Sorry, you need to enable JavaScript to visit this website.

പത്തരമാറ്റ് വിജയത്തിളക്കവുമായി അർജന്റീന

യുദ്ധപ്രതീതിയുണർത്തുന്ന ഫുട്‌ബോൾ മത്സരങ്ങൾ കാണുകയെന്ന അനുഭവം  പ്രത്യേകിച്ചും, കളിക്കളത്തിലെ ഒരു ടീം നമുക്ക് പ്രിയപ്പെട്ടതാണെങ്കിൽ  വിശദീകരിക്കാനാവാത്തതാണ്. കോളറ കാലത്തെ പ്രണയത്തിൽ കാമുകിയുമായുള്ള സമാഗമത്തിനൊരുങ്ങി നിൽക്കുന്ന ഫ്‌ളോറന്റിനോ അരിസയുടെ ബേജാറാണ് അർജന്റീനാ ആരാധകനായ എനിക്ക് അത്തരം സന്ദർഭങ്ങളിലുണ്ടാകാറുള്ളത്. ഇന്നത്തെ നിർണായകമായ ഗ്രൂപ്പ് സി മത്സരത്തിലുമതെ. മെസ്സിയുടെ അസാമാന്യ ഗോളിൽ അർജന്റീന ലീഡെടുക്കുകയും അവർ മൈതാനം വാണു കളിക്കുകയും ചെയ്യുന്നുണ്ടായിട്ടും ഒരു അസ്വസ്ഥത, ആപച്ഛങ്ക ഉടനീളം അനുഭവപ്പെട്ടിരുന്നു. അന്തിമ വിസിൽ മുഴങ്ങിയതിനു ശേഷം മാത്രമേ ദീർഘനിശ്വാസം വിടാൻ പോലും കഴിഞ്ഞുള്ളൂ.

നൈജീരിയയുമായുള്ള മത്സരത്തിന്റെ പ്രാധാന്യം മെസ്സിക്കും അർജന്റീനാ ടീമിനും ആരാധകർക്കും മാത്രമല്ല, പന്തുകളിയിൽ താൽപര്യമുള്ള ആർക്കും നന്നായറിയാമായിരുന്നു. ജയം അല്ലെങ്കിൽ മരണം എന്നായിരുന്നു സ്ഥിതി. ക്രൊയേഷ്യയോടേറ്റ ആ വലിയ തോൽവിക്കു ശേഷം ആശങ്കയായും നൈജീരിയയുടെ ഐസ്‌ലാന്റ് വിജയത്തിനു ശേഷം ആശയായും ഇന്നത്തെ മത്സരം അർജന്റീനക്കു മുന്നിൽ നിന്നു. ജയിച്ചാൽ മാത്രം പോരാ, ഐസ്‌ലാന്റ് ജയിക്കാതിരിക്കുക എന്നതു കൂടി പ്രധാനമാണെന്നതിനാൽ ഈ ദിവസങ്ങളിൽ ഞാൻ കണ്ടുമുട്ടിയ അർജന്റീനാ ആരാധകരിൽ ഒരാൾപോലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു കണ്ടിരുന്നില്ല. 'ശത്രു'ക്കളാകട്ടെ, മെസ്സിയും കൂട്ടരും ആദ്യറൗണ്ടിൽ പുറത്തായിക്കിട്ടാൻ കാത്തിരിക്കുന്നതു പോലെയും തോന്നി. ഏതായാലും എല്ലാ ചേരുവകളും അടങ്ങിയ ഒരു മത്സരം ജയിച്ചാണ് മെസ്സിയും കൂട്ടരും രണ്ടാം റൗണ്ടിലെത്തിയിരിക്കുന്നത്. ഇനിയുള്ള മത്സരഫലങ്ങൾ എന്തായിരുന്നാലും ഈ മത്സരവും അത് വിജയിച്ച രീതിയും അർജന്റീനക്കാർ മറക്കാനിടയില്ല.

