Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആഹ്ലാദിക്കാന്‍ വരട്ടെ, അര്‍ജന്റീനക്ക് പ്രശ്‌നങ്ങള്‍ ബാക്കി

കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ മാര്‍ക്കോസ് റോഹൊ നേടിയ ഗോള്‍ അര്‍ജന്റീനയെ മരണത്തിന്റെ നൂല്‍പാലത്തില്‍ നിന്ന് രക്ഷിച്ചു. ഡിയേഗൊ മറഡോണയുള്‍പ്പെടെ അര്‍ജന്റീനയുടെ ആരാധകര്‍ ദീര്‍ഘശ്വാസം വിട്ടിരിക്കുന്നു. ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അര്‍ജന്റീനയുടെ പ്രശ്‌നങ്ങള്‍ പക്ഷെ അവസാനിച്ചിട്ടില്ല. 
ഡിഫന്റര്‍ റോഹോയാണ് വിജയഗോള്‍ നേടിയത് എന്നതില്‍ തുടങ്ങുന്നു അര്‍ജന്റീനയുടെ പ്രതിസന്ധി. മുന്‍നിരയും പിന്‍നിരയും മധ്യനിരയുമൊക്കെ ഈ ലോകകപ്പില്‍ അര്‍ജന്റീനക്ക് പ്രശ്‌നമേഖലകളാണ്. ഏറ്റവും പ്രശ്‌നം പ്രതിരോധം തന്നെ. ക്രൊയേഷ്യക്കെതിരായ കളിയില്‍ വില്ലി കബയേരൊ അനാവശ്യമായി ഗോള്‍ വഴങ്ങിയതില്‍ തുടങ്ങുന്നു അത്. നൈജീരിയക്കെതിരെ ഗോളി ഫ്രാങ്കൊ അര്‍മാനിക്ക് രാജ്യാന്തര അരങ്ങേറ്റത്തിന് അവസരമൊരുക്കാന്‍ അര്‍ജന്റീന നിര്‍ബന്ധിതരായി. അത് ഫലം കണ്ടത് ഭാഗ്യമെന്നു കരുതിയാല്‍ മതി. ലോകം ഉറ്റുനോക്കിയ നിര്‍ണായക മത്സരത്തില്‍ അര്‍മാനി പിഴവൊന്നും കാണിച്ചില്ല.
ക്രൊയേഷ്യക്കെതിരെ അര്‍ജന്റീനാ പ്രതിരോധം ഛിന്നഭിന്നമായി. നൈജീരിയക്കെതിരെയും വലുതായൊന്നും മെച്ചപ്പെട്ടില്ല. ഹവിയര്‍ മസ്‌ചെരാനോയുടെ പിഴവുകള്‍ നൈജീരിയ മുതലെടുത്തില്ല. ആദ്യ പകുതിയില്‍ പലതവണ പന്ത് കൈവിട്ടു. അനാവശ്യമായി മസ്‌ചെരാനൊ വഴങ്ങിയ കോര്‍ണറും അതിനെത്തുടര്‍ന്ന് അതിനെക്കാള്‍ അനാവശ്യമായി നടത്തിയ ഫൗളുമാണ് പെനാല്‍ട്ടിക്കു കാരണമായത്. അത് അര്‍ജന്റീനയെ പുറത്താകലിന്റെ വക്കിലെത്തിച്ചു. അതിനു ശേഷവും ബോക്‌സില്‍ നിന്ന് ഒരു സമ്മര്‍ദ്ദവുമില്ലാത്ത ഘട്ടത്തില്‍ മസ്‌ചെരാനൊ അടിച്ചകറ്റിയത് പിഴച്ചു. തുറന്ന വലക്കു മുന്നില്‍ നൈജീരിയന്‍ താരം പുറത്തേക്കടിച്ചു. മറ്റേതെങ്കിലും ടീമായിരുന്നെങ്കില്‍ അത് ഗോളായേനേ. 2014 ലെ ലോകകപ്പില്‍ ഒന്നാന്തരമായി കളിച്ച മസ്‌ചെരാനോയെ മുഴുസമയം കളിപ്പിച്ചതെന്തിനെന്ന് ആര്‍ക്കുമറിയില്ല.
ക്രൊയേഷ്യക്കെതിരായ കളിയില്‍ മധ്യനിര ഇല്ലായിരുന്നു. എവര്‍ ബനേഗയെ ഉള്‍പെടുത്തിയതാണ് നൈജീരിയക്കെതിരെ അര്‍ജന്റീന വരുത്തിയ ഫലപ്രദമായ മാറ്റം. ബനേഗയുടെ കൃത്യമായ പാസുകളാണ് അര്‍ജന്റീനക്ക് മേധാവിത്തം നേടിക്കൊടുത്തത്. മെസ്സിക്ക് കൂടുതല്‍ സ്വതന്ത്രമായി കളിക്കാന്‍ അവസരമൊരുക്കിയത്. 40 വാര അകലെ നിന്ന് ബനേഗ നല്‍കിയ പാസാണ് മെസ്സിയുടെ ആദ്യ ഗോളില്‍ കലാശിച്ചത്. ബനേഗയായിരുന്നു യഥാര്‍ഥത്തില്‍ താരം. മധ്യനിരയില്‍ അര്‍ജന്റീന വരുത്തിയ മാറ്റങ്ങള്‍ ഫലം ചെയ്തുവെന്നു വേണം കരുതാന്‍.
മുന്‍നിരയില്‍ ഗോണ്‍സാലൊ ഹിഗ്വയ്‌നെ കൊണ്ടുവന്നത് ഒരു മാറ്റവുമുണ്ടാക്കിയില്ല. അതിനായി റിസര്‍വ് ബെഞ്ചിലിരുത്തിയത് സെര്‍ജിയൊ അഗ്വിരോയെ ആയിരുന്നു. ഹിഗ്വയ്ന്‍ ഏതാനും മികച്ച അവസരങ്ങള്‍ പാഴാക്കി. അര്‍ജന്റീനാ ജഴ്‌സിയില്‍ അപൂര്‍വമായി മാത്രമേ ഹിഗ്വയ്ന്‍ കരുത്തു കാട്ടിയിട്ടുള്ളൂ. 
ഫലത്തില്‍ മൂന്ന് ശരാശരി മത്സരം കളിച്ചാണ് അര്‍ജന്റീന പ്രി ക്വാര്‍ട്ടറിലെത്തിയത്. നൈജീരിയക്കെതിരെ ജയിച്ച ആവേശം ചിലപ്പോള്‍ ഫ്രാന്‍സിനെതിരെ കളിക്കുമ്പോള്‍ ഗുണം ചെയ്‌തേക്കാം. കോച്ചും കളിക്കാരും തമ്മിലുള്ള ഭിന്നതയും പരിഹരിക്കപ്പെട്ടേക്കാം. എന്നാല്‍ പിന്‍നിരയിലെയും മുന്‍നിരയിലെയും പ്രശ്‌നങ്ങള്‍ നേരിടാതെ അര്‍ജന്റീനക്ക് ഏറെ ദൂരം മുന്നോട്ടുപോവാനാവില്ല. 
 

Latest News