Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്രിസ്റ്റ്യാനൊ പെനാൽട്ടി തുലച്ചു, സ്‌പെയിനിനെ മൊറോക്കോ ഞെട്ടിച്ചു

ഇഞ്ചുറി ടൈമിലെ ഷോട്ട് വലയിലേക്ക് നീങ്ങുന്നത് അൽഹദരി നിസ്സഹായനായി നോക്കുന്നു. 
ക്രിസ്റ്റ്യാനോയുടെ പെനാൽട്ടി ബെയ്‌രൻവന്ത് രക്ഷിക്കുന്നു. 

 

  • ഇറാൻ മടങ്ങും, പോർചുഗൽ ഒന്നാമത്
  • സ്‌പെയിൻ 2-മൊറോക്കൊ 2
  • പോർചുഗൽ 1-ഇറാൻ 1

കാലിനിൻഗ്രാഡ്/സരാൻസ്‌ക് - ലോകകപ്പിൽ നിന്ന് പുറത്തായ മൊറോക്കൊ മുൻ ചാമ്പ്യന്മാരായ സ്‌പെയിനിനെ വിറപ്പിക്കുന്നതും ക്രിസ്റ്റ്യാനൊ റൊണാൾഡൊ പെനാൽട്ടി പാഴാക്കുന്നതു കണ്ട കളിയിൽ പോർചുഗലിനെ ഇറാൻ തളക്കുന്നതും കണ്ട നാടകീയ രാത്രിയിൽ ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് എ-യിൽ ചിത്രം തെളിഞ്ഞു. ധീരമായി ചെറുത്തുനിന്ന ഇറാനെ കഷ്ടിച്ച് 1-1 ന് സമനിലയിൽ തളച്ച പോർചുഗൽ ഗ്രൂപ്പ് എ-യിൽ രണ്ടാം സ്ഥാനക്കാരായി. ഇഞ്ചുറി ടൈമിലെ വിവാദ ഗോളിൽ മൊറോക്കോയോട് 2-2 സമനിലയുമായി രക്ഷപ്പെട്ട സ്‌പെയിൻ ഒന്നാം സ്ഥാനം സ്വന്തമാക്കി. പോർചുഗലും ഉറുഗ്വായ്‌യും തമ്മിലും സ്‌പെയിനും റഷ്യയും തമ്മിലുമായിരിക്കും പ്രി ക്വാർട്ടർ ഫൈനലുകൾ. പോർചുഗലിനെ വിറപ്പിച്ച ഇറാൻ അവസാന വേളയിൽ സുവർണാവസരം പാഴാക്കുകയായിരുന്നു.
സ്‌പെയിനിനെ തുടക്കത്തിൽ തന്നെ ഞെട്ടിച്ച മൊറോക്കൊ പലതവണ മുൻ ചാമ്പ്യന്മാരെ വിറപ്പിച്ചു. പതിനാലാം മിനിറ്റിൽ മധ്യവരക്കടുത്ത് വെറ്ററൻ താരങ്ങളായ ആന്ദ്രെസ് ഇനിയെസ്റ്റയും സെർജിയൊ റാമോസും തമ്മിലുള്ള ആശയക്കുഴപ്പമാണ് സ്‌പെയിൻ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങാൻ കാരണം. ചാടിവീണ ഖാലിദ് ബൂതയ്യിബ് പന്ത് പിടിക്കുകയും ബോക്‌സിലേക്ക് കുതിച്ച് ശാന്തമായി ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയെ കീഴടക്കുകയും ചെയ്തു. ടൂർണമെന്റിൽ മൊറോക്കോയുടെ ആദ്യ ഗോളാണ് ഇത്. 