ഇന്നത്തെ മത്സരത്തിന് സാംപൗളി ടീമിനെയും ഫോർമേഷനെയും പ്രഖ്യാപിച്ചപ്പോൾ തന്നെ ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. ആദ്യം 4-2-3-1 ആണ് ഫോർമേഷനെന്നാണ് സോക്കർവേയിൽ കണ്ടത്. ഹിഗ്വയ്ൻ സോൾ സ്‌െ്രെടക്കറായും മെസ്സി ഫീഡർ കം അറ്റാക്കറായും ഡിമരിയയെയും പെരസിനെയും ഇരുവശങ്ങളിലുള്ള വിങർമാരായും നിയോഗിച്ചു കൊണ്ടായിരുന്നു ഈ കണക്ക്. എന്നാൽ മെസ്സിയും ഹിഗ്വയ്‌നും ഫോർവേഡുമാരായിക്കൊണ്ടുള്ള 4-4-2 ആയാണ് കളി തുടങ്ങിയത്. നൈജീരിയയുടെ 3-5-2 എന്ന ഫോർമേഷൻ അവരുടെ മെയ്ക്കരുത്തിന് പ്രാധാന്യം നൽകി രൂപം നൽകിയതായിരുന്നു. ജോൺ ഓബി മൈക്കലായിരുന്നു കേന്ദ്രബിന്ദു.

കഴിഞ്ഞ മത്സരങ്ങളിൽനിന്നു വ്യത്യസ്തമായി തുടക്കംമുതൽ അർജന്റീനക്കാർ ആത്മവിശ്വാസത്തോടെ കളിക്കുന്നതു കണ്ടപ്പോൾ സന്തോഷവും പ്രതീക്ഷയും തോന്നി. പ്രാഥമിക വൺടച്ചുകളിൽ തന്നെ മെസ്സി പങ്കെടുത്തതോടെ ഇന്നയാൾക്കായിരിക്കും പ്രധാന റോൾ എന്നും മനസ്സിലായി. പതിയിരുന്ന് ആക്രമിക്കുക എന്നതായിരുന്നു നൈജീരിയൻ രീതി. പക്ഷേ, റോഹോ സെൻടൽ ഡിഫൻസിലേക്ക് മടങ്ങിയെത്തിയതോടെ അർജന്റീനാ പ്രതിരോധം മറികടക്കുക നൈജീരിയക്ക് എളുപ്പമായിരുന്നില്ല. വലതുവശം ചേർന്ന് കളിക്കുകയും തന്റെ പതിവ് രീതിയനുസരിച്ച് മധ്യഭാഗത്തെ സ്‌പേസ് കൂടി ഉപയോഗപ്പെടുത്തി ആക്രമണത്തിൽ പങ്കാളിയാവുകയുമാണ് മെസ്സി ചെയ്തത്. തുടക്കത്തിലേ മെസ്സിയെ വീഴ്ത്തിയതിന് താക്കീത് കിട്ടിയതോടെ നൈജീരിയൻ ഡിഫൻസിന്റെ പിടി ഒന്ന് അയഞ്ഞു. മാത്രവുമല്ല, മെസ്സിയുമായി ലിങ്ക് ചെയ്യാൻ നിയുക്തരായ പെരസും മഷരാനോയും മർക്കാഡോയും വലിയ തെറ്റില്ലാതെ ആ പണിയെടുത്തതോടെ വളഞ്ഞിട്ട് പിടിക്കുക എന്നതും ആഫ്രിക്കക്കാർക്ക് ബുദ്ധിമുട്ടായി. ഹിഗ്വയ്ൻ ബോക്‌സിൽ ഫ്രീയാവാതെ നോക്കുക എന്ന അധികബാധ്യത കൂടി അവർക്കുണ്ടായിരുന്നു. ആക്രമണം നടത്തുമ്പോൾ ഇരുവശങ്ങളിലായി വിങ് ബാക്കുകൾ കൂടി കയറിയിരുന്നതിനാൽ കൂടുതൽ പേരെ എതിർഹാഫിൽ വിന്യസിക്കാൻ അർജന്റീനക്കു കഴിഞ്ഞു. മത്സരത്തിൽ മാനസിക ആധിപത്യം പുലർത്താൻ തുടക്കംമുതലേ കഴിയുകയും ചെയ്തു.

