Sorry, you need to enable JavaScript to visit this website.

പാസ്‌പോർട്ടിൽ കാലാവധി ഇല്ലാതെ ഫൈനൽ എക്‌സിറ്റ് ലഭിക്കില്ല 

കാലാവധി ഇല്ലാത്ത പാസ്‌പോർട്ടിൽ ഫൈനൽ എക്‌സിറ്റ് ലഭിക്കുമോ?

ചോദ്യം: ഞാനൊരു ഗാർഹിക തൊഴിലാളിയാണ്. എന്റെ ഇഖാമക്ക് ആറു മാസ കാലാവധിയുണ്ട്. ഞാൻ ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നു. എന്നാൽ എന്റെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഫൈനൽ എക്‌സിറ്റ് ലഭിക്കുമോ?
ഉത്തരം: ഏതൊരു വിദേശിക്കും സൗദിയിൽനിന്ന് സ്വന്തം രാജ്യത്തേക്കു പോകണമെങ്കിൽ കാലാവധിയുള്ള പാസ്‌പോർട്ട് നിർബന്ധമാണ്. ഇതാണ് ഇമിഗ്രേഷൻ നിയമം. ഫൈനൽ എക്‌സിറ്റ് അടിക്കണമെങ്കിൽ പാസ്‌പോർട്ടിന് കുറഞ്ഞത് 60 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. കാലാവധി കഴിഞ്ഞ പാസ്‌പോർട്ടിൽ ഫൈനൽ എക്‌സിറ്റ് അടിക്കില്ല. ഇത്തരമൊരു സാഹചര്യത്തിൽ ആദ്യം നിങ്ങൾ പാസ്‌പോർട്ട് പുതുക്കുകയാണ് വേണ്ടത്. അതിന് നിങ്ങളുടെ രാജ്യത്തിന്റെ എംബസിയെയോ, കോൺസുലേറ്റിനെയോ സമീപിക്കുകയാണ് വേണ്ടത്. പാസ്‌പോർട്ട് പുതുക്കിയ ശേഷം സ്‌പോൺസർ ജവാസാത്തിൽ പാസ്‌പോർട്ട് അപ്‌ഡേറ്റ് ചെയ്യണം. അതിനു ശേഷം ഫൈനൽ എക്‌സിറ്റ് അടിക്കാം. 

എക്‌സിറ്റ് റീഎൻട്രി ലഭിക്കാൻ പാസ്‌പോർട്ടിലെ കാലാവധി

ചോദ്യം: എക്‌സിറ്റ് റീ എൻട്രി ലഭിക്കുന്നതിന് പാസ്‌പോർട്ടിൽ മിനിമം എത്ര കലാവധി ഉണ്ടായിരിക്കണം?

ഉത്തരം: എക്‌സിറ്റ് റീ എൻട്രി ലഭിക്കുന്നതിന് പാസ്‌പോർട്ടിൽ കുറഞ്ഞത് മൂന്നു മാസ കാലാവധി എങ്കിലും ഉണ്ടായിരിക്കണം. അതിൽ കുറഞ്ഞ പാസ്‌പോർട്ട് ആണ് ഉള്ളതെങ്കിൽ പാസ്‌പോർട്ട് പുതുക്കിയ ശേഷമാണ് റീ എൻട്രിക്കു ശ്രമിക്കേണ്ടത്. 

വിസിറ്റ് വിസയെ  പെർമനന്റ് വിസയാക്കൽ

ചോദ്യം: എന്റെ ഭാര്യ വിസിറ്റിംഗ് വിസയിലാണുള്ളത്. വിസിറ്റിംഗ് വിസ പെർമനന്റ് റസിഡന്റ് വിസയാക്കി മാറ്റാൻ സാധിക്കുമോ?

ഉത്തരം: സൗദിയിലെ നിലവിലെ നിയമം അനുസരിച്ച് വിസിറ്റിംഗ് വിസ പെർമനന്റ് റസിഡന്റ് വിസയാക്കി മാറ്റാൻ കഴിയില്ല. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിയുന്നതിനു മുമ്പെ മടങ്ങിപ്പോകണം. അതിനു ശേഷം പെർമനന്റ് വിസക്ക് അപേക്ഷിക്കാം. സൗദിയിൽ വിസിറ്റിംഗ് വിസയിൽ കഴിഞ്ഞുകൊണ്ട് റസിഡന്റ് വിസയിലേക്ക് മാറാൻ സാധിക്കില്ല. 

Latest News