ബ്രസീല്‍ 2-സെര്‍ബിയ 0
സ്വിറ്റ്‌സര്‍ലന്റ് 2-കോസ്റ്ററീക്ക 2
മോസ്‌കൊ/നിഷ്‌നി നോവ്‌ഗൊരോദ് - അര്‍ജന്റീനയും ജര്‍മനിയും അനുഭവിച്ച നെഞ്ചിടിപ്പുകളുടെ വേദനാപര്‍വം താണ്ടാതെ ബ്രസീല്‍ അനായാസം ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം പിന്നിട്ടു. സമനില കൊണ്ട് പ്രി ക്വാര്‍ട്ടറിലെത്താമായിരുന്ന അവര്‍ സെര്‍ബിയയെ 2-0 ന് തോല്‍പിച്ചു. കോസ്റ്ററീക്കയുമായി 2-2 സമനില പാലിച്ച് സ്വിറ്റ്‌സര്‍ലന്റും മുന്നേറി. ബ്രസീലാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍. മുപ്പത്തഞ്ചാം മിനിറ്റില്‍ പൗളിഞ്ഞോയും എഴുപതാം മിനിറ്റില്‍ തിയാഗൊ സില്‍വയും ബ്രസീലിന്റെ ഗോളടിച്ചു. നിഷ്‌നി നോവ്‌ഗൊരോദില്‍ കോസ്റ്ററീക്കക്കെതിരെ മുപ്പത്തൊന്നാം മിനിറ്റില്‍ ബലെറിം സെമയ്‌ലിയാണ് സ്വിറ്റ്‌സര്‍ലന്റിന് ലീഡ് സമ്മാനിച്ചത്. അമ്പത്താറാം മിനിറ്റില്‍ കെന്‍ഡാല്‍ വാട്‌സന്‍ ഈ ലോകകപ്പിലെ കോസ്റ്ററീക്കയുടെ ആദ്യ ഗോളടിച്ചു. ദെര്‍മിച് സ്വിറ്റ്‌സര്‍ലന്റ് ലീഡ് വീണ്ടെടുത്തെങ്കിലും ഇഞ്ചുറി ടൈമിലെ പെനാല്‍ട്ടിയിലൂടെ ബ്രയാന്‍ ലൂയിസ് കോസ്റ്ററീക്കക്ക് ഒരു പോയന്റ് സമ്മാനിച്ചു.
ലോംഗ്പാസുകള്‍ കളിച്ചാണ് ബ്രസീല്‍ തുടക്കം മുതല്‍ സെര്‍ബിയന്‍ പ്രതിരോധത്തെ മറികടന്നത്. ഫെലിപ്പെ കൗടിഞ്ഞോയുടെ അത്തരമൊരു ലോംഗ്പാസാണ് മുപ്പത്തഞ്ചാം മിനിറ്റില്‍ ഗോളില്‍ കലാശിച്ചത്. ബോക്‌സില്‍ പന്ത് പിടിച്ച പൗളിഞ്ഞൊ ഗോളി വ്‌ലാദിമിര്‍ സ്റ്റോയ്‌കോവിച്ചിന്റെ കൈകള്‍ക്കിടയിലൂടെ ബൂട്ടിന്റെ തലപ്പ് കൊണ്ട് അത് വലയിലേക്കുയര്‍ത്തി. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ എതിരാളികള്‍ക്ക് അപൂര്‍വമായേ അവസരങ്ങള്‍ നല്‍കിയുള്ളൂ.
പൗളിഞ്ഞോക്ക് സമാനമായി ഗോള്‍ നേടാന്‍ ഗബ്രിയേല്‍ ജെസൂസിനും അവസരമുണ്ടായിരുന്നു. എന്നാല്‍ അവസാന മിനിറ്റില്‍ നിക്കോള മിലെന്‍കോവിച് തടഞ്ഞു. തൊട്ടുമുമ്പ് നെയ്മാറിന്റെ ക്ലോസ് റെയ്ഞ്ച് ഷോട്ട് സ്റ്റോയ്‌കോവിച് തട്ടിത്തെറിപ്പിച്ചു. രണ്ടാം പകുതിയില്‍ പലതവണ സെര്‍ബിയ ബ്രസീല്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തി. മറുവശത്ത് നെയ്മാറിനും തുറന്ന അവസരം കിട്ടി. എഴുപതാം മിനിറ്റില്‍ കോര്‍ണര്‍ കിക്കാണ് തിയാഗൊ സില്‍വ ബുള്ളറ്റ് ഹെഡറിലൂടെ വലയിലേക്ക് പായിച്ചത്. തൊട്ടുമുമ്പ് അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെ പോയന്റ്ബ്ലാങ്ക് ഹെഡര്‍ തിയാഗൊ സില്‍വ തടഞ്ഞിരുന്നു.
പത്താം മിനിറ്റാവുമ്പോഴേക്കും ബ്രസീലിന് ഡിഫന്റര്‍ മാഴ്‌സെലോയെ നഷ്ടപ്പെട്ടിരുന്നു. പകരം ഫിലിപ് ലൂയിസ് ഇറങ്ങി.
നിഷ്‌നിയില്‍ സ്വിറ്റ്‌സര്‍ലന്റ് ഗോളടിക്കും മുമ്പ് കോസ്റ്ററീക്ക അഞ്ചോളം അവസരങ്ങള്‍ പാഴാക്കിയിരുന്നു.