മെസ്സി വലതുവശത്ത് കളി കേന്ദ്രീകരിക്കുമ്പോൾ മറുവശത്ത് എവർ ബനേഗയാണ് അതിന്റെ റിഫഌൻ ജോലി ഏറ്റെടുത്തത്. ടാഗ്ലിഫിക്കോക്ക് ബോക്‌സിലേക്ക് പന്ത് നൽകിയതിൽ നിന്നുതന്നെ ബനേഗയുടെ ദൗത്യം എന്താണ് വ്യക്തമായി. മാർക്ക് ചെയ്യാൻ കഴിയാത്തത്രയും ഡീപ്പ് ആയാണ് ബനേഗ സ്ഥാനമുറപ്പിച്ച് ചരടുവലിച്ചത്. അവഗണിക്കാവുന്ന പൊസിഷൻ ആണതെന്നാണ് നൈജീരിയക്കാർ കണക്കുകൂട്ടിയത്.

ബനേഗയും മെസ്സിയും തമ്മിലുള്ള കെമിസ്ട്രിയിൽ നിന്നു വന്ന ഗോൾ അർജന്റീനയുടെ ഗെയിം പ്ലാനിന്റെ ഭാഗമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് അത്തരമൊരു നീക്കത്തെപ്പറ്റി ഇരുവരും മത്സരത്തിനു മുന്നേ ധാരണയിലെത്തിയിട്ടുണ്ടാവണം. കാരണം, അതുവരെയുള്ള അർജന്റീനയുടെ കളിയിൽ നിന്ന് അത്തരമൊരു ഹൈബോൾ വരുമെന്നോ പന്തില്ലാതെ മെസ്സി ബോക്‌സിലേക്ക് ഓടിക്കയറുമെന്നോ ഉള്ളതിനുള്ള സൂചന ഇല്ലായിരുന്നു. നൈജീരിയൻ ഡിഫന്റർമാരുമായി താരതമ്യം ചെയ്യുമ്പോൾ മെസ്സിക്ക് ഉയരം കുറവാണെന്നത് ഇത്തരമൊരു സാധ്യതയെ അവഗണിക്കാൻ അവർക്ക് ധൈര്യം നൽകി. അതിനു വിലനൽകേണ്ടിയും വന്നു. കൃത്യം മധ്യവരക്കടുത്തു നിന്നാണ് ബനേഗ പന്ത് ഉയർത്തിവിട്ടത്. ഓടിക്കയറാൻ വേണ്ടി മെസ്സി വഴിയുണ്ടാക്കിയിട്ടുണ്ടെന്ന് ഉറപ്പിച്ച ശേഷമായിരുന്നു അതെന്നു വ്യക്തം. മെസ്സി ഓടിത്തുടങ്ങുമ്പോൾ പോലും നൈജീരിയക്കാർക്ക് വലിയ പേടിയുണ്ടായിരുന്നില്ല. പക്ഷേ, മെസ്സിക്കു മാത്രം കഴിയുന്ന ഒന്നും രണ്ടും ടച്ചുകൾ എല്ലാം മാറ്റിമറിച്ചു. ബോക്‌സിനു പുറത്തുവെച്ച് തുടയിലും ബോക്‌സിനുള്ളിൽ കയറി കാലിലും നിയന്ത്രിച്ചാണ് മെസ്സി പന്ത് വരുതിയിലാക്കിയത്. ഡിഫന്റർക്കും ഗോൾകീപ്പർക്കുമിടയിലെ വിടവ് തിരിച്ചരിഞ്ഞ് വലതുകാൽ കൊണ്ട് മെസ്സി തൊടുത്ത ഷോട്ട് അത്ഭുതകരമായിരുന്നു. ഒരു ഇടങ്കാൽ കളിക്കാരനായ മെസ്സിയുടെ വലങ്കാലിൽ അത്രയധികം കരുത്തും കൃത്യതയും എവിടെ നിന്നു വന്നു? ഗോൾകീപ്പർക്ക് പ്രതികരിക്കാൻ സമയം കിട്ടുന്നതിനു മുമ്പേ പന്ത് അയാളെ കടന്നുപോയിരുന്നു.

