Sorry, you need to enable JavaScript to visit this website.

രവിവർമ്മ ചിത്രങ്ങളുടെ മോഹിനീഭാവം

ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവായാണ് രാജാരവിവർമ്മയെ വിലയിരുത്തുന്നത്. രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു അദ്ദേഹം. ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്ന കാലത്താണ് സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനായി അദ്ദേഹം നിലകൊണ്ടത്. വരകളിലെ വേഷവിധാനങ്ങളിലൂടെ സാംസ്‌കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു. ചിത്രകാരനെന്നതിലുപരി കവിയും എഴുത്തുകാരനും സംഗീതജ്ഞനുമെല്ലാമായിരുന്നു അദ്ദേഹം. രാജാരവിവർമ്മയുടെ 175 ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കവിതകൾ മോഹിനിയാട്ട രൂപത്തിൽ ആവിഷ്‌കരിച്ചിരിക്കുകയാണ് പ്രശസ്ത നർത്തകിയായ ഗായത്രി മധുസൂദൻ. രവിവർമ്മയുടെ കൃതികൾക്ക് ദൃശ്യാവിഷ്‌കാരവും രംഗഭാഷയും നൽകി അരങ്ങിൽ അവതരിപ്പിക്കുന്നത് ആദ്യമായാണ്. ഇത്തരം ഒരു ഉദ്യമത്തിന് പ്രേരകമായ ഘടകങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഗായത്രി.

രവിവർമ്മ കൃതികൾ മോഹിനിയാട്ടരൂപത്തിലേയ്ക്ക് പകർത്താനുണ്ടായ പ്രചോദനം

രവിവർമ്മയുടെ കൃതികൾ മോഹിനിയാട്ടത്തിലേയ്ക്ക് പകർത്തുക എന്നത് തികച്ചും ഒരു വെല്ലുവിളി തന്നെയായിരുന്നു. കവിത തുളുമ്പുന്ന ചിത്രങ്ങൾ വരയ്ക്കുക മാത്രമല്ല, നന്നായി എഴുതുകയും പാടുകയും നൃത്തം വയ്ക്കുകയും കവിതകളെഴുതുകയും ചെയ്യുമായിരുന്നു അദ്ദേഹം. കൂടാതെ നല്ല സംഗീതജ്ഞാനവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കാണാനിടയായി. ബിഫോർ ദി ബ്രഷ് ഡ്രോപ്‌സ് എന്ന ആ ഡോക്യുമെന്ററിയാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ പ്രേരിപ്പിച്ചത്. ഒരിക്കൽ ഒരു ചിത്രം വരച്ചുകൊണ്ടിരിക്കുമ്പോൾ കൈയിൽനിന്നും ബ്രഷ് താഴെ വീണുപോവുകയും പിന്നീട് അദ്ദേഹം കിടപ്പിലായി മരണം വരിക്കുകയുമായിരുന്നു എന്നാണ് ചരിത്രം. അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമെല്ലാം കൂടുതലറിയാനുള്ള കൗതുകമാണ് ഒടുവിൽ മോഹിനിയാട്ട രൂപത്തിലെത്തിച്ചത്. നീണ്ട കാലത്തെ ഗവേഷണത്തിനൊടുവിലാണ് ഹിരൺമയം വേദിയിലെത്തിയത്. വളരെ കാവ്യാത്മകമായി ചിത്രങ്ങൾപോലെ ഭാവനാസമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ കവിതകളും. രവിവർമ്മയുടെ വരികൾ കോർത്തിണക്കിയാണ് ഹിരൺമയം ചിട്ടപ്പെടുത്തിയത്. നൃത്തമാണ് എന്റെ മാധ്യമമെന്നതിനാലാണ് മോഹിനിയാട്ട രൂപത്തിലാക്കാൻ പ്രേരണയായത്. വിഷ്വൽ സാധ്യതകൾ ഏറെയുണ്ടായിരുന്ന ആ വരികളിലൂടെ ഒന്നു ശ്രമിച്ചുനോക്കാമെന്നു കരുതി.  ഓട്ടൂർ നമ്പൂതിരിപ്പാടിന്റെ ശുദ്ധ അദൈ്വതവും പൂന്താനത്തിന്റെ ഘനസംഘവും ഗജവർണ്ണനയുമെല്ലാം മോഹിനിയാട്ട രൂപത്തിലാക്കിയ പരിചയവും തുണയായി.

