ബാല്യകാല സ്മരണകൾ കഴിഞ്ഞ വാരത്തിൽ സിന്തോൾ സോപ്പ് വരെയാണ് നമ്മൾ പറഞ്ഞു നിർത്തിയത്. എഴുതാൻ തുടങ്ങിയാൽ കുറേയുണ്ട് എഴുതാൻ. അന്നൊക്കെ മാസത്തിലൊരിക്കൽ വർക്കലയിലെ ഡാഡിയുടെ തറവാട്ടിൽ ഞങ്ങൾ പോകുമായിരുന്നു. ചിലപ്പോഴൊക്കെ സ്‌കൂട്ടറിലും ചിലപ്പോൾ ട്രെയിനിലും ആയിരുന്നു പോക്ക്. സ്‌കൂട്ടറിന്റെ മുമ്പിൽ ഡാഡിക്ക് റോഡ് മറയാതെ തല കുനിച്ചായിരുന്നു എന്റെ നിൽപ്. ഒരു മണിക്കൂർ യാത്ര കഴിയുമ്പോഴേക്കും കഴുത്ത് വേദന നന്നായി ഉണ്ടാവും. പക്ഷേ അന്നൊന്നും അതൊരു വിഷയമേ ആയിരുന്നില്ല. ആദ്യം ലാംബ്രട്ട സ്‌കൂട്ടർ ആയിരുന്നു ഡാഡിയുടെ വണ്ടി. അന്ന് അതിലായിരുന്നു ഞങ്ങളുടെ സ്ഥിരം സവാരി. സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുമ്പോൾ ഡാഡി അതിന്റെ സൈഡ് അഴിച്ച് സ്റ്റാർട്ടർ ഊരിയെടുത്ത് ക്ലീൻ ചെയ്ത് തിരിച്ചിടും. ചിലപ്പോഴൊക്കെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ വേണ്ടി ഞാൻ കിക്ക് ചെയ്തുകൊടുക്കും. പെട്രോൾ ടാങ്ക് തുറന്നു പെട്രോളിന്റെ മണം ആസ്വദിക്കുക വലിയ രസമുള്ള കാര്യമായിരുന്നു. സ്‌കൂട്ടറിന്റെ അറ്റകുറ്റപ്പണികൾ ഒക്കെ അന്നേ കണ്ടു പഠിച്ചിട്ടുണ്ട്. ഭാവിയിലേക്ക് പ്രത്യേകം ഉപയോഗമൊന്നും ഉണ്ടായില്ലെങ്കിലും അതൊക്കെ ഇന്നും നല്ല ഓർമയുണ്ട്.

ലേഖികയുടെ ബാല്യകാല ചിത്രം
ഓല മെടയാൻ മാത്രമല്ല അത്യാവശ്യം സ്‌കൂട്ടറിന്റെ പാർട്‌സുകൾ അഴിക്കാനും ഇടാനും ഒരുവിധം നന്നായി അറിയാം. എന്താ അതുകൊണ്ട് ഉപയോഗം എന്ന് ആരും എന്നോട് ചോദിക്കരുത്! 1971 ലെ ആ സ്‌കൂട്ടർ ഇന്നും അമ്മാവന്റെ വീട്ടിലിരിപ്പുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഡാഡിയുടെ തറവാട്ടിലേക്കുള്ള പോക്കിനെ കുറിച്ചാണ്. വർക്കല റെയിൽവേ സ്റ്റേഷന്റെ വളരെ അടുത്താണ് ഡാഡിയുടെ തറവാട്.. മുൻവശത്ത് മെയിൻ റോഡും പിറകിൽ റെയിൽ പാളവുമാണ് അവിടെ. അന്നൊക്കെ ട്രെയിനുകളുടെ സമയമെല്ലാം കൃത്യമായി അറിയാമായിരുന്നു. റെയിൽവേ സ്റ്റേഷന്റെ അടുത്ത് ആയതുകൊണ്ടു തന്നെ വീടിനടുത്ത് എത്തുമ്പോൾ ട്രെയിനിന്റെ സൈറൺ മുഴങ്ങും. ആ സൈറണുകളായിരുന്നു എനിക്ക് അന്നത്തെ മ്യൂസിക്. ഇന്ന് കേൾക്കുന്ന റോക്ക് മ്യൂസിക്കിനേക്കാൾ ഇമ്പം ഉണ്ടായിരുന്നു ട്രെയിനിന്റെ ഹോണുകൾക്ക്. പകലാണെങ്കിൽ ട്രെയിനിന്റെ സൈറൺ കേൾക്കുമ്പോൾ ഓടി വീടിന്റെ പിന്നിലെത്തും. പിറകിൽ ഗേറ്റ് തുറന്നാൽ നേരെ റെയിൽപാളമാണ്. പിന്നത്തെ പരിപാടി എൻജിൻ ഡ്രൈവേഴ്‌സിന് ടാറ്റ കാണിക്കുക