ആര്‍.എസ്.എസുകാരന് മതേതര സര്‍ട്ടിഫിക്കറ്റ്; സോണിയയെ വിമര്‍ശിച്ച് ഉവൈസി

ഹുബ്ബള്ളി- ആര്‍.എസ്.എസുകാരനായ ജഗദീഷ് ഷെട്ടാറിനുവേണ്ടി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി പ്രചാരണം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി.
ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ജഗദീഷ് ഷെട്ടാറിന് വേണ്ടി കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ പ്രചാരണത്തിനെത്തിയതിനെയാണ്  ഉവൈസി വിമര്‍ശിച്ചത്. ഹുബ്ബള്ളിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് 10 ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ജഗദീഷ് ഷെട്ടര്‍ കഴിഞ്ഞ മാസം ബിജെപിയില്‍ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ അസംബ്ലി മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്.
ഇതാണോ നിങ്ങളുടെ മതേതര്വതമെന്നും ഇങ്ങനെയാണോ മോഡിയോട് മത്സരിക്കുന്നതെന്നും
സോണിയാ ഗാന്ധി വ്യക്തമാക്കണമെന്നും ഉവൈസി പറഞ്ഞു. ജഗദീഷ് ഷെട്ടാര്‍ ആര്‍എസ്എസില്‍ നിന്നാണ് വന്നത്. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിനെതിരായ യുദ്ധത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.  
ബിജെപി വിട്ട് പാര്‍ട്ടിയിലേക്ക് വരുന്നവരെ മതനിരപേക്ഷരായി വിശേഷിപ്പിച്ച് കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News