എന്തുകൊണ്ട് ഹിരൺമയം?

ഹിരൺമയം എന്നാൽ സ്വർണ്ണവർണ്ണം എന്നാണർഥം. രവിവർമ്മയുടെ ചിത്രങ്ങളിലെല്ലാം സ്വർണ്ണനിറത്തിന് അമിത പ്രാധാന്യം നൽകിയിട്ടുണ്ട്. രവിവർമ്മയുടെ ജീവിതത്തിലെ നാല് സുപ്രധാന സംഭവങ്ങളാണ് നൃത്തരൂപത്തിൽ അവതരിപ്പിച്ചത്. അദ്ദേഹം ഒട്ടേറെ സ്തുതികൾ എഴുതിയിട്ടുണ്ട്. രാഗമാലികയിലുള്ള ഇത്തരം ഒരു സ്തുതിയിൽനിന്നുമെടുത്ത ഒരു ശ്‌ളോകമാണ് ഹിരൺമയത്തിലെ ആദ്യഭാഗം. ശശിശേഖര സ്തുതിയിലെ ആ ശ്‌ളോകം തിരഞ്ഞെടുത്ത് ഒരു ചൊൽക്കെട്ട് മാതൃകയിൽ ചിട്ടപ്പെടുത്തുകയായിരുന്നു. മാനസയാത്ര എന്നു പേരിട്ടിരിക്കുന്ന രണ്ടാംഭാഗത്ത് യാത്രാവിവരണങ്ങളാണ് പ്രമേയമാക്കിയത്. യാത്രാവിവരണങ്ങളെല്ലാം സ്തുതികളായാണ് അദ്ദേഹം എഴുതിയിരുന്നത്. ഹരിദ്വാർ, സരയു, നർമ്മദാ നദീതീരം എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സഞ്ചരിച്ചു. എന്നാൽ മാനസസരോവരം സന്ദർശിച്ചതായി എവിടെയും പറയുന്നില്ല. ശരീരത്തിനെത്താൻ കഴിയാത്തിടത്ത് മനസ്സിനെത്താനാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. മൂന്നാം ഭാഗമാകട്ടെ, അദ്ദേഹം ചിത്രങ്ങളോരോന്നും വരച്ചുകഴിയുമ്പോൾ അടിക്കുറിപ്പായി നൽകിയത് ശ്‌ളോകങ്ങളായിരുന്നു. കിരാതപാർവ്വതി വരച്ചുകഴിഞ്ഞപ്പോൾ ചേർത്ത അടിക്കുറിപ്പായിരുന്നു മൂന്നാംഭാഗം. നാലാം ഭാഗത്തിൽ രവിവർമ്മയുടെ മരണവിവരമറിഞ്ഞ് കവി സുബ്രഹ്മണ്യഭാരതി അയച്ചുനൽകിയ അനുശോചനകാവ്യമായിരുന്നു. ഇതൊരു വാഴ്ത്തുപാട്ടാണ്. ഒടുവിൽ മംഗളംപാടി അവസാനിപ്പിക്കുകയാണ്. ഒരു സകലകലാവല്ലഭന് നൃത്തംകൊണ്ട് ശ്രദ്ധാഞ്ജലി നൽകുകയായിരുന്നു ഈ ശ്രമത്തിലൂടെ ലക്ഷ്യമിട്ടത്. മാത്രമല്ല, ലോകനൃത്തദിനമായ ഏപ്രിൽ 29 നാണ് ഈ നൃത്തപരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞതെന്നതും ശ്രദ്ധേയമാണ്. മോഹിനിയാട്ടത്തിന് സംഗീതം ചിട്ടപ്പെടുത്തിയത് എറണാകുളം സെന്റ് തെരേസാസ് കോളേജിലെ സംഗീത വിഭാഗം തലവനായ നീലംപേരൂർ സുരേഷായിരുന്നു. തിരുവനന്തപുരം ഭാരത് ഭവനിലെ പ്രകടനത്തിനുശേഷം കിളിമാനൂർ കൊട്ടാരത്തിലും ഈ നൃത്തരൂപം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കൊട്ടാരത്തിലെ ചിത്രശാലയ്ക്കു മുന്നിലെ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു.

