ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിലാസം നല്‍കി; സുധാമൂര്‍ത്തിയെ വിശ്വസിക്കാതെ എമിഗ്രേഷന്‍ ഓഫിസര്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിലാസം നല്‍കിയ സുധാമൂര്‍ത്തിയോട് നിങ്ങള്‍ തമാശ പറയുകയാണോ എന്നു ചോദിച്ച് യു. കെയിലെ എമിഗ്രേഷന്‍ ഓഫിസര്‍. ദി കപില്‍ ഷോ എപ്പിസോഡിലാണ് 72കാരിയായ സുധാ മൂര്‍ത്തി തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവെച്ചത്. 

ഒരിക്കല്‍ യു. കെയിലേക്ക് പോയപ്പോള്‍ എമിഗ്രേഷനിലെ ഉദ്യോഗസ്ഥന്‍ ലണ്ടനില്‍ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു രസകരമായ കാര്യം സംഭവിച്ചത്. വിലാസം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് 10 ഡൗണിംഗ് സ്ട്രീറ്റ് എന്നാണ് സുധാ മൂര്‍ത്തി എഴുതിക്കൊടുത്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയുടേയും ഓഫിസിന്റേയും വിലാസമാണ് 10 ഡൗണിംഗ് സ്ട്രീറ്റ്. ഇതുകണ്ടാണ് ഉദ്യോഗസ്ഥന്‍ നിങ്ങള്‍ തമാശ പറയുകയാണോ എന്നു ചോദിച്ചത്. 

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയുടെ മാതാവാണ് എഴുത്തുകാരി കൂടിയായ സുധാ മൂര്‍ത്തി. മാത്രമല്ല ഇന്‍ഫോസിസ് സഹസ്ഥാപകനും വ്യവസായിയുമായ നാരായണ മൂര്‍ത്തിയുടെ ഭാര്യയുമാണ് അവര്‍.

തന്റെ മകനും യു. കെയിലുണ്ടെങ്കിലും അവന്റെ വിലാസം പെട്ടെന്ന് ഓര്‍മ വരാതിരുന്നതിനാലാണ് പ്രധാനമന്ത്രിയുടെ വസതിയുടെ വിലാസം എഴുതിക്കൊടുത്തതെന്ന് സുധാ മൂര്‍ത്തി പറയുന്നു. 

എമിഗ്രേഷന്‍ ഓഫിസര്‍ താമസ സ്ഥലം ചോദിക്കുമ്പോള്‍ തന്റെ മൂത്ത സഹോദരിയും തന്നോടൊപ്പമുണ്ടായിരുന്നതായി സുധാ മൂര്‍ത്തി പറയുന്നു. 

എമിഗ്രേഷന്‍ ഓഫീസര്‍ അവിശ്വസനീയതയോടെ നോക്കി തമാശയാണോ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ 'നഹി സച്ചി ബോല്‍ത്തി ഹു' (അല്ല, ഞാന്‍ നിങ്ങളോട് സത്യമാണ് പറയുന്നത്) എന്ന മറുപടി നല്‍കിയതായും അവര്‍ ഷോയില്‍ പറഞ്ഞു.

Latest News