Sorry, you need to enable JavaScript to visit this website.

മാധ്യമ സ്വാതന്ത്ര്യം; പാകിസ്താനും അഫ്ഗാനിസ്ഥാനും ഇന്ത്യയേക്കാള്‍ മുന്നിലെന്ന് പഠനം

ന്യൂദല്‍ഹി- റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം മാധ്യമ സ്വാതന്ത്ര്യവും മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയും ഇന്ത്യയില്‍ അപകടത്തിലേക്ക്. ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ നേടിയത് 161-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷം 150-ാം റാങ്കുണ്ടായിരുന്നതാണ് 11 റാങ്കുകള്‍ താഴേക്ക് പതിച്ചത്. 

ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ റാങ്കാണ് പാകിസ്താന്‍ സ്വന്തമാക്കിയത്- 150. അഫ്ഗാനിസ്ഥാന്‍ 152-ാം റാങ്കിലെത്തി. താലിബാന്‍ ഭരണം നടത്തുന്ന അഫ്ഗാനിസ്ഥാനില്‍ മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയേക്കാള്‍ മുകളിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.  

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍ 90-ാം സ്ഥാനത്തും ശ്രീലങ്ക 135-ാം സ്ഥാനത്തുമാണുള്ളത്. ഇക്കാര്യത്തില്‍ ബംഗ്ലാദേശ് മാത്രമാണ് ഇന്ത്യയ്ക്ക് പിറകിലുള്ളത്. ഇന്ത്യയേക്കാള്‍ രണ്ട് റാങ്ക് പിറകില്‍ 163 ആണ് ബംഗ്ലാദേശിന് ലഭിച്ചത്. 

മാധ്യമ പ്രവര്‍ത്തകരുടെ സ്ഥിതി വളരെ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് വിലയിരുത്തുന്ന 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ 180 രാജ്യങ്ങളുടെ പട്ടികിയല്‍ ഇന്ത്യ 172-ാം സ്ഥാനമാണ് നേടിയത്. ചൈന, മെക്സിക്കോ, ഇറാന്‍, പാകിസ്താന്‍, സിറിയ, യമന്‍, യുക്രെയ്ന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിറകില്‍ സ്ഥാനം പിടിച്ചത്. 

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍, രാഷ്ട്രീയപരമായി പക്ഷം പിടിക്കുന്ന മാധ്യമങ്ങള്‍, മാധ്യമങ്ങളുടെ ഉടമസ്ഥത കേന്ദ്രീകരണം തുടങ്ങിയവയാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാകാന്‍ കാരണമെന്നാണ് പഠനം പറയുന്നത്. രാഷ്ട്രീയം, സാമ്പത്തികം, നിയമനിര്‍മാണം, സാമൂഹികം, സുരക്ഷ തുടങ്ങിയ അഞ്ച് സൂചകങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ രാജ്യങ്ങള്‍ക്ക് റാങ്ക് നിര്‍ണയിക്കുന്നത്. 

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും വാര്‍ത്ത ശേഖരിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സാഹചര്യം ലഭിക്കുന്നുണ്ടോ എന്നതും തൊഴില്‍ സുരക്ഷയുമാണ് സുരക്ഷാ സൂചകത്തില്‍ മാനദണ്ഡമായി പരിഗണിച്ചതെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കുറഞ്ഞത് 800 ദശലക്ഷം ഇന്ത്യക്കാര്‍ പിന്തുടരുന്ന 70ലധികം മാധ്യമങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Latest News