നൃത്തലോകത്തേയ്ക്കു കടന്നുവന്നത്

മലപ്പുറം ജില്ലയിലെ തിരൂരിലായിരുന്നു ജനിച്ചത്. സ്്കൂൾ വിദ്യാഭ്യാസം നാട്ടിൽതന്നെയായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനായാണ് കോഴിക്കോട്ടെത്തിയത്. പ്രോവിഡൻസ് കോളേജിലായിരുന്നു ബിരുദപഠനം പൂർത്തിയാക്കിയത്. നാലര വയസ്സു മുതൽ നൃത്തം പരിശീലിക്കുന്നുണ്ട്. തിരുവനന്തപുരം സംസ്‌കൃത കോളേജിലെ പ്രിൻസിപ്പലായിരുന്ന ഡോ. എം.കെ. ഗീതയായിരുന്നു ആദ്യഗുരു. വീടിനടുത്തുള്ള ലളിതകലാ സമിതിയിൽ വച്ചായിരുന്നു പരിശീലനം. ഭരതനാട്യമായിരുന്നു അഭ്യസിച്ചിരുന്നതെങ്കിലും മോഹിനിയാട്ടവും പരിശീലിച്ചിരുന്നു. അക്കാലത്ത് ഭരതനാട്യത്തോടായിരുന്നു കൂടുതൽ താല്പര്യം. കോളേജ് പഠനകാലത്താണ് മോഹിനിയാട്ടത്തിലേയ്ക്കു മനസ്സർപ്പിച്ചുതുടങ്ങിയത്. ഒരിക്കൽ പത്മശ്രീ ഡോ. ഭാരതി ശിവജിയുടെ മോഹിനിയാട്ടം കണ്ടതായിരുന്നു നിമിത്തമായത്. അവരുടെ ശൈലിയും അവതരണരീതിയുമെല്ലാം മനസ്സിനിഷ്ടമായി. അതോടെ മോഹിനിയാട്ടം ഗൗരവമായി പരിശീലിച്ചുതുടങ്ങി. എൻ.കെ. ഗിരിജ ടീച്ചറായിരുന്നു ഗുരു. സ്‌കൂൾ, കോളേജ് പഠനകാലത്ത് നിരവധി വേദികളിൽ നൃത്തം അവതരിപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. പിന്നീട് പല വേദികളിലും നൃത്തം അവതരിപ്പിച്ചുതുടങ്ങി. മോഹിനിയാട്ടം മാത്രമല്ല, ഭരതനാട്യവും തിരുവാതിരക്കളിയുമെല്ലാം അവതരിപ്പിക്കാറുണ്ട്. ദൂരദർശനിൽ നൃത്തമണ്ഡപം എന്ന പേരിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

മറക്കാനാവാത്ത അനുഭവങ്ങൾ

നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും ഞങ്ങളുടെ നാട്ടിൽത്തന്നെയുള്ള തിരൂർ തുഞ്ചൻ പറമ്പിലെ ഉത്സവത്തിന് എല്ലാവർഷവും നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നത് ഇന്നും മറക്കാനാവില്ല. തുഞ്ചൻ പറമ്പിലെ നൃത്തവേദിയിലായിരുന്നു അരങ്ങേറ്റവും നടത്തിയത്. ഞങ്ങൾ നാട്ടുകാർക്ക് അതൊരു ആഘോഷംതന്നെയായിരുന്നു. എല്ലാവർഷവും ഡിസംബർ മാസം 30, 31  തീയതികളിലായിരുന്നു അവിടെ ഉത്സവം അരങ്ങേറിയിരുന്നത്. പിന്നീട് തുഞ്ചൻ ഉത്സവത്തിന്റെ രീതികളെല്ലാം മാറി. വിജയദശമി നാളിലെല്ലാം വലിയ ആഘോഷങ്ങളാണ് അവിടെ നടന്നുവരുന്നത്. രണ്ടു വർഷം മുൻപാണ് ഒടുവിലായി തുഞ്ചൻ പറമ്പിലെ ഉത്സവവേദിയിൽ നൃത്തം അവതരിപ്പിച്ചത്.

