ഇന്ത്യ- യു. എസ് വ്യാപാര തല ചര്‍ച്ച ജൂണ്‍ ആദ്യവാരം

ന്യൂദല്‍ഹി- കയറ്റുമതി നിയന്ത്രണങ്ങള്‍ കാര്യക്ഷമമാക്കിയും ഹൈടെക് വാണിജ്യം വര്‍ധിപ്പിച്ചും ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിംഗ് ടെക്‌നോളജി (ഐ. സി. ഇ. ടി) സംരംഭത്തിന്റെ ഫലങ്ങള്‍ നടപ്പിലാക്കുന്നതിനായി ഇന്ത്യയും യു. എസും ജൂണ്‍ നാല്, അഞ്ച് തിയ്യതികളില്‍ വ്യാപാരതലത്തിലുള്ള ആദ്യ ചര്‍ച്ച നടത്തും. 

ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ആദ്യത്തെ ഐ. സി. ഇ. ടി. സംഭാഷണം ജനുവരി 31ന് നടന്നിരുന്നു. മാര്‍ച്ച് 10ന് ഉഭയകക്ഷി വാണിജ്യ സംഭാഷണം പുന:രാരംഭിക്കുന്നതിനായി യു. എസ്. വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ ഇന്ത്യയില്‍ വന്നപ്പോഴാണ് തന്ത്രപരമായ വ്യാപാര ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. 

തന്ത്രപരമായ വ്യാപാര സംഭാഷണ ചര്‍ച്ചയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജൂണ്‍ 22 സന്ദര്‍ശനത്തിനുള്ള അവസാന നിമിഷ തയ്യാറെടുപ്പുകള്‍ക്കുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അടുത്ത മാസം ആദ്യം യു. എസിലേക്ക് പോകും. 

മെയ് 19 മുതല്‍ 21 വരെ ജപ്പാനില്‍ നടക്കുന്ന ജി-7 യോഗത്തിലും പിന്നീട് മെയ് 24ന് ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി മോഡി പ്രസിഡന്റ് ബൈഡനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മെയ് 22ന് പാപ്പുവ ന്യൂ ഗിനിയയിലെ പോര്‍ട്ട് മോറെസ്ബിയില്‍ ഇരു നേതാക്കളും  ഫാര്‍ പസഫിക് രാജ്യങ്ങളുടെ നിര്‍ണായക ഇടപെടലിലും ഒത്തുചേരും. സോളമന്‍ ദ്വീപുകളില്‍ ചൈനീസ് നീക്കം തടയുന്നതിന് പാപ്പുവ ന്യൂ ഗിനയയുമായി ചേര്‍ന്ന് പ്രതിരോധ സഹകരണം യു. എസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News