Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കടലോളം കണ്ണീർപ്പെയ്ത്ത്

ആ യാത്ര തുടങ്ങി അര മണിക്കൂർ സമയം തികയും മുമ്പാണ് 22 പേരെ മരണം തട്ടിയെടുത്തത്. താനൂരിലെ കുന്നുമ്മൽ എന്ന  കുടുംബത്തിലെ 11 പേരും ഇതിലുൾപ്പെടുന്നു. ഏതൊരു ഹൃദയത്തിനും താങ്ങാനാവാത്ത ആഘാതം. താനൂരിലെ ദുരന്തമുഖത്തെ കാഴ്ചകൾ ആർദ്ര മനസ്സുകളിൽ നിന്ന് മാഞ്ഞ് പോകില്ല. അതെപ്പോഴും മനസ്സിനെ കൊത്തി മുറിവേൽപ്പിച്ച് കൊണ്ടിരിക്കും. 11 ജീവൻ നഷ്ടപ്പെട്ട കുന്നുമ്മൽ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം ഒമ്പത് മാസം മാത്രം പ്രായമുള്ള ഫാത്തിമ നൈറയാണ്. ആ കൈക്കുഞ്ഞിന്റെ മലർത്തിപ്പിടിച്ച ജഡവും കയ്യിലേന്തി, രക്ഷാദൗത്യ അംഗമായ പോലീസുകാരൻ ഓടിയത് ഖബർസ്ഥാനിലേക്കായിരുന്നു. തക്ബീർ മുഴക്കി കൊണ്ട് ഒരു ജനസഞ്ചയം അയാൾക്ക് പിറകെയും. ആരുടേയും ഹൃദയം പിളരുന്ന കാഴ്ച. കടലിനോട് ഏറെ ദൂരെയല്ലാതെ, നിലകൊള്ളുന്ന പുത്തൻ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഒരേ നിരയിൽ തീർത്ത ഖബറുകളിൽ ആ നിർഭാഗ്യർ അന്ത്യനിദ്രയിലാണ്. പുറത്തെ കോലാഹലങ്ങൾ ഒന്നുമറിയാതെ.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിൽ നിന്നായി പോസ്റ്റ്‌മോർട്ടവും മറ്റ് നടപടി  ക്രമങ്ങളും പൂർത്തീകരിച്ച് കീറിത്തുന്നിയ ജഡങ്ങളെല്ലാം മണ്ണിനോട് ചേർന്നെങ്കിലും, പുറത്ത് നടക്കുന്ന ആരവങ്ങൾക്ക് ഒരു കുറവുമുണ്ടായിട്ടില്ല. പലതരം വാദങ്ങളും രോഷപ്രകടനങ്ങളും. പുതിയ കണ്ടെത്തലുകൾ, കുറ്റപ്പെടുത്തലുകൾ. പഴിചാരലുകൾ അങ്ങനെ പോകുന്നു കാര്യങ്ങൾ.
 ഓർക്കാപ്പുറത്ത് സംഭവിക്കുന്ന അപകടങ്ങളും, നാം ക്ഷണിച്ച് വരുത്തുന്ന അപകടങ്ങളുമുണ്ട്. ഓർക്കാപ്പുറത്ത് സംഭവിക്കുന്ന അപകടങ്ങൾ ആർക്കും, എവിടെ വെച്ചും, എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാം. ഏത്  തരം അപകടങ്ങളും സമൂഹത്തിന് പല മുന്നറിയിപ്പുകളും നൽകുന്നു. എന്നാൽ ആ മുന്നറിയിപ്പുകളെല്ലാം അവഗണിയ്ക്കുന്ന പ്രവണതയാണ് നമുക്കുള്ളത്. 

