളിലൂടെ പറന്നു. അത് ഗോളായിരുന്നുവെങ്കിൽ സെനഗൽ കടന്നേനേ. അഞ്ച് ലോകകപ്പിനിടെ മൂന്നാം തവണയാണ് ജപ്പാൻ നോക്കൗട്ടിലെത്തുന്നത്.