Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗെയ്റ്റ് ചാടിക്കടന്ന് റഷ്യ, ക്രൊയേഷ്യ

ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടം വ്യാഴാഴ്ച അവസാനിക്കുമ്പോള്‍ കണക്കുകൂട്ടലിന്റെ ഗെയ്റ്റ് ചാടിക്കടന്നവര്‍ റഷ്യയും സ്വീഡനും ക്രൊയേഷ്യയുമാണ്. ഗ്രൂപ്പ് എ-യില്‍ നിന്ന് ഉറുഗ്വായ്‌ക്കൊപ്പം മുഹമ്മദ് സലാഹിന്റെ ഈജിപ്ത് രണ്ടാം റൗണ്ടിലെത്തുമെന്നായിരുന്നു പൊതുവായ വിലയിരുത്തല്‍. എല്ലാം സലാഹിന്റെ ചുമലുകളിലര്‍പ്പിച്ച ഈജിപ്തിന് താരത്തിന്റെ പരിക്ക് വലിയ തിരിച്ചടിയായി. മൂന്നു കളിയും തോറ്റു. ടൂര്‍ണമെന്റിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമായ റഷ്യ രണ്ട് മികച്ച ജയങ്ങളോടെ പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഗ്രൂപ്പ് ബി-യില്‍ സ്‌പെയിന്‍-പോര്‍ചുഗല്‍ മത്സരം ലോകകപ്പിനെ ഇളക്കിമറിച്ചു. അതിനു ശേഷം ഇരു ടീമുകളും അട്ടിമറി ഒഴിവാക്കിയത് ഭാഗ്യം കൊണ്ടാണ്. ഇറാനും മൊറോക്കോയും അവസാന സെക്കന്റുകള്‍ വരെ വമ്പന്മാരെ വിറപ്പിച്ചു നിര്‍ത്തി. അര്‍ജന്റീനയുടെ പിരിമുറുക്കവും ജര്‍മനിയുടെ അട്ടിമറിയുമൊക്കെ വലിയ വാര്‍ത്തയായെങ്കിലും ഏറ്റവും ആവേശം സൃഷ്ടിച്ചത് ഗ്രൂപ്പ് ബി ആയിരുന്നു. 
ഗ്രൂപ്പ് ഡി-യില്‍ നിന്ന് അര്‍ജന്റീന കഷ്ടിച്ച് കടന്നുകൂടിയപ്പോള്‍ ക്രൊയേഷ്യയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. അവരുടെ മധ്യനിരയുടെ കരുത്ത് അവഗണിക്കാനാവുമായിരുന്നില്ല. എങ്കിലും ഇത്ര ആധികാരികമാവുമെന്ന് ആരും കരുതിയില്ല. പ്രി ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെ അവര്‍ അനായാസം മറികടക്കാനാണ് സാധ്യത. അതേസമയം അര്‍ജന്റീനക്ക് ഫ്രാന്‍സ് വലിയ വെല്ലുവിളിയായിരിക്കും. 
ഗ്രൂപ്പ് ഇ-യില്‍ ബ്രസീലിനൊപ്പം ആര് മുന്നേറുമെന്നത് വലിയ ചര്‍ച്ചയായിരുന്നു. കോസ്റ്ററീക്കയും സ്വിറ്റ്‌സര്‍ലന്റും സെര്‍ബിയയും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ടീമുകളായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ കോസ്റ്ററീക്ക ഇത്തവണ നിഴല്‍ മാത്രമായി. ബ്രസീലിനെ സമനിലയില്‍ തളച്ചതും സ്വിറ്റ്‌സര്‍ലന്റിനെതിരെ അവസാന വേളയില്‍ വിജയം പിടിച്ചതും സ്വിറ്റ്‌സര്‍ലന്റിന് ഗുണം ചെയ്തു. 
യഥാര്‍ഥ അമിട്ട് പൊട്ടിയത് ഗ്രൂപ്പ് എഫിലാണ്. ജര്‍മനി പ്രി ക്വാര്‍ട്ടറിലെത്തുമെന്ന് ഉറപ്പായിരിക്കെ സ്വീഡന്‍, മെക്‌സിക്കൊ ടീമില്‍ ആരാവും പുറത്താവുകയെന്നതായിരുന്നു ചോദ്യം. തെക്കന്‍ കൊറിയയെ ആരും കണക്കിലെടുത്തില്ല. യോഗ്യതാ റൗണ്ടില്‍ നിരങ്ങിനീങ്ങിയ ടീമായിരുന്നു അവര്‍. ആദ്യം മെക്‌സിക്കോയുടെ ഊഴമായിരുന്നു. രണ്ട് മിന്നുന്ന പ്രകടനങ്ങളിലൂടെ അവര്‍ ജര്‍മനിയെയും കൊറിയയെയും മുട്ടുകുത്തിച്ചു. സ്വീഡനെതിരെ ജര്‍മനി ഉജ്വലമായി തിരിച്ചുവന്നു. അവസാന ദിവസം കൊറിയയും സ്വീഡനും അരങ്ങുവാണു. ഫലം, ജര്‍മനി അവസാന സ്ഥാനത്തായി. കൊറിയ രാജകീയമായി വിടവാങ്ങി, തോറ്റിട്ടും മെക്‌സിക്കൊ മുന്നേറി. അപ്രതീക്ഷിതമായി സ്വീഡന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. 
ആന്റി ക്ലൈമാക്‌സ് ഗ്രൂപ്പ് ജി-യിലാണ്. സ്‌പെയിന്‍-പോര്‍ചുഗല്‍ കഴിഞ്ഞാല്‍ ആദ്യ റൗണ്ടിലെ ഏറ്റവും ആവേശം ചൊരിയുന്ന മത്സരമായി മാറും ബെല്‍ജിയം-ഇംഗ്ലണ്ട് എന്നാണ് കരുതിയത്. എന്നാല്‍ അവസാന മത്സരത്തിനു മുമ്പ് രണ്ടു ടീമും നോക്കൗട്ടിലെത്തി. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തുന്നതാണ് മുന്നോട്ടേക്കുള്ള നല്ല വഴിയെന്ന് തെളിഞ്ഞു. അതോടെ അവസാന മത്സരം പുകയില്ലാ വെടിയായി.
യോഗ്യതാ റൗണ്ടിലെ മികച്ച ടീമുകളിലൊന്നായിരുന്നു പോളണ്ട്. ഗ്രുപ്പ് എച്ചില്‍ നിന്ന് പോളണ്ടും കൊളംബിയ, ജപ്പാന്‍, സെനഗല്‍ ടീമുകളില്‍ ഒന്നും മുന്നേറുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പോളണ്ട് ആദ്യമേ പുറത്തായി. മറ്റു മൂന്നു ടീമുകളും ഒരു കളിയിലെങ്കിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.  
 

Latest News