Sorry, you need to enable JavaScript to visit this website.

'നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി'

വടക്കേ മലബാറിലെ പൈതൃക നഗരിയിൽ ഏതാനും ആഴ്ചകൾക്കപ്പുറം പൗരാവലി മുൻകൈയെടുത്ത് ഒരു അപൂർവ ചടങ്ങ് നടന്നു. ഉച്ച വെയിലിലും ഓഡിറ്റോറിയം നിറയെ ആളുകൾ. 
എല്ലാ മന്ത്രിമാരേയും പോലെ ഈ  ചടങ്ങിലെ മുഖ്യാതിഥിയായ മന്ത്രിയും ഒരു മണിക്കൂറിലേറെ വൈകിയാണ് ചടങ്ങിനെത്തിയത്. അതൊന്നും കൂടിച്ചേർന്നവർക്ക് വിഷയമേ അല്ല. പട്ടണത്തിലും പരിസര ഗ്രാമങ്ങളിലുമുള്ള ആളുകളെ സമയവും കാലവും നോക്കാതെയും പ്രതിഫലം ഇച്ഛിക്കാതെയും ചികിത്സിച്ച മുതിർന്ന ഡോക്ടറെയാണ് ചടങ്ങിൽ ആദരിച്ചത്. ഏത് അസമയത്തും വിളിച്ചാൽ ഡോക്ടറുടെ സേവനം നമ്മുടെ വീടുകളിൽ ലഭ്യമാവുകയെന്നത് ഇക്കാലത്ത് മഹത്തായ സംഗതിയാണ്. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ഇനിയുള്ള കാലം ആരും അതിന് മുതിരില്ലെന്ന് വേണം ധരിക്കാൻ. ആദരിക്കപ്പെട്ട സീനിയർ ഡോക്ടർ അർധ രാത്രി രണ്ട് മണിയ്ക്ക് പോലും ആറും ഏഴും കിലോ മീറ്റർ അകലെ ചികിത്സിക്കാൻ യാതൊരു വൈമനസ്യവും പ്രകടിപ്പിക്കാതെ എത്താറുണ്ടെന്ന് ആശംസ പ്രസംഗങ്ങളിൽ കേട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ചടങ്ങിൽ പറഞ്ഞ വിഷയവും ശ്രദ്ധേയമായി. ഇദ്ദേഹം ചെയ്യുന്നത് പോലെ ഞങ്ങളാരും നിൽക്കില്ല. ഒരു വീട്ടിൽ മരണം സ്ഥിരീകരിച്ച് ഡോക്ടർ സാക്ഷ്യപ്പെടുത്തി കൊടുക്കുന്നത് പോലും പിന്നീട് പ്രശ്‌നമാവാം. ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നുള്ളതാണെങ്കിൽ ഈ സർട്ടിഫിക്കറ്റ് തന്നെ കുഴപ്പത്തിനിടയാക്കും. പോലീസ് സ്‌റ്റേഷനിലും കോടതിയിലും കയറാനേ നേരമുണ്ടാവൂ എന്നു പറഞ്ഞതിലും കാര്യമുണ്ട്. 
പിന്നിട്ട വാരത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ കസ്റ്റഡിയിലുള്ള പ്രതി കുത്തി കൊലപ്പെടുത്തിയ സംഭവം മലയാളി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. സർക്കാരിന്റെയും പോലീസിന്റെയും ഗുരുതരമായ അനാസ്ഥയാണ് ഇതിനു വഴിവച്ചത്. ഡോക്ടറുടെ അടുത്ത് പ്രതിയുടെ കൂടെ പോലീസ് വേണ്ടെന്ന സർക്കാർ ഉത്തരവ് ദുരന്തമെന്നു ഹൈക്കോടതി തന്നെ വ്യക്തമാക്കി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ കോട്ടയം സ്വദേശിനിയായ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (23) ആണ് മരിച്ചത്. ഡോ. വന്ദനയെ പ്രതി സന്ദീപ് സർജിക്കൽ ഉപകരണങ്ങൾ വച്ച് ആറു തവണയാണ് മാരകമായി കുത്തിയത്.
ലഹരിക്കടിമയായ, അടിപിടി നടത്തിയ പ്രതിയെ ഒറ്റയ്ക്ക് ഡോക്ടറുടെ അടുത്ത് വിട്ട പോലീസും ആശുപത്രി അധികൃതരും ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ഇത് മറച്ചു വച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്  നടത്തിയ പ്രസ്താവന വിവാദമാവുകയും ചെയ്തു. 
വീട്ടിലെ അടിപിടിക്കേസിൽ പിടിയിലായ പ്രതി സന്ദീപിനെ പുലർച്ചെ നാലു മണിയോടെയാണ് വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ചത്. മുറിയിൽ പരിശോധന നടക്കുന്നതിനിടെ പോലീസ് മാറി നിന്നു. ഈ സമയം കത്രികയെടുത്ത് പ്രതി കുത്തുകയായിരുന്നു. ആറ് തവണ കുത്തേറ്റു. ഡോക്ടറെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു ഡോക്ടർ അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്നവരെ ആക്രമിക്കുന്നത് അറിഞ്ഞാണ് പോലീസ് പിന്നീട് മുറിയിലേക്ക് എത്തിയത് തന്നെ. എല്ലാ രീതിയിലും യുവ ഡോക്ടറെ കുരുതി കൊടുക്കുകയാണ് ചെയ്തത്. മാതാപിതാക്കളുടെ ഏക മകളായിരുന്നു ഡോ. വന്ദന. ഡോക്ടർ ആകണമെന്ന വലിയ ആഗ്രഹത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പാസായ ശേഷം ഹൗസ് സർജൻസി ചെയ്യുകയായിരുന്നു.
ഇതൊക്കെ ഇടതുപക്ഷം പ്രതിപക്ഷത്തുള്ളപ്പോഴാണ് സംഭവിച്ചതെങ്കിലെന്ന് ഓർത്തു നോക്കൂ. ഇപ്പോഴത്തെ ഉണ്ണാക്കൻ പ്രതിപക്ഷം ഒരു വിഷയത്തിലും വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ലെന്നത് കേരളത്തിന്റെ ഭാഗ്യം. 
ആരോഗ്യമന്ത്രി കരയുന്നത് ഗ്ലിസറിൻ ഉപയോഗിച്ചാണോ, സവാള അരിഞ്ഞിട്ടാണോ എന്ന് ഗവേഷണം നടത്തുന്ന തിരക്കിലാണല്ലോ അവർ. 