ഗോൾ വന്നതോടെ കളി അർജന്റീനയുടെ വരുതിയിലായി. മെസ്സിയുടെ ആത്മവിശ്വാസം പതിന്മടങ്ങ് വർധിച്ചതുപോലെ. കുറിയ പാസുകളും ക്ഷമയോടെയുള്ള നീക്കങ്ങളുമായി അവർ പന്ത് നിയന്ത്രണത്തിലാക്കി. അർജന്റീനയുടെ പ്രത്യാക്രമണങ്ങളിൽ ചിലത് ഭീഷണിയുയർത്തിയെങ്കിലും ഡിഫൻസ് അവസരത്തിനൊത്തുയർന്നു. മെസ്സിയുടെ ആ ഫ്രീകിക്കിന് ഗോളാകാനുള്ള എല്ലാ യോഗ്യതയുമുണ്ടായിരുന്നു. ആ പൊസിഷനിൽ നിന്ന് ഇടങ്കാൽ കൊണ്ടുതൊടുത്ത കിക്കിന്റെ കൃത്യത കണിശമായിരുന്നു. ഭാഗ്യമുണ്ടായില്ലെന്നു മാത്രം.

രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ വന്ന ആ പെനാൽട്ടി ഒരു ചതിയായാണ് തോന്നിയത്. കോർണർ കിക്കിനിടെ എതിർകളിക്കാരെ മാർക്ക് ചെയ്യുന്ന സ്വാഭാവിക കാര്യങ്ങളേ മഷരാനോ ചെയ്തുള്ളൂ. അയാൾ ജഴ്‌സി പിടിച്ചുവലിക്കുകയോ പന്ത് ഗോൾഏരിയയിൽ എത്തിയപ്പോൾ പ്ലെയറെ തടയാനായി ഫൗൾ ചെയ്യുകയോ ചെയ്തില്ല. നിലത്തുവീഴുന്നതിനായി നൈജീരിയൻ പ്ലെയർ മഷെയുടെ ശരീരത്തിലേക്ക് സമ്മർദം ചെലുത്തുകയായിരുന്നുവെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. പന്ത് ഗോൾഏരിയയിൽ നിന്ന് പുറത്തേക്കടിച്ചപ്പോൾ നിലത്തുവീണ കളിക്കാരൻ ഒരു പരാതിയുമില്ലാതെ എഴുന്നേറ്റു പോകുന്നതു കാണാമായിരുന്നു. പക്ഷേ, റഫറി ആ സംഭവത്തിന് ആവശ്യത്തിലധികം പ്രാധാന്യം നൽകുകയും മഞ്ഞക്കാർഡും പെനാൽട്ടിയും വിധിക്കുകയും ചെയ്തു.

അതുവരെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുകയായിരുന്ന അർജന്റീനയെ തകർത്തുകളയുന്നതായിരുന്നു അപ്രതീക്ഷിതമായെത്തിയ ആ ഗോൾ. തുടർന്നുള്ള ഏതാനും മിനുട്ടുകളിൽ അതവരെ ബാധിക്കുകയും ചെയ്തു. പത്തുമിനുട്ടിനുള്ളിൽ ബനേഗ അനാവശ്യ ഫൗളിന് മഞ്ഞക്കാർഡ് കണ്ടു. ഇടതുവിങിലെ മൂസയുടെ വേഗത അർജന്റീനാ ഗോൾമുഖത്ത് ഭയപ്പാട് സൃഷ്ടിച്ചു. പക്ഷേ, തന്റെ 'പിഴവിൽ' പിറന്ന പെനാൽട്ടി മഷരാനോയെ ഉത്തേജിതനാക്കാനേ ഉപകരിച്ചുള്ളൂ. അതുവരെ നിശ്ശബ്ദനായി തന്റെ പണിയെടുത്തിരുന്ന മഷെയുടെ ഭാവമാറ്റമാണ് അവസാന ഘട്ടങ്ങളിൽ കണ്ടത്. മുഖത്ത് പരിക്കേറ്റ് രക്തംപൊടിഞ്ഞിട്ടും കാര്യമാക്കാതെ അയാൾ വീറോടെ കളിച്ചു. എതിരാളികളിൽ നിന്ന് പന്ത് റിക്കവർ ചെയ്യുകയും നിരന്തരം മുന്നിലേക്ക് നൽകുകയും ചെയ്തു. ഉയരക്കാരായ നൈജീരിയക്കാർക്ക് പന്ത് കിട്ടാതിരിക്കാൻ മഷെ ഉയർന്നുചാടുന്നതും ക്ലിയറിങുകളിൽ നൂറുശതമാനം സമർപ്പിക്കുന്നതും വല്ലാത്തൊരു കാഴ്ചയായിരുന്നു. ഈ സമയത്തെ മെസ്സിയുടെ പ്രകടനവും നിർണായകമായി. അതിനിടെ, ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ഒരു പെനാൽട്ടി ഭീതി അർജന്റീനയെ ഒഴിഞ്ഞുപോവുകയും ചെയ്തു. ക്ലിയറൻസിനിടെ അവിചാരിതമായി സംഭവിച്ച ആ ഹാന്റ്‌ബോൾ ശരിക്കും ഒരു 50-50 ചാൻസ് ആയിരുന്നു. റോഹോ പന്ത് ഹെഡ്ഡ് ചെയ്യുമ്പോൾ എതിർതാരം കളിയിൽ പങ്കെടുത്തിരുന്നില്ല എന്നതും ഹാന്റ്‌ബോൾ മനഃപൂർവമായിരുന്നില്ല എന്നതുമായിരിക്കണം റഫറി അവിടെ പരിഗണിച്ച കാര്യം. അനാവശ്യമായി ഒരു പെനാൽട്ടി നൽകേണ്ടി വന്നതും അയാളെ സ്വാധീനിച്ചിരിക്കാം.

