അവിശ്വസനീയമായ സെയ്‌വുകളുടെ ചരിത്രം കൂടിയാണ് ലോകകപ്പ്. 1934 ലെ ലോകകപ്പില്‍ ഇറ്റലി ചാമ്പ്യന്മാരായത് ഗോള്‍കീപ്പര്‍ ജിയാന്‍പിയറൊ കോമ്പിയുടെ നേതൃത്വത്തിലാണ്. സോവിയറ്റ് യൂനിയന്റെ ലെവ് യാഷിന്‍ ഗോള്‍മുഖത്ത് പാറിനടന്ന ചിലന്തിയായിരുന്നു. പെലെയുടെ ഹെഡര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് പറന്നുതടുത്തത് ഇന്നും ഓര്‍മകളെ ത്രസിപ്പിക്കുന്നു. ദിനോസോഫ് എന്ന അതികായന്റെ കൈക്കരുത്തിലാണ് ഇറ്റലി 1982 ലെ ലോകകപ്പ് നേടിയത്. 1990 ല്‍ പകരക്കാരനായി വന്ന് അര്‍ജന്റീനയുടെ സെര്‍ജിയൊ ഗൊയ്‌കോചിയ മനസ്സുകള്‍ കീഴടക്കി. 1994 ല്‍ ക്ലോഡിയൊ ടഫറേലിന്റെ കൂടി കരുത്തിലാണ് ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടത്. ജര്‍മനിയുടെ ടോണി ഷുമാക്കര്‍, ഒലിവര്‍ കാന്‍ എന്നിവര്‍ കൈയിലിരിപ്പ് കൊണ്ടും കൈക്കരുത്തു കൊണ്ടും ശ്രദ്ധേയരാവയവരാണ്. ഇകര്‍ കസിയാസാണ് സ്‌പെയിനിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ലോകകപ്പിലെ മികച്ച പ്രകടനമാണ് കെയ്‌ലോര്‍ നവാസിനെ (കോസ്റ്ററീക്ക) റയല്‍ മഡ്രീഡിലും ക്ലോഡിയൊ ബ്രാവോയെ (ചിലെ) ആദ്യം ബാഴ്‌സലോണയിലും പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റിയിലുമെത്തിച്ചത്. ഗ്വിയര്‍മൊ ഒചോവ (മെക്‌സിക്കൊ) കഴിഞ്ഞ തവണ നിര്‍ത്തിയേടത്തു വെച്ച് ഇത്തവണ തുടങ്ങി്.
ഒചോവ, സ്വീഡനെതിരെ ജര്‍മനിയുടെ മാന്വേല്‍ നോയര്‍, മൊറോക്കോക്കെതിരെ പോര്‍ചുഗലിന്റെ റൂയി പാട്രിഷ്യൊ തുടങ്ങി ഏതാനും അപവാദമൊഴിച്ചാല്‍ ഗോള്‍കീപ്പിംഗ് നിലവാരം ഈ ലോകകപ്പില്‍ വളരെ താഴെയാണ്. പോര്‍ചുഗലിനെതിരായ ആദ്യ മത്സരത്തില്‍ ഡേവിഡ് ഡി ഗിയയുടെ പിഴവാണ് സ്‌പെയിന്‍ രണ്ടാമത്തെ ഗോള്‍ വഴങ്ങാന്‍ കാരണം. ഈ ലോകകപ്പിലെ നമ്പര്‍ വണ്‍ ഗോളിയായി വിലയിരുത്തപ്പെട്ട കളിക്കാരനായിരുന്നു ഡി ഗിയ. ക്രൊയേഷ്യക്കെതിരായ അര്‍ജന്റീനയുടെ തോല്‍വിയില്‍ ഗോളി വില്ലി കബയേരോയുടെ വന്‍ അബദ്ധം വലിയ പങ്കുവഹിച്ചു.
ജപ്പാന്‍-സെനഗല്‍ മത്സരത്തില്‍ ഇരു ഗോളിമാരും സ്‌കൂള്‍ കുട്ടികളുടെ അബദ്ധം കാണിച്ചു. രണ്ട് ടീമുകളും അബദ്ധം മുതലാക്കിയതു കൊണ്ട് അത് ചര്‍ച്ചയായില്ലെന്നു മാത്രം. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലും ഫൈനലിലും കണ്ട ഗോള്‍കീപ്പിംഗ് അബദ്ധങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കുക. റയല്‍ മഡ്രീഡിന് സെമിയില്‍ ബയേണ്‍ മ്യൂണിക് ഗോളി സ്വെന്‍ ഉള്‍റെയ്ഷും ഫൈനലില്‍ ലിവര്‍പൂള്‍ ഗോളി ലോറിസ് കാരിയൂസും അക്ഷരാര്‍ഥത്തില്‍ ഗോളുകള്‍ സമ്മാനിക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗോള്‍കീപ്പിംഗ് അബദ്ധങ്ങളായിരുന്നു അവ.