                          ****              ****               ****
കേരളത്തെ നടുക്കിയ 22 പേർ കൊല്ലപ്പെട്ട താനൂരിലെ ബോട്ടു ദുരന്തത്തിൽ അധികൃതരുടെ ഞെട്ടിക്കുന്ന അലംഭാവവും വഴിവിട്ട ഇടപെടലുകളുമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. വിവാദ അറ്റ്ലാന്റിക്ക ബോട്ടിന് രജിസ്ട്രേഷനില്ലായെന്നും സുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ലായെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് രണ്ടാഴ്ച മുമ്പ് നാട്ടുകാരൻ നേരിട്ട് പരാതിപ്പെട്ടിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ബോട്ടിനെതിരെ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല ബോട്ടു സർവീസ് തുടരുകയും നമ്പർ നേടിയെടുക്കുകയും ചെയ്തതായി പറയുന്നു. ജില്ലാ കലക്ടർക്കു മുമ്പാകെ പരാതി പറഞ്ഞ തനിക്കു മാനസിക രോഗമാണെന്ന് അറ്റ്ലാന്റിക്ക ബോട്ടുടമ പറഞ്ഞെന്നും സ്ഥലവാസി വെളിപ്പെടുത്തി. 
താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്ക്കൽ മുഹാജിദാണ് രംഗത്തെത്തിയത്. താനൂരിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസും മന്ത്രി വി.അബ്ദുറഹിമാനും എത്തിയപ്പോഴാണ്  'അറ്റ്ലാന്റിക്' ബോട്ടിനെക്കുറിച്ച് പരാതിപ്പെട്ടത്. 
ബോട്ടിന് രജിസ്ട്രേഷനില്ലെന്നും ലൈസൻസില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും പറഞ്ഞപ്പോൾ മന്ത്രി അബ്ദുറഹിമാൻ തട്ടിക്കയറിയെന്നാണ് മുഹാജിദ് പറയുന്നത്.  മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോൾ പിഎയ്ക്ക് പരാതി നൽകാൻ പറയുകയും പിഎ പരാതി എഴുതിയെടുക്കുകയും ചെയ്തു. പക്ഷേ, തുടർ നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ 23ന് ആണ് താനൂരിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം നടന്നത്. നാട്ടുകാരന്റെ വെളിപ്പെടുത്തൽ 'ടീം ഓറഞ്ച്' എന്ന യു ട്യൂബ് ചാനലാണ് ആദ്യം പുറത്തുവിട്ടത്.
താനൂരിലും മറ്റിടങ്ങളിലും അടുത്തിടെ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകളുടെ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നത് നല്ലതാണ്. 2018 എന്ന സിനിമയുടെ നിർമാതാക്കൾ താനൂർ ബോട്ടപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ഒരു ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചത് മാതൃകാപരമായി. 