കാരണക്കാർ നാം തന്നെ
താനൂർ നഗരസഭയ്ക്ക് കീഴിലാണ് പൂരപ്പുഴ. വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്ത് താനൂർ നഗരസഭയിൽ ഉൾപ്പെടുന്ന പ്രദേശമായ തൂവൽ തീരത്ത് കഴിഞ്ഞ മാസം ഫ്‌ളോട്ടിങ് ബ്രിഡ്ജ് സംവിധാനം കൂടി  ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ, നിരവധി പേർ ഇവിടെ ഉല്ലസിക്കാനായി എത്തുന്നു. പൂരപ്പുഴയിലൂടെയായിരുന്നു, ഒന്നിനും കൊള്ളാത്ത ബോട്ടിനെ തല്ലിപ്പടച്ച് രൂപമാറ്റം വരുത്തി, വിനോദ സഞ്ചാര ബോട്ടാക്കി മാറ്റി സർവ്വീസ് നടത്തിയിരുന്നത്. 120-150 രൂപ ഈടാക്കി അര മണിക്കൂർ സമയത്തേക്കാണ് ബോട്ട് സവാരി ഒരുക്കിയിരുന്നത്. ഞായറാഴ്ചയായതിനാൽ കൂടുതൽ ആളുകളും ബീച്ചിലുണ്ടായിരുന്നു. അവർ ബോട്ടിൽ കേറിക്കൂടാൻ തിരക്ക് കൂട്ടുകയായിരുന്നു. കുടുംബത്തോടെ എത്തിയ പലർക്കും, ഒന്നിച്ച് കേറാൻ കഴിയാതെ വന്നപ്പോൾ പുരുഷൻമാർ മാറി നിന്ന്, സ്ത്രീകളേയും, കുട്ടികളേയും ബോട്ടിൽക്കേറ്റി, മരണത്തിലേക്ക് തള്ളിവിട്ടു എന്ന് വേണം വിശേഷിപ്പിക്കാൻ. സുരക്ഷയെക്കുറിച്ച് ചിന്തിക്കാതെ, മുന്നും, പിന്നും ആലോചിക്കാതെയും കുട്ടികളെ ബോട്ടിൽ കുത്തി നിറച്ചത് ആരും വിലക്കിയില്ല. താനൂർ ബോട്ടപകടത്തിലെ പ്രധാന പാളിച്ചയും ഇതാണ്.
രാത്രി 7 മണിയോടെ തീരംവിട്ട ബോട്ട് മുന്നൂറ് മീറ്റർ നീങ്ങിയപ്പോഴേക്കും, ഒരു വശത്തേയ്ക്ക് അൽപ്പം ചെരിഞ്ഞു. യാത്രികർ സ്വാഭാവികമായും ആ ഭാഗത്തേയ്ക്ക് ചെരിഞ്ഞ് നീങ്ങി. തുടർന്ന് ബോട്ട് തല കീഴായി മറിയുകയായിരുന്നു. അമിത ഭാരമാണ് അപകടത്തിനുള്ള പ്രധാന കാരണം. ബോട്ടിന്റെ പഴക്കവും, സ്രാങ്കിനെക്കുറിച്ചുള്ള പരാതികളുമെല്ലാം പിന്നീട് അനുബന്ധമായി ചേർക്കപ്പെടുകയായിരുന്നു. പുതുപുത്തൻ ബോട്ടാണെങ്കിൽ പോലും അമിതഭാരം താങ്ങാനാകാതെ വന്നാൽ അത് വെള്ളത്തിൽ താഴും. സാമാന്യ ഫിസിക്‌സ് തത്വമാണിത്.  സ്മാർട്ട്‌ഫോൺ ഉപയോഗം വ്യാപകമായതോടെ, വിനോദയാത്ര പുതിയ ട്രെന്റായി മാറി. വിനോദയാത്രയിലെ സെൽഫിയെടുക്കണം. സ്റ്റാറ്റസിടണം. ഇത് മാത്രമാണ് നടപ്പ് കാലത്ത് വിനോദയാത്രയിലെ മുഖ്യ ഇനം. സ്വന്തം മാനസിക ഉല്ലാസം എന്നതിലുപരി, മറ്റുള്ളവരെ കാണിയ്ക്കാനുള്ള പ്രത്യേക സാഹസിക ത്വര. ഇതിനിടയിൽ എത്രത്തോളം, തങ്ങൾ സുരക്ഷിതരെന്നോ, അപകടം പതിയിരിക്കുന്നുവെന്നോ ആരും ഗൗനിക്കാറുമില്ല. ബോട്ടിന്റെ താഴെ തട്ടിൽ യാത്ര ചെയ്തവരാണ് മരണപ്പെട്ടവരെല്ലാം. മുകളിൽ കേറിയവർക്ക് ഏറെക്കുറെ രക്ഷപ്പെടാനുമായി. 