ദ്യുതിയെക്കുറിച്ച്

എന്റെ ഡാൻസ് ക്ലാസിനെയാണ് ദ്യുതിയെന്നു പറയുന്നത്. അതൊരു മോഹിനിയാട്ട കളരിയാണ്. കുട്ടികളും മുതിർന്നവരും അവിടെ പഠിതാക്കളായെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സരസ്വഭാവമില്ല. കേസരി ഭവനിൽവച്ചാണ് ക്ലാസുകൾ നടത്തുന്നത്. അൻപതോളം പേർ ശിഷ്യരായുണ്ട്. കുട്ടിക്കാലത്ത് നൃത്തം പഠിക്കാൻ കഴിയാതെ പോയവരും, പഠനത്തിനിടെ പപാതിവഴിയിൽ നിർത്തേണ്ടിവന്നവരുമെല്ലാം ഇവിടെയുണ്ട്. കൂടാതെ ഊരാളുങ്കൽ ഫൗണ്ടേഷന്റെ യു.എൽ കെയർ നായനാർ സദനം എന്ന പേരിൽ ഭിന്നശേഷി കുട്ടികളെയും നൃത്തം പരിശീലിപ്പിക്കുന്നുണ്ട്. ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ സ്ത്രീകൾക്ക് നിത്യജീവിതത്തിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാനും ജോലിസ്ഥലത്ത് കൂടുതൽ ഊർജസ്വലരാകാനും നൃത്തപരിശീലനത്തിലൂടെ കഴിയുന്നുണ്ടെന്നാണ് അവരുടെ അനുഭവസാക്ഷ്യം.

ഭാവി പരിപാടികൾ

മനസ്സിൽ ഇനിയും പല ആശയങ്ങളുണ്ട്. തീമാറ്റിക് പ്രസന്റേഷനാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. കവിതകൾക്ക് നൃത്തഭാഷ്യം ചമക്കാനാണ് കൂടുതലിഷ്്ടം. കോട്ടക്കൽ മധു ചിട്ടപ്പെടുത്തിയ ഗജവർണ്ണന അവതരിപ്പിക്കാറുണ്ട്. ഹിരൺമയം അവസരം ലഭിച്ചാൽ ഇനിയും വേദികളിൽ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.  നൃത്തത്തെക്കുറിച്ചും പ്രശസ്തരായ നിരവധി നർത്തകരെക്കുറിച്ചും ഒട്ടേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കൂടാതെ നിരവധി വർക്ക് ഷോപ്പുകളും കുട്ടികൾക്കായി സാംസ്‌കാരിക പരിപാടികളും നടത്തിവരുന്നു.

അംഗീകാരങ്ങൾ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2019 ൽ വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പേരിൽ ആദരിക്കപ്പെട്ടിരുന്നു. പോയവർഷത്തെ സ്വാതന്ത്ര്യദിനത്തിൽ അഖില കേരള ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണത്തിനായി നൃത്തത്തിനു നൽകിയ സമഗ്ര സംഭാവനയുടെ പേരിൽ അവാർഡിന് അർഹയായിരുന്നു. കൂടാതെ ചെറുതും വലുതുമായ ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
അഭിഭാഷകനായ മധുസൂദനാണ് ഭർത്താവ്. മൂത്ത മകൻ ഹരികൃഷ്ണൻ ബോംബെ പ്‌ളേയിൽ ഫിനാൻസ് ഹെഡായി ജോലി നോക്കുന്നു. ഇളയ മകൻ ജയകൃഷ്ണൻ അച്ഛന്റെ പാതയിൽ അഭിഭാഷകനാണ്. കോഴിക്കോട്ട് ചാലപ്പുറത്താണ് താമസം.

Latest News