                          ****              ****               ****

കമ്യൂണിസ്റ്റ് പാർട്ടിക്കിത് സുവർണ കാലം. കായിക മന്ത്രി വി. അബ്ദുറഹിമാൻ സിപിഎമ്മിൽ അംഗത്വം സ്വീകരിച്ചു. നാഷണൽ സെക്യുലർ കോൺഫറൻസ് എന്ന പാർട്ടിയുടെ ലേബലിലാണ് താനൂർ എംഎൽഎ കൂടിയായ അബ്ദുറഹിമാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
കോൺഗ്രസ് വിട്ട് ഒമ്പത് വർഷത്തിന് ശേഷമാണ് അബ്ദുറഹിമാൻ സിപിഎമ്മിൽ ചേരുന്നത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച അബ്ദുറഹിമാൻ 2014ൽ കോൺഗ്രസ് വിട്ടു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിലെ സിറ്റിങ് എംഎൽഎയായിരുന്ന അബ്ദുറഹിമാൻ രണ്ടത്താണിയെ തോൽപ്പിച്ചാണ് നിയമസഭയിലേക്ക് എത്തുന്നത്. 4918 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് അദ്ദേഹത്തിന് ലഭിച്ചത്.2021ലെ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിനെ പരാജയപ്പെടുത്തി അബ്ദുറഹിമാൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 90 കളിൽ സീതിഹാജിയും കുട്ടി അഹമ്മദ് കുട്ടിയും മുപ്പതിനായിരത്തിനൊക്കെ ജയിച്ച ലീഗ് കോട്ടയാണിതെന്ന് മലപ്പുറത്തെ പഴയകാല പത്രക്കാർക്കറിയാം. വോട്ടെണ്ണൽ കേന്ദ്രത്തിലൊന്നും ആരും പോകേണ്ടതില്ല. ലീഡ് കാൽ ലക്ഷത്തിന് മുകളിൽ എത്രയെന്ന് മാത്രം അറിഞ്ഞാൽ മതിയായിരുന്നു. അബ്ദുറഹിമാന്റെ പാർട്ടി പ്രവേശം എതിരാളികൾക്ക് മുന്നറിയിപ്പാണ്. വർഗ ശത്രുക്കളും പ്രതിലോമകാരികളും കരുതിയിരുന്നോട്ടെ. 