മൊറോക്കോയുടെ ലീഡ് അഞ്ചു മിനിറ്റേ നീണ്ടുള്ളൂ. തന്റെ പിഴവിന് ഇനിയെസ്റ്റ പ്രായശ്ചിത്തം ചെയ്തു. ബോക്‌സിലേക്ക് കയറി പ്രതിരോധ നിരയെ വെട്ടിച്ചു കടന്ന ഇനിയെസ്റ്റ നൽകിയ പാസ് ഇസ്‌കൊ മൊറോക്കൻ വലയുടെ മോന്തായത്തിലേക്ക് അടിച്ചുകയറ്റി. ഇരുപത്തഞ്ചാം മിനിറ്റിൽ ലീഡ് വീണ്ടെടുക്കാൻ ബൂതയ്യിബിന് സുവർണാവസരം ലഭിച്ചതായിരുന്നു. നീളൻ ത്രോഇൻ പിടിച്ച് മറ്റൊരു വെടിയുണ്ട പായിച്ചെങ്കിലും ഇത്തവണ ഡി ഗിയ രക്ഷകനായി. 
രണ്ടാം പകുതിയിൽ നൂറുദ്ദീൻ അംറാബാതിന്റെ ഷോട്ട് സ്പാനിഷ് ക്രോസ്ബാറിനെ വിറപ്പിച്ചു. തൊട്ടുടനെ ഇസ്‌കോയുടെ കിടിലൻ ഷോട്ട് മൊറോക്കൊ ഗോളിയെ കീഴടക്കിയെങ്കിലും സായിസ് ഗോൾലൈനിൽ രക്ഷപ്പെടുത്തി. എൺപത്തിരണ്ടാം മിനിറ്റിൽ അംറാബതിന്റെ കോർണർ സെർജിയൊ റാമോസിന് മുകളിലുയർന്ന് അന്നസീരി വലയിലേക്ക് പായിച്ചതോടെ മൊറോക്കൊ അവിസ്മരണീയ വിജയം പൂർത്തിയാക്കിയെന്നു തോന്നി. എന്നാൽ ഇഞ്ചുറി ടൈമിൽ വിവാദ ഗോളിൽ ഇയാഗൊ അസ്പാസ് സ്‌പെയിനിന് സമനില സമ്മാനിച്ചു.
സരാൻസ്‌കിൽ റിക്കാഡൊ ക്വാറസ്മയുടെ ഗോളാണ് പൊരുതിനിന്ന ഇറാനെതിരെ പോർചുഗലിന് ലീഡ് നൽകിയത്. അവസാന വേളയിൽ അൻസാരിഫാദിന്റെ പെനാൽട്ടിയിൽ മുന്നിലെത്തിയ ഇറാൻ വിജയ ഗോളിനായി സർവം മറന്നുപൊരുതിയപ്പോൾ പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങളാണ് പോർചുഗൽ അതിജീവിച്ചത്. 
ഇടവേളക്ക് അൽപം മുമ്പ് അഡ്രിയൻ സിൽവ പിൻകാലു കൊണ്ട് തള്ളിക്കൊടുത്ത പന്ത് പെനാൽട്ടി ഏരിയക്കു പുറത്തു നിന്ന് ക്വാറിസ്മ പുറംകാലു കൊണ്ട് വിദൂര പോസ്റ്റിലേക്കുയർത്തി. രണ്ടു കളിക്കാരും ആദ്യമായാണ് ലോകകപ്പിൽ സ്റ്റാർടിംഗ് ലൈനപ്പിൽ സ്ഥാനം നേടുന്നത്. 
അമ്പത്തിമൂന്നാം മിനിറ്റിൽ തന്നെ വീഴ്ത്തിയതിന് കിട്ടിയ പെനാൽട്ടിയാണ് ക്രിസ്റ്റ്യാനൊ പാഴാക്കിയത്. വീഡിയൊ റീപ്ലേ കണ്ടാണ് റഫറി പെനാൽട്ടി വിധിച്ചത്. പ്രതിഷേധിച്ച ഇറാൻ കളിക്കാരെ റഫറി മഞ്ഞക്കാർഡുയർത്തി അടക്കി. ക്രിസ്റ്റ്യാനോയുടെ പെനാൽട്ടി ഇറാന്റെ യുവ ഗോളി അലി ബെയ്‌രൻവന്ത് ഇടത്തോട്ട് ചാടി തടഞ്ഞു. ക്രിസ്റ്റ്യാനോയുടെ മറ്റു നാലു ഷോട്ടുകൾ കൂടി ഇറാൻ പ്രതിരോധം നിർവീര്യമാക്കി. റഫറിയെ ചോദ്യം ചെയ്തതിന് ക്രിസ്റ്റ്യാനോക്ക് മഞ്ഞക്കാർഡും കിട്ടി.


 

 

Latest News