ബോട്ട് മറിഞ്ഞതോടെ അലറിക്കരച്ചിൽ മുഴങ്ങി. ഇരുട്ടായത് കാരണം പുറമെയുള്ളവർക്ക് എന്താണ് സംഭവിച്ചതെന്നും വ്യക്തതയില്ലായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം ഉണ്ടായെങ്കിലും, നിശ്വാസത്തിന്റെ സെക്കന്റുകൾ നഷ്ടമായതോടെ കുട്ടികളെയെല്ലാം തന്നെ മരണം കവർന്നു.  ഇരുളിൽ ആ പിഞ്ച് കുഞ്ഞുങ്ങളെ കേറ്റി വിടുമ്പോൾ നമ്മുടെ സാമാന്യ ബോധം എങ്ങോട്ടാണ് വഴി മാറിയത്..? നാം, 'സ്വയം മറന്ന് പ്രവർത്തിക്കുന്നിടത്താണ് ഓരോ ദുരന്തവും വന്നെത്തുന്നത്.' അതല്ലെങ്കിൽ, ക്ഷണിച്ച് വരുത്തുന്നത്. സുരക്ഷ നിയമങ്ങൾ,  നിർദ്ദേശങ്ങൾ മുന്നറിയിപ്പുകൾ എന്നിവയെല്ലാം പൗരന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അവ പാലിക്കപ്പെടണം. ദുരന്തങ്ങൾ കുറയ്ക്കണം. സുരക്ഷാ നിയമങ്ങൾക്ക് എതിരെ, അനാവശ്യ പ്രചാരണം നടത്തുന്നവർ വാസ്തവത്തിൽ നിയമങ്ങളും, നിർദ്ദേശങ്ങളും ലംഘിക്കാനുള്ള പൊതു ബോധമാണ് സൃഷ്ടിക്കുന്നത്.

പ്രഹസനമാകുന്ന നടപടികൾ
ഏത് തരത്തിലുള്ള അപകടമുണ്ടായാലും, വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന സാറൻമാർക്ക്' കൈക്കൂലി വാങ്ങാനുള്ള പുതുവഴി അതിലൂടെ തെളിഞ്ഞ് കിട്ടും. കാരണം നമ്മുടെ നാട്ടിലെ ഒട്ടു മിക്ക സർക്കാർ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥർ ഡ്യൂട്ടിയല്ല ചെയ്യുന്നത്. കേവലം വഴിപാട് മാത്രം. ബോട്ടുടമയിൽ നിന്ന് 'ചിക്ലി' കൈപ്പറ്റി ടൂറിസ്റ്റ് സർവ്വീസ് നടത്താൻ കണ്ണടച്ച് അനുമതി നൽകിയ എല്ലാ ഉദ്യോഗസ്ഥരേയും, രാഷ്ട്രീയ ഏജന്റുമാരേയുമെല്ലാം 'ഗോവിന്ദച്ചാമി കിടക്കുന്നിടത്ത്' എത്തിക്കണം. അതിന് ശേഷമായിരിക്കണം ബോട്ടടുമയെ അവിടെയെത്തിക്കാൻ. അതാണ് യഥാർത്ഥ നീതിയും, മര്യാദയും. 
ബോട്ടുടമയേയും, അതിലെ ജീവനക്കാരായ മൂന്നാല് പേരേയും, കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർ റിമാന്റിലുമാണ്. ഇവരെ വേട്ടയാടി പിടിച്ചത് കൊണ്ട് തീരുന്നതാണോ 'കേരളത്തിലെ താനൂരുകളുടെ' പ്രശ്‌നങ്ങൾ? വള്ളം രൂപമാറ്റം നടത്തിയാണ് ബോട്ടുടമ ടൂറിസ്റ്റ്‌ബോട്ടാക്കി മറ്റിയതെന്ന് പറയുന്നു. കൊള്ളാം നല്ല കണ്ടെത്തൽ. മത്സ്യബന്ധന ബോട്ട്, അതിന്റെ ഉടമ സഞ്ചാര ബോട്ടാക്കി മാറ്റിയത് ഏതെങ്കിലും രഹസ്യ താവളത്തിൽ വെച്ചായിരുന്നോ..? അതീവ രഹസ്യമായിട്ടാണോ അയാൾ ബോട്ട് സർവ്വീസ് നടത്തിയിരുന്നതും.? ഒരു മാടക്കട തുടങ്ങാൻ പോലും, ലൈസൻസും, ആധാർ കാർഡും, ഹെൽത്ത് കാർഡും, മറ്റ് നൂറു കൂട്ടം രേഖകളും ആവശ്യപ്പെടാറുള്ള സർക്കാർ സാറൻമാർക്ക്,  ഈ നിയമലംഘനം കാണാൻ,  മൂക്കിന് മീതെ കണ്ണില്ലാരുന്നോ..? ആവശ്യമായ രേഖകളും, അനുമതിയുമില്ലാതെ 'കടൽ സഞ്ചാര'മെന്ന  വലിയൊരു സംരംഭം നടത്തിയിരുന്ന, ബോട്ടുടമയെക്കുറിച്ച് അധികാരികൾക്ക് ആർക്കുമറിയില്ലായിരുന്നു എന്നത് നാം എങ്ങനെ വിശ്വസിക്കും. പണമുണ്ടാക്കാനായി, അയാൾ തോന്നിയ വഴി കണ്ടെത്തി. അതിലൊരു വിഹിതം സാറൻമാർക്കും കിട്ടുന്നതോടെ 22 മനുഷ്യ ജീവനും, ജീവിതവും ഇല്ലാതാവുകയും ചെയ്തു. ഭരണചക്രം തിരിക്കുന്നവരും, അത് തിരിക്കാൻ അവസരം കിട്ടാതെ പ്രതിപക്ഷത്ത് ഇരിക്കുന്നവരുമെല്ലാം ഇതിന് ഉത്തരവാദിയാണ്. 