                              ****              ****               ****

സൂപ്പർഹിറ്റായ ഓടികൊണ്ടിരിക്കുന്ന സിനിമയായ 2018നെതിരെ സിപിഎം മുഖപത്രം രംഗത്തെത്തിയതിന് പിന്നാലെ വിമർശനം കടുപ്പിച്ച് മുൻമന്ത്രിമാരും. ജൂഡ് ആന്റണി സിനിമ പിണറായി സർക്കാരിന്റെ സേവനങ്ങൾ എടുത്തുകാട്ടിയില്ലെന്നാണ് ദേശാഭിമാനി വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇതേ വിമർശനമാണ് മുൻ ഫിഷറീസ് മന്ത്രിയായിരുന്ന ജെ.മേഴ്‌സിക്കുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും ഉന്നയിക്കുന്നത്.
ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ മാത്രം ചിന്തയിൽ നിന്നല്ല മത്സ്യബന്ധന തൊഴിലാളികളെ കൂടി രക്ഷാപ്രവർത്തനത്തിനു ഇറക്കണമെന്ന ആശയം ഉരുത്തിരിഞ്ഞത്. അതൊരു സർക്കാർ ഇടപെടലായിരുന്നു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ സൈന്യത്തിനു രക്ഷാപ്രവർത്തനം നടത്താൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ എന്തുകൊണ്ട് മത്സ്യബന്ധന തൊഴിലാളികളെ ഇറക്കി രക്ഷാപ്രവർത്തനം നടത്തിക്കൂടാ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് അന്ന് പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന പി.ബി.നൂഹ് ആണെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
'സർക്കാർ തലത്തിൽ നടത്തിയ ക്രിയാത്മകമായ ഇടപെടലായിരുന്നു അത്. അന്ന് പെരുംമഴയത്താണ് ലോറികൾ ഫ്രീസ് ചെയ്യുന്നതും ബോട്ടുകൾ ഷിഫ്റ്റ് ചെയ്യുന്നതും. സഭയും ആളുകളും പോലീസും എല്ലാവരും ആ രാത്രി സഹകരിച്ചു. റെസ്‌ക്യു ഓപ്പറേഷന്റെ തുടക്കം തന്നെ കൊല്ലത്ത് നിന്നാണ്. പിന്നീട് കനകക്കുന്നിൽ നടത്തിയ അനുമോദന സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് അവരെ കേരളത്തിന്റെ സൈന്യമെന്ന് വിളിക്കുന്നത്,' മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
നേവിക്ക് പറക്കാൻ പറ്റാത്ത തരത്തിൽ അന്നു മോശം കാലാവസ്ഥയായിരുന്നു- കടകംപള്ളി പറയുന്നു. സർക്കാരിന്റെ കൃത്യമായ ഇടപെടൽ ഈ റെസ്‌ക്യു ഓപ്പറേഷനിൽ ഉണ്ടായിരുന്നു. സഹകരിക്കാൻ സാധിക്കുന്ന ആളുകളെ മുഴുവൻ സഹകരിപ്പിച്ച് റെസ്‌ക്യു ഓപ്പറേഷൻ നടത്തണമെന്ന് മുഖ്യമന്ത്രി ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് എല്ലാവരുടെയും സഹകരണത്തോടെ തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധന തൊഴിലാളികളെ എത്തിച്ചത്. ഏതെങ്കിലും ഒന്നോ രണ്ടോ പേർ പറഞ്ഞാണ് ഇതൊക്കെ ചെയ്തതെന്ന് പറഞ്ഞാൽ അത് അസംബന്ധമാണ്. ഇവരെ കൊണ്ടുപോകാനും ബോട്ടുകൾ കൊണ്ടുപോകാനും ഉള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയത് സർക്കാർ തന്നെയാണ്. തിരിച്ചുവരാനുള്ള സൗകര്യങ്ങൾ വരെ അന്ന് സർക്കാർ ഒരുക്കി കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു അതെല്ലാമെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ദേശാഭിമാനി കഴിഞ്ഞ ദിവസം സിനിമയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ഒരു ചരിത്ര ഡോക്യുമെന്റിന് സമാനമായി നിൽക്കേണ്ട സിനിമയിൽ സത്യസന്ധത വളരെ പ്രധാനമാണെന്ന് ദേശാഭിമാനി പറയുന്നു. ചരിത്ര ഡോക്യുമെന്റേഷന് സമാനമായി നിൽക്കാൻ സാധ്യതയുള്ള 'ഫിക്ഷൻ' എന്ന നിലയിൽ അവതരണത്തിലെ ചില സൃഷ്ടികൾ വലിയ പോരായ്മയാണ്, അതിനപ്പുറം അപകടവുമാണെന്ന് 2018 സിനിമയുടെ റിവ്യൂവിൽ പത്രം വിലയിരുത്തി. 

                              ****              ****               ****

മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ചകൾ സജീവമാണ്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ സംബന്ധിച്ച് രണ്ടാഴ്ച മുൻപ് നിർമ്മാതാവായ എം രഞ്ജിത്ത് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി നിഖില വിമൽ.
സിനിമാ സെറ്റുകളിൽ ഷാഡോ പോലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നാണ് നിഖില പറഞ്ഞത്. ഇക്കാര്യങ്ങളിൽ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനം എടുക്കേണ്ടതെന്നും നിഖില പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് ജേണലിസ്റ്റ് വോളി ലീഗിന്റെ തീം സോംഗ് പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു നടി.
മദ്യവും ലഹരിയാണ്. എന്നാൽ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ അവ നിയന്ത്രിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണ്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ താൻ അഭിനയിച്ച സിനിമയുടെ സെറ്റുകളിൽ ഉണ്ടായിട്ടില്ലെന്നും നിഖില പറഞ്ഞു.
മുൻപ് ഒരു സംവാദത്തിൽ പറഞ്ഞ കാര്യങ്ങൾ അടർത്തിയെടുത്ത് വളച്ചൊടിച്ച് മാധ്യമങ്ങൾ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്നും നിഖില അറിയിച്ചു. പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയാണ് ചെയ്തത്. ഇതിൽ ഒരു വരി മാത്രം അടർത്തിയെടുത്ത് വെറുതെ വിവാദങ്ങൾ ഉണ്ടാക്കിയത് മാധ്യ്യമങ്ങളാണെന്നും താരം പ്രതികരിച്ചു.ഈ കാര്യത്തിൽ ആരും തന്റെ പ്രതികരണം ചോദിച്ചില്ല. താൻ പ്രതികരിച്ചിട്ടുമില്ല. അതിനാൽ ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ നടന്ന വിവാദങ്ങളിൽ തനിക്ക് ഉത്തരവാദിത്വമില്ല. സമൂഹത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കേണ്ടത് മാദ്ധ്യമങ്ങളാണെന്നും നിഖില പറഞ്ഞു.