എന്നുള്ളതാണ്. അന്നൊക്കെ എന്റെ വിചാരം ആ ഡ്രൈവേഴ്‌സ് ഒക്കെ എന്റെ കൈവീശിയുള്ള ടാറ്റ കാണാൻ വേണ്ടി കാത്തിരിക്കുകയാണ് എന്നാണ്. എന്തു തന്നെയായാലും അവരൊന്നും തിരിച്ചു ടാറ്റ തരാൻ മറന്നിരുന്നില്ല. മിക്ക തീവണ്ടി ഡ്രൈവർമാരെയും അന്ന് നല്ല പരിചയമായിരുന്നു. എത്രയെത്ര ട്രെയിനുകളെയായിരുന്നു അന്ന് ടാറ്റ നൽകി പറഞ്ഞു വിട്ടിരുന്നത്? തറവാട്ടിൽ അന്ന് രണ്ടു പശുക്കളും ആടും ആട്ടിൻകുട്ടികളും ഉണ്ടായിരുന്നു. ആട്ടിൻ കൂടായിരുന്നു അന്ന് എന്റെ കളിവീട്. കുട്ടിക്കാലത്ത്് ആട്ടിൻ കാഷ്ടമായിരുന്നു ഞങ്ങളുടെ 'ഉപ്പേരി'. ഇഷ്ടികപ്പൊടി ആണ് മുളകുപൊടി. പ്ലാവില മീൻ ആണ്. പ്ലാവിലയിൽ ചാണകം പുരട്ടിയാണ് കളി വീടിലെ മീൻ പൊരി. രാവിലെ ആട്ടിൻകൂടിന്റെ ഉള്ളിൽ കയറിയാൽ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങും. കൈയും കാലും ഒന്നും കഴുകേണ്ട കാര്യം ഉണ്ടായിരുന്നില്ല. അച്ചാച്ചനാണ് ഞങ്ങൾക്ക് ചോറ് വാരിത്തന്നിരുന്നത് ഞങ്ങളുടെ വായയേക്കാൾ വലിപ്പമുള്ള ഉരുളകൾ അച്ചാച്ചൻ സ്‌നേഹത്തോടെ ഞങ്ങൾക്ക് ഉരുട്ടിത്തരും. കണ്ണുതുറിച്ച് , ചവച്ച് എന്നു വരുത്തി ആ ഉരുളകൾ വിഴുങ്ങി വിടുക എന്നുള്ളത് മാത്രമായിരുന്നു ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്. പിന്നെ വീണ്ടും ആട്ടിൻകൂടിനുള്ളിൽ ആയിരിക്കും. അഞ്ച് അഞ്ചര മണിയാവുമ്പോൾ കുളിക്കാൻ വിളിക്കും. അതുവരെ ഡാഡിയും മമ്മിയും എത്ര കണ്ണുരുട്ടിയാലും അതിനുള്ളിൽ നിന്നും പുറത്തിറങ്ങില്ല. ഡാഡിക്കും മമ്മിക്കും അവരുടെ അച്ഛനെയും അമ്മയെയും അതായത് എന്റെ അച്ചാച്ചനെയും അമ്മച്ചിയെയും പേടിയുള്ളതുകൊണ്ടു തന്നെ ഞങ്ങൾ എന്തു കുറ്റം ചെയ്താലും ഞങ്ങളെ ഒന്നും പറയുമായിരുന്നില്ല. അതുകൊണ്ടു തന്നെ തറവാട്ടിൽ ചെന്നാലാണ് ഞങ്ങൾ എല്ലാ വില്ലത്തരങ്ങളും പുറത്തെടുത്തിരുന്നത്. അന്നത്തെ മണക്കുന്ന സോപ്പും ഇഞ്ചയും ഉപയോഗിച്ച് എത്ര കുളിച്ചാലും ആടിന്റെ മണം ശരീരത്തിൽ നിന്നും പോകില്ല. എന്നാൽ അതൊന്നും ഞങ്ങൾക്ക് പ്രശ്‌നമല്ലായിരുന്നു.
ഇന്നാണെങ്കിൽ നമ്മൾ കുളിച്ചു കഴിഞ്ഞാൽ നേരെ ബോഡി പെർഫ്യൂം ആണ് ഉപയോഗിക്കുക. ആടിന്റെയും പശുവിന്റെയും ചാണകത്തിന്റെയും മണമൊക്കെ സുഗന്ധമായി തോന്നിയിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു എന്നാണ് പറഞ്ഞുവന്നത്. അതുപോലെ പശുവിന് കൊടുക്കാൻ പിണ്ണാക്ക് കഞ്ഞിവെള്ളത്തിലിട്ട് കുതിരാൻ വെക്കും. പശു ഈ തേങ്ങാപിണ്ണാക്ക് കഴിക്കുന്നത് കണ്ടാൽ നമ്മൾക്ക് കൊതി വരും.
