Sorry, you need to enable JavaScript to visit this website.

പത്തു ദിവസത്തെ യു. എസ് സന്ദര്‍ശനത്തിന് രാഹുല്‍

ന്യൂദല്‍ഹി- കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ചൂടിനും മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനും പിന്നാലെ പത്ത് ദിവസം വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്. മെയ് 31 മുതല്‍ 10 ദിവസമാണ് അമേരിക്കയിലെ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. 

ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ നടക്കുന്ന റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. റാലിയില്‍ അയ്യായിരം വിദേശ ഇന്ത്യക്കാര്‍ പങ്കെടുക്കും. വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലും നടക്കുന്ന സമ്മേളനങ്ങളിലും രാഹുല്‍ പങ്കെടുക്കും. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ചടങ്ങില്‍ പ്രസംഗിക്കുന്ന രാഹുല്‍  അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും കാണും.

രാഹുലിന് പിന്നാലെ ജൂണ്‍ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കയിലെത്തുന്നുണ്ട്. പ്രസിഡന്റ് ജോ ബൈഡനുമായി മോഡി കൂടിക്കാഴ്ച നടത്തും. 

കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ മോഡി സര്‍ക്കാറിനെ വിമര്‍ശിച്ച് സംസാരിച്ച രാഹുല്‍ ഗാന്ധി ഇന്ത്യനവസ്ഥകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇന്ത്യന്‍ ജനാധിപത്യം സമ്മര്‍ദ്ദത്തിലാണെന്നും ഭീഷണി നേരിടുകയുമാണെന്നുമുള്ള രാഹുലിന്റെ പരാമര്‍ശനം ബി. ജെ. പിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

Latest News