2010 ല്‍ മാഴ്‌സെലൊ ലിപ്പിക്കും 2014 ല്‍ വിസെന്റെ ഡെല്‍ബോസ്‌കിനും പറ്റിയ പിഴവ് ജോക്കിം ലോവും ആവര്‍ത്തിച്ചു. ലോകകപ്പ് നേടിയ ടീമില്‍ അര്‍പ്പിച്ച വിശ്വാസം അസ്ഥാനത്തായി. ഒരു ലോകകപ്പില്‍ കരുത്തു തെളിയിച്ച കളിക്കാരെ പിന്തുണക്കാനുള്ള പ്രേരണ തടുക്കാനാവാത്തതാണ്. പക്ഷെ എത്ര നല്ലതായാലും കാലത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് കോച്ചുമാര്‍ തിരിച്ചറിയാതെ പോവുന്നു. ഒരു ലോകകപ്പ് ജയിച്ച കോച്ചിനെ അടുത്ത ലോകകപ്പില്‍ മാറ്റണമെന്ന സന്ദേശമാണോ 2018 നല്‍കുന്നത്?
യുവനിരയുമായി വന്നാണ് 2017 ല്‍ റഷ്യയില്‍ ജര്‍മന്‍ ടീം കോണ്‍ഫെഡറേഷന്‍സ് കപ്പ് ഉയര്‍ത്തിയത്. ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍ നയിച്ച ആ ടീമില്‍ ഗോള്‍കീപ്പര്‍ മാന്വേല്‍ നോയര്‍, ജെറോം ബൊയതെംഗ്, മാറ്റ്‌സ് ഹമല്‍സ്, ടോണി ക്രൂസ്, സാമി ഖദീറ, മെസുത് ഓസില്‍ എന്നിവരൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ലോകകപ്പിനുള്ള സ്റ്റാര്‍ടിംഗ് ലൈനപ്പില്‍ ഈ ഏഴു പേരുമുണ്ടായിരുന്നു. കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടിയ ടീമിലെ അപൂര്‍വം ചിലര്‍ക്കേ ലോകകപ്പ് ടീമില്‍ ഇടം കിട്ടിയുള്ളൂ. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരമായിരുന്നിട്ടും ലിറോയ് സാനെയെ ഒഴിവാക്കി. ജോഷ്വ കിമിക്കും ടിമൊ വേണറും കോച്ചിന്റെ വിശ്വാസം നേടി. ആന്റോണിയൊ റൂഡിഗര്‍, ജൂലിയന്‍ ബ്രാന്റ്, സെബാസ്റ്റിയന്‍ റൂഡി എന്നിവര്‍ സബ്‌സ്റ്റിറ്റിയൂട്ടുകളായി ഇറങ്ങി. ലോവിന്റെ വിശ്വാസം മുഴുവന്‍ പഴയ താരനിരയിലായിരുന്നു. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ അഞ്ച് വീതം ഗോളടിച്ച കളിക്കാരനാണ് തോമസ് മുള്ളര്‍. ബയേണ്‍ മ്യൂണിക്കില്‍ മോശം ഫോമിലായിരുന്നിട്ടും മുള്ളറെ ടീമിലെടുത്തു. അഞ്ച് ഷോട്ട് പായിക്കാന്‍ പോലും മുള്ളര്‍ക്ക് സാധിച്ചില്ല. ഓസിലും സാമി ഖദീറയും പ്രതാപകാലം കഴിഞ്ഞുവെന്ന് വ്യക്തമായിരുന്നു. ഇരുവരും ടീമില്‍ ഇടം നേടി. സ്വീഡനെതിരെ പുറത്തിരുത്തിയ ഓസിലിനെ തെക്കന്‍ കൊറിയക്കെതിരെ തിരിച്ചുകൊണ്ടുവന്നു. സീസണ്‍ മുഴുവന്‍ പുറത്തിരുന്നിട്ടും നോയറില്‍ വിശ്വാസമര്‍പ്പിച്ചു. ജര്‍മനിക്ക് മുന്നേറാന്‍ കൊറിയക്കെതിരെ രണ്ടു ഗോള്‍ വിജയം മതി എന്നാണ് എല്ലാവരും എഴുതിയത്. ഗോള്‍ നേടാനുള്ള ആവേശമോ ശേഷിയോ ഈ ടീമിനില്ലെന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. ലോവിനെ പോലെ വലിയ പേരുകളുടെ മഹിമയിലായിരുന്നു ആരാധകരും. ഈ കളിക്കാരുടെ ബൂട്ടിനടിയിലെ മണ്ണിളകിയ കാര്യം അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല.
2010 ലെ ഇറ്റലിയും 2014 ലെ സ്‌പെയിനും ലോവിന് പാഠമാവേണ്ടതായിരുന്നു. 2006 ല്‍ ലോകകപ്പ് നേടിയ ടീമിലെ ഫാബിയൊ കനവാരൊ, ജെന്നാരൊ ഗട്ടൂസൊ, സംബ്രോട്ട, പിര്‍ലൊ, കൊമറനേസി, യാക്വിന്റ തുടങ്ങിയ പ്രമുഖരെയെല്ലാം ലിപ്പി 2010 ലെ ടീമില്‍ ഉള്‍പെടുത്തി. ആ ടീമിന് പാരഗ്വായും ന്യൂസിലാന്റും സ്ലൊവാക്യയുമുള്‍പ്പെടുന്ന ദുര്‍ബലമായ ഗ്രൂപ്പ് പോലും അതിജീവിക്കാനായില്ല.
ഇറ്റലിയില്‍ നിന്ന് സ്‌പെയിന്‍ പാഠം പഠിച്ചില്ല. 2010 ല്‍ കിരീടം നേടിയ ടീമിലെ കളിക്കാരെ 2014 ലെ ടീമിലും കുത്തിനിറച്ചു. ഫെര്‍ണാണ്ടൊ ടോറസും ഡാവിഡ് വിയയും സെസ്‌ക് ഫാബ്രിഗാസും സാബി അലോണ്‍സോയും ഷാവിയും മുതല്‍ ഇകര്‍ കസിയാസ് വരെ ഏതാണ്ടെല്ലാ കളിക്കാരും വീണ്ടും ലോകകപ്പില്‍ ബൂട്ട് കെട്ടി. നെതര്‍ലാന്റ്‌സിനോടും ചിലെയോടും തോറ്റ് സ്‌പെയിന്‍ വാലു മടക്കി മടങ്ങി.
2010 ലെ ഇറ്റലിയുടെയും 2014 ലെ സ്‌പെയിനിന്റെയും തോല്‍വി പല വലിയ കളിക്കാരുടെയും വിടവാങ്ങലിന് കാരണമായി. ഓസിലും ഖദീറയും മുള്ളറും നോയറുമൊക്കെ അധികകാലം കളിക്കുന്ന കാര്യം സംശയമാണ്.