പശു അത് സ്വാദോടെ കഴിക്കുന്നത് കാണുമ്പോൾ കൊതി വന്നിട്ട് ഒരുപാട് പ്രാവശ്യം ഞാൻ പശുവിന്റെ പാത്രത്തിൽ നിന്നും തേങ്ങാപ്പിണ്ണാക്ക് എടുത്തു കഴിച്ചിട്ടുണ്ട്. ഇത്രയും ഭംഗിയായി ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഒരു ജീവി വേറെയുണ്ടോ എന്നത് എനിക്ക് ഇപ്പോഴും സംശയമാണ്. എന്റെ ഡാഡിക്കും മമ്മിക്കും ഞാൻ തേങ്ങാപ്പിണ്ണാക്ക് കഴിച്ച കാര്യം ഇന്നും അറിയില്ല. സത്യം പറഞ്ഞാൽ തേങ്ങാപ്പിണ്ണാക്കിനൊക്കെ എന്തായിരുന്നു രുചി. ഇന്നത്തെ ബിസ്‌കറ്റിനൊക്കെ ആ സ്വാദ് ഉണ്ടോന്ന് ചോദിക്കരുത്. ചോദിച്ചാൽ ഇല്ല എന്നേ ഞാൻ പറയുകയുള്ളൂ. എന്നെപ്പോലെ തേങ്ങാപ്പിണ്ണാക്ക് കഴിച്ച ആളുകളൊക്കെ ഇതു വായിക്കുന്നവരിൽ പലരും ഉണ്ടാകാം.
രാവിലെ എണീറ്റാൽ മറ്റൊരു ജോലി പ്ലാവില കുത്തുക എന്നുള്ളതാണ്. ഈ കുത്തി എടുക്കുന്ന പ്ലാവില പശുവിന് വേണ്ടിയാണ് കേട്ടോ. ചുമ്മാതല്ല, അമ്മച്ചി തരുന്ന പൈസയായിരുന്നു അന്ന് ലക്ഷ്യം. ആ പൈസ കിട്ടിയിട്ട് വേണം കമ്മലും മാലയും വളയും ക്യൂട്ടെക്‌സും ചാന്ത് പൊട്ടും ഒക്കെ വാങ്ങാൻ. അച്ചാച്ചൻ ആദ്യം സിംഗപ്പൂരിലായിരുന്നു. ആ ഭാഗത്തുള്ള കടമുറികൾ എല്ലാം അച്ചാച്ചന്റെ വകയായിരുന്നു.
അതുകൊണ്ടു തന്നെ വലിയ മുതലാളിയുടെ കൊച്ചുമകൾ എന്ന സ്ഥാനം ആ ചുറ്റുവട്ടത്തുള്ള ആളുകളൊക്കെ ഞങ്ങൾക്ക് തന്നിരുന്നു. റോഡിൽ ഒന്നും അന്ന് ഇത്രയ്ക്ക് വണ്ടികൾ ഒന്നുമില്ല. അതുകൊണ്ടു തന്നെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ അപ്പുറത്തും ഇപ്പുറത്തുമുള്ള കടകളിൽ നിന്നൊക്കെ സാധനങ്ങൾ എടുത്തിട്ട് അച്ചാച്ചന്റെ പേര് മാത്രം പറഞ്ഞാൽ മതി. രാജകീയ സ്‌റ്റൈലിൽ ആയിരുന്നു വർക്കലയിലെ അവധിക്കാല ദിനങ്ങൾ. ഡാഡിയുടെ വീട്ടിലെ എല്ലാവരും സിനിമ ഭ്രാന്തന്മാരായതുകൊണ്ട് തന്നെ കുട്ടികളായ ഞങ്ങളിലും സിനിമ ഭ്രാന്ത് അങ്ങനെ തന്നെ പകർന്നു കിട്ടി. മിക്ക ദിവസങ്ങളിലും സിനിമക്ക് പോവുക ഞങ്ങളുടെ സ്ഥിരം പരിപാടിയാണ് .