                              ****              ****               ****

എലത്തൂർ ട്രെയിൻ തീവയ്പ്പിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ഒരു വൻ ദുരന്തം ഒഴിവാക്കാൻ സ്വന്തം ജീവൻ പണയം വച്ച് പ്രവർത്തിച്ച ചീക്കിലോട് സ്വദേശി സന്ധ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദന സന്ദേശം.  സംഭവ ദിവസം പരിഭ്രാന്തരായ യാത്രക്കാർ അപായചങ്ങല വലിച്ചതിനെ തുടർന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു നിന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് മനസിലാക്കിയ സന്ധ്യയുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
കൈവരിയില്ലാത്ത പാലത്തിൽ നിന്ന ബോഗികളിലെ പ്രഷർ വാൽവ് അടയ്ക്കുന്നതിന് സ്വന്തം ജീവൻ പണയപ്പെടുത്തി നടത്തിയ കഠിനാദ്ധ്വാനമാണ് മുഖ്യമന്ത്രിയുടെ പ്രശംസയ്ക്ക് സന്ധ്യയെ അർഹയാക്കിയത്. സന്ധ്യയുടെ പ്രവർത്തനം മാതൃകാപരമാണ്. രാത്രിയിൽ രണ്ട് കമ്പാർട്ട്‌മെന്റുകൾക്കിടയിലുള്ള വെസ്റ്റിബുൾ സംവിധാനം  വഴി ട്രെയിനിന്റെ അടിവശത്തേയ്ക്ക് ഊർന്നിറങ്ങിയാണ് സന്ധ്യ തീവണ്ടിയുടെ പ്രഷർ റീ സെറ്റ് ചെയ്തത്. സന്ധ്യയുടെ അസാമാന്യ മനോധൈര്യം അഭിനന്ദനാർഹവും മാതൃകാപരവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അഭിനന്ദന കത്തിൽ പറയുന്നു. ട്രെയിനിൽ അസി. ലോക്കോ പൈലറ്റ് ആയ സന്ധ്യ അരിപ്പാം തോട് ഗോപാലന്റെയും പത്മിനിയുടെയും മകളാണ്.

                              ****              ****               ****

മുക്കത്തെ ചെറിയ കുട്ടി മാതാപിതാക്കൾ സ്‌കൂട്ടറിൽ കയറ്റാത്തതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് പരാതിപ്പെടുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. വഴിയിൽ ക്യാമറ ഉള്ളത് കൊണ്ട് തന്നെ വാപ്പ കൂട്ടുന്നില്ലെന്നാണ് വിഷമത്തോടെ പറയുന്നത്. ഏഴ് വയസ്സുള്ള തനിക്ക് ബസിൽ ഒറ്റക്ക് കയാറാനാകില്ലെന്നും പറയുന്നു.  ഏഷ്യാനെറ്റ് ഉൾപ്പെടെ പലതിലും ഈ വീഡിയോ വന്നു. കുട്ടിയെ കൊണ്ട് പറയിപ്പിച്ചതാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാമെങ്കിലും ഇതിലെ സന്ദേശം വളരെ പ്രധാനമാണ്. സംശയമതല്ല. ദേശീയ നിയമമെന്ന് പറയുന്ന ഇരുചക്ര വാഹനത്തിലെ കുട്ടിയുടെ യാത്ര സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിൽ നിന്നൊന്നും പരാതി കേൾക്കുന്നില്ലല്ലോ. ഇതാകെ ഉഡായിപ്പാണോ?  
ഒരു കാലത്ത് മലയാള സിനിമയുടെ താരറാണിയായിരുന്ന ഷീല ഒരു അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കുന്നുണ്ട്. ഇത്രയും മനുഷ്യസ്‌നേഹിയായ ഭരണാധികാരി വേറെ കാണില്ലെന്നാണ് അവർ പറഞ്ഞത്. ഇതു കണ്ട ഒരു വിരുതൻ സോഷ്യൽ മീഡിയയിൽ കമന്റിയതാണ് ബഹുരസം. വെറുതെയല്ല, നിത്യഹരിത നായകൻ പ്രേംനസീർ പല സിനിമകളിലും ഷീലയെ മണ്ടിപ്പെണ്ണേ എന്ന് വിളിച്ചത്. 

Latest News