പെരസിനു പകരം പാവോൺ വന്നതോടെ മെസ്സി വലതുവിങിൽ നിന്നുമാറി ഡീപ്പായി കളിക്കാൻ തുടങ്ങി. കൂട്ടത്തോടെ ബോക്‌സിൽ തമ്പടിച്ചു നിൽക്കുന്ന ഡിഫൻസ് ഭേദിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരെ അസ്വസ്ഥരാക്കാൻ മെസ്സിക്കായി. പല ഫോർവേഡ് പാസുകളും മുതലെടുക്കാൻ സഹതാരങ്ങൾക്കു കഴിഞ്ഞില്ല. അതിനിടെ, വലതുവിങിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടവനെ പോലെ കാണപ്പെട്ട ഡിമരിയയെ മാറ്റി സാംപൗളി മെസയെ ഇറക്കി. ഒരു സുവർണാവസരം ഹിഗ്വയ്ൻ ബാറിനു മുകളിലൂടെ പറത്തി നശിപ്പിച്ചപ്പോൾ അർജന്റീനക്ക് മറ്റൊരു ദൗർഭാഗ്യ നിമിഷമാകുമോ എന്ന് തോന്നി.

ടാഗ്ലിഫിക്കോയ്ക്കു പകരം അഗ്വേറോയെ ഇറക്കിയതോടെ സാംപോളി നൽകിയ സന്ദേശം വ്യക്തമായിരുന്നു. എങ്ങനെയും ഗോളടിച്ചേ തീരൂ. നൈജീരിയ സമനിലയിൽ കടിച്ചുതൂങ്ങാൻ തീരുമാനിച്ചതിനാൽ അർജന്റീനാ ഡിഫന്റർമാർക്കും മുന്നോട്ടു കയറാൻ കഴിഞ്ഞു. പ്രതിരോധത്തിൽ തങ്ങൾ അത്രപോരാ എന്ന് ടൂർണമെന്റിൽ മുമ്പും നൈജീരിയ തെളിയിച്ചതാണ്. 86-ാം മിനുട്ടിൽ മെർക്കാഡോയുടെ ക്രോസിൽ റോഹോ ഷോട്ടുതിർക്കുമ്പോൾ അയാൾ സർവ സ്വതന്ത്രനായിരുന്നു. ബോക്‌സിലുണ്ടായിരുന്ന മൂന്ന് അർജന്റീനക്കാരെ നേരിടാൻ അപ്പോൾ അഞ്ച് പച്ചക്കുപ്പായക്കാരേ ഉണ്ടായിരുന്നുള്ളൂ. റോഹോയുടെ പുറത്ത് ചാടിക്കയറി മെസ്സി നടത്തിയ ഗോളാഘോഷം ഈ ലോകകപ്പിലെ പ്രധാന കാഴ്ചകളിലൊന്നായി.