മാധ്യമങ്ങളും..
ഔചിത്യമില്ലാത്ത മാധ്യമ പ്രവർത്തനമാണ്, പ്രത്യേകിച്ചും ദുരന്ത മുഖത്ത് നാം കാണുന്നത്. മാധ്യമങ്ങൾ ഇന്ന് ശബ്ദിക്കുന്നത് റേറ്റിംഗിന് വേണ്ടിയാണ്. ഏതൊരു അപകടത്തേയും അവർ ആഘോഷമാക്കി മാറ്റുന്നു. നീതിയും, അനീതിയും അവർ തീരുമാനിക്കുന്നു. തെറ്റും ശരിയും അതും അവർ തീരുമാനിക്കുന്നു. നടപ്പ് കാലത്ത് അവരാണെല്ലാം എന്നതാണ് അവസ്ഥ. ജീവിതം എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത പിഞ്ചോമനകളെ നഷ്ടപ്പെട്ട ആഘാതത്തൽ, ഹൃദയം തകർന്ന് പരിസര ബോധം പോലുമില്ലാതെ, കണ്ണീർച്ചീർപ്പുമായി ഇരിക്കുന്ന മനുഷ്യർക്കിടയിലേക്ക് ഇടിച്ച് കേറിച്ചെന്ന് 'എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിച്ച് മൈക്ക് നീട്ടുന്ന നീച ഹൃദയങ്ങൾ താനൂരിനെ ആഘോഷമാക്കി മാറ്റുന്ന കാഴ്ച ഏറെ പരിഹാസ്യമായിരുന്നു. വാർഡ് മെമ്പർ മുതൽ സംസ്ഥാന തലം വരെയുള്ള കക്ഷി രാഷ്ട്രീയക്കാർ, ചാനൽ ക്യാമറാ ഫ്രെയിമിൽ ഉൾപ്പെടാൻ മത്സരിച്ചു. ആത്മീയ നേതാക്കളും മതനേതാക്കളും സിനിമാ താരങ്ങളും വരെ അനുബന്ധ വാർത്തകളിൽ ഇടം നേടാനുള്ള പങ്കപ്പാടിലായിരുന്നു. ഏതൊരു അപകടമുണ്ടായാലും, ആ അവസരം വിനിയോഗിച്ച് കുറേ 'ഗെയിമുകൾ' അരങ്ങേറും. താനൂരിലും അതിന്റെ തനിയാവർത്തനം ഉണ്ടായി. എതൊരു അപകടമോ, ദുരന്തമോ ഉണ്ടായാലും, രാജ്യത്ത് നിയമമില്ല, ശ്രദ്ധയില്ല എന്നൊക്കെയുള്ള മുറവിളികൾ ചാനലിൽ ഉയരും. പുതുതായി ഒരു നിയമം കൊണ്ട് വരുമ്പോൾ, പണത്തിന് വേണ്ടി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നും പറഞ്ഞ് രാഷ്ട്രീയ കോമാളി മുദ്രകൾ രൂപമെടുക്കും. ഈ ദ്വിമുഖ പാതയിലാണ്  കേരളത്തിലെ പത്രപ്രവർത്തകരുടെ സഞ്ചാരം. അനീതിക്കെതിരെ ശബ്ദിക്കേണ്ടവർ, നീതിയും, അനീതിയും തിരിച്ചറിയുന്നില്ല. അഥവാ തിരിച്ചറിയില്ലെന്ന് നടിക്കുന്നു. ഏതൊരു മാധ്യമത്തിന്റെ കാര്യത്തിലായാലും ശരി ഇതാണ് ഇന്നിന്റെ അവസ്ഥ.

രക്ഷാദൗത്യം. 
താനൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനും, ജില്ലാ പോലീസ് ചീഫിന്റെ ഡാൻസാഫ് സ്‌ക്വാഡിലെ അംഗവുമായിരുന്ന പരപ്പനങ്ങാടി ചിറമംഗലം  സ്വദേശി സഫറുദ്ധീൻ (37) എന്ന പോലീസുകാരനും അപകടത്തിൽ മരണപ്പെട്ടിരുന്നു. ലഹരി ഉപയോഗം നിരീക്ഷിക്കാനായിരുന്നു ഇദ്ദേഹം ബോട്ടിൽ യാത്ര ചെയ്തത്. പക്ഷെ. അത് അദ്ദേഹത്തിന്റെ അന്ത്യയാത്രയുമായി. സ്തുത്യർഹമായ രീതിയിൽ തന്നെയായിരുന്നു രക്ഷാപ്രവർത്തനം. ഏറെ ദുഷ്‌കരമായിരുന്നു ആദ്യഘട്ട രക്ഷാ പ്രവർത്തനം. വെളിച്ചമില്ലായ്മയും, ചതുപ്പുമായിരുന്നു പ്രധാന സങ്കീർണ്ണത. തിരക്കിനിടയിൽ കൈക്കുഞ്ഞിനെയൊക്കെ ആഴമേറിയ വെള്ളത്തിൽ എങ്ങനെ കണ്ടെത്താൻ..? മണിക്കൂറുകളോളം തുടർച്ചയായി മത്സ്യ തൊഴിലാളികളും, നാട്ടുകാരും, പോലീസും,  റെസ്‌ക്യൂസേനയുമെല്ലാം  കൈമെയ് മറന്ന് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടുവെങ്കിലും, യാത്രികരിൽ കൂടുതൽ പേർക്കും ജീവഹാനി സംഭവിച്ചു. ബോട്ടിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. എങ്കിലും കാണാതായവരില്ലെന്നാണ് അനുമാനം. രക്ഷാസേനയുടെ തിരച്ചിലിനിടയിൽ കണ്ടെത്തിയവരുടെ എല്ലാം ജീവൻ രക്ഷിക്കാനായില്ല. കെട്ടിവലിച്ചും ജെ.സി.ബി ഉപയോഗിച്ചും ഏറെ പണിപ്പെട്ടാണ് ബോട്ട് പിന്നീട് കരയ്ക്കടുപ്പിച്ചത്. 

നീചമനസ്സുകളുടെ വീക്ഷണം
താനൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ''പൊട്ടിച്ചിരിയുടെ ഇമോജിയുമിട്ട്.. മലപ്പുറത്തല്ലേ.. കുഴപ്പമില്ല.'' എന്നാണ് നേമത്തുകാരനായ ഒരാൾ, സോഷ്യൽ മീഡിയായിൽ  കമന്റിട്ടത്. എത്ര വിചിത്രമാണ് മനുഷ്യന്റെ മനസ്സെന്ന് തെളിയിക്കുന്നതാണ് ഈ കമന്റ്. പ്രളയ കാലത്ത് രക്ഷാ പ്രവർത്തനങ്ങൾക്കായി വഞ്ചിയുമായി മലപ്പുറത്തെ ചെറുപ്പക്കാർ, തെക്കൻ ജില്ലകളിൽ ദിവസങ്ങളോളം ചിലവിട്ടിരുന്നു. വീടുകൾ വൃത്തിയാക്കാൻ മോട്ടോറുകളും മോപ്പുകളുമായിട്ടായിരുന്നു അവർ തെക്കൻ ജില്ലകളിൽ ചെന്നത്. തിരുവനന്തപുരമെന്നോ, കൊല്ലമെന്നോ, കോട്ടയമെന്നോ മലപ്പുറത്തുകാർ വേർതിരിച്ച് കണ്ടില്ല. അതാണ് ''കേരളത്തിന്റെ യഥാർത്ഥ സ്റ്റോറി.!'' യെന്ന് പറഞ്ഞ് പലരും മറു കമന്റുകളും ഇട്ടിരുന്നു. നിരവധി ജീവൻ നഷ്ടമായ ഒരു ദുരന്തത്തെ ഇവ്വിധം സങ്കുചിതമായി കാണുന്ന മനുഷ്യർ വസിക്കുന്നതും കേരളത്തിൽ തന്നെയാണ് എന്നതാണ് അത്ഭുതം. ശാസ്ത്ര-സാങ്കേതിക വിദ്യയിലും, അക്കാദമിക് നിലവാരത്തിലും ഉന്നതിയിൽ എത്തി നിൽക്കുന്ന കേരളത്തിൽ ചിലരുടെ മനസ്സ് മൃഗതുല്യമാണ്.

Latest News