ഡാഡിയും ചിറ്റപ്പന്മാരും അച്ചാച്ചനും കൂടിയിരുന്നു ചീട്ടു കളിക്കും. തോൽക്കുന്നവർക്ക് വെള്ളയ്ക്കാ കൊണ്ട് കുണുക്ക് ഉണ്ടാക്കി കൊടുക്കുന്നത് കുട്ടികളായ ഞങ്ങളുടെ ജോലിയാണ്. കുണുക്ക് കാതിൽ ആയാൽ പിന്നെ പ്ലാവില കൊണ്ടുള്ള കിരീടമാണ് അടുത്തത്. പിന്നെയുള്ള ഒരു പരിപാടി ഓവിൽ കുളിക്കാൻ പോകുന്നതാണ്. അപ്പച്ചിയും ഞാനും അമ്മച്ചിയും കൂടി ശിവഗിരിയിലെ ഓവിൽ കുളിക്കാൻ പോകും. വീട്ടിൽ കുളിമുറിയും കിണറും ഒന്നും ഇല്ലാത്തതുകൊണ്ടല്ല പോകുന്നത്. അന്ന് അതൊരു രസമായിരുന്നു. തൊട്ടടുത്തുള്ള വീട്ടിൽ താമസിച്ചിരുന്നത് ഡാഡിയുടെ കുഞ്ഞമ്മയാണ്. അവിടെ അയ്യപ്പൻ ചിറ്റപ്പനും മുരളി ചിറ്റപ്പനും സരോജ അപ്പച്ചിയും ഒക്കെ ഉണ്ടായിരുന്നു. അന്ന് എല്ലാവരും കൂടി നല്ല രസമായിരുന്നു തറവാട്ടിൽ. അയ്യപ്പൻ ചിറ്റപ്പൻ ബ്രെയിൻ ട്യൂമർ വന്നാണ് മരണപ്പെട്ടത്. ചിറ്റപ്പൻ എന്ന് പറയുമ്പോൾ അവരൊന്നും അത്ര വലുതല്ല. കോളേജിൽ പഠിക്കുന്ന പ്രായക്കാരായിരുന്നു. എന്നും തലവേദന പറഞ്ഞിരുന്ന ചിറ്റപ്പനെ എല്ലാവരും കളിയാക്കുമായിരുന്നു അന്നൊന്നും സി.ടി സ്‌കാൻ അത്ര പ്രചാരത്തിൽ ഇല്ല. ഒരുപാട് നാൾ കഴിഞ്ഞ് ആണ് സി.ടി സ്‌കാൻ എടുത്തു നോക്കിയത്.
അപ്പോഴേക്കും ട്യൂമർ വളരെ വലുതായി. ഓപറേഷൻ ഒക്കെ ചെയ്‌തെങ്കിലും പിന്നെ അധികനാൾ ചിറ്റപ്പൻ ജീവിച്ചിരുന്നില്ല ചെറിയ പ്രായത്തിലെ ചിറ്റപ്പൻ മരണപ്പെട്ടു. എന്നെ വലിയ ഇഷ്ടമായിരുന്നു ചിറ്റപ്പന്. ഇന്ന് സരോജ അപ്പച്ചിയാണ് അവിടെ താമസിക്കുന്നത്. ടൗണിന്റെ ഉള്ളിലെ വീടായതുകൊണ്ട് തന്നെ വീടിന്റെ മതിൽ എന്ന് പറയുന്നതൊക്കെ കടകളുടെയും കൂടി മതിലാണ്.
വീടിന്റെ പിറകുവശത്ത് ടെറസിലേക്ക് പടി കയറിയാൽ സുഗുണൻ മാമന്റെ തുണിക്കടയുടെ ജനലിൻ അരികിലാണ് എത്തുക. സുഗുണൻമാമൻ ആയിരുന്നു ഞങ്ങളുടെ ഓണക്കോടി ഒക്കെ തുന്നിത്തന്നിരുന്നത്. പലരുടെയും ഡ്രസ്സിന്റെ ചെറിയ ചെറിയ തുണിക്കഷ്ണങ്ങൾ ഉപയോഗിച്ച് ഞങ്ങൾക്കൊക്കെ ഉടുപ്പ് തുന്നിത്തരുമായിരുന്നു മാമൻ. ആ ഉടുപ്പുകൾ ഒക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇന്നത്തെ കുട്ടികൾ ആണെങ്കിൽ അങ്ങനെയുള്ള ഡ്രസ്സുകൾ ഒന്നും ഒരിക്കലും ഇടില്ല. സർക്കസിലെ കോമാളികളെ പോലെ പല വർണങ്ങളിലെ തുണികൾ കൊണ്ടുള്ള ഉടുപ്പുകൾ ആരെയും കൂസാതെ സ്‌റ്റൈൽ ആയിട്ട് അന്ന് ഇട്ടു നടക്കും. എന്ത് കോമാളി വേഷം കെട്ടാനും മടിയില്ലാത്ത ഒരു കാലമായിരുന്നു അത്. സത്യം പറഞ്ഞാൽ കോമാളിത്തം ഏത്, സ്‌റ്റൈൽ ഏത് എന്ന് തിരിച്ചറിയാൻ ടി.വിയോ സോഷ്യൽ മീഡിയ ഒന്നുമില്ലല്ലോ.