സാങ്കേതികമായി നോക്കുമ്പോൾ അർജന്റീനയെ തോൽപ്പിക്കാനുള്ള കരുത്ത് നൈജീരിയ ടീമിനില്ല എന്നതാണ് സത്യം. പക്ഷേ, എതിരാളികൾ സമ്മർദമുഖത്താണ് എന്നത് മുതലെടുക്കാൻ അവർക്കു കഴിയണമായിരുന്നു. മെസ്സിയെയും കൂട്ടരെയും തളക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുക എന്നതിനപ്പുറം അവർക്ക് പദ്ധതിയുണ്ടായിരുന്നില്ല. പ്രത്യാക്രമണത്തിൽ അവർ പുലികളായിരുന്നുവെങ്കിലും അത് നേരിടാനുള്ള അടവ് സാംപോളി തന്റെ ടീമിനെ പഠിപ്പിച്ചിരുന്നു. റോഹോയും ഒട്ടമെൻഡിയും പൊസിഷനിങ് കൃത്യമായി പാലിച്ചു. എന്നിട്ടും മൂസ രണ്ടുമൂന്നു തവണ ശരിക്കും ഗോൾമുഖം വിറപ്പിച്ചു. കബായെറോക്ക് പകരം വന്ന ഗോൾകീപ്പർ ഫ്രാങ്കോ അർമാനി അടിസ്ഥാനകാര്യങ്ങൾ പാലിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. അനാവശ്യ റിസ്‌കുകളെടുക്കാൻ അയാൾ മുതിർന്നതേ ഇല്ല.

കോച്ച് സാംപോളിയുടെ തന്ത്രങ്ങൾക്കും കളിക്കാരുടെ സമീപനത്തിനും തുല്യപങ്കുണ്ട് ഇന്നത്തെ വിജയത്തിന്. സമനില നൈജീരിയ ഡിഫന്റ് ചെയ്യുമെന്ന് തോന്നിച്ച ഘട്ടത്തിലൊന്നും അർജന്റീനക്കാരുടെ ശരീരഭാഷ പരാജിതരുടേതായിരുന്നില്ല. മെസ്സി കൂടുതൽ ധൈര്യവാനായി കാണപ്പെട്ടു. മഷരാനോയുടെ സന്നദ്ധതയും നിർണായകമായി. ഹിഗ്വയ്ൻ മാത്രമാണ് നിറംമങ്ങിയതായി തോന്നിയത്. സാംപോളി നടത്തിയ സബ്സ്റ്റിറ്റൂഷൻസ് നിർണായകമായിരുന്നു. പ്രത്യേകിച്ചും പത്ത് മിനുട്ടിലേറെ സമയമുള്ളപ്പോൾ അഗ്വേറോയുടെ വരവ്. അതൊരു ചൂതാട്ടമായിരുന്നെങ്കിലും പരാജയപ്പെട്ടില്ല.

ഏതായാലും, ഈ വിജയത്തിൽ അർജന്റീനാ ഫാൻസിന് ആശ്വസിക്കുകയും ആഹ്ലാദിക്കുകയും ചെയ്യാം. പക്ഷേ, വലിയൊരു പരീക്ഷണമാണ് ഇനി മുന്നിൽ. ഫ്രാൻസ് എന്നത് ഇത്തവണത്തെ ഫേവറിറ്റുകളിലൊന്നാണ്. ആധിപത്യം പുലർത്തി കളിക്കുകയും എതിരാളികളെ കളിക്കാൻ അനുവദിക്കാതിരിക്കുകയുമാണ് അവരുടെ ശൈലി. പ്രതിഭാധനരായ നിരവധി കളിക്കാറുമുണ്ടവർക്ക്. മറ്റൊരു മെസ്സി ബ്രില്ല്യൻസ് ഫ്രാൻസിനെതിരെ സംഭവിക്കുമോ? അതോ സാധ്യതയുള്ളതുപോലെ അർജന്റീന ക്വാർട്ടർ കാണാതെ മടങ്ങുമോ?
 

Latest News