സ്പയിനിലെ 1982 ലെ ലോകകപ്പും അവര്‍ ആതിഥ്യം വഹിച്ച ബാഴസലോണ ഒളിംപിക്‌സും ആഹ്ലാദകരമായ അനുഭവമായിരുന്നു. 1982 ലോകകപ്പിലെ ഗോളാഘോഷങ്ങള്‍ക്ക് പോലും കാവ്യാത്മകതയുണ്ടായിരുന്നതായി പലരും എഴുതിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ ഗോളാഘോഷം ലൂയിസ് റാമിറേസ് സപാറ്റയുടേതായിരുന്നു. എല്‍സാല്‍വഡോറിനു വേണ്ടി സപാറ്റ ഗോളടിക്കുമ്പോള്‍ എതിരാളികളായ ഹംഗറി 5-0 ന് മുന്നിലായിരുന്നു. എങ്കിലും എല്‍സാല്‍വഡോര്‍ എന്ന കൊച്ചുരാജ്യത്തിനു വേണ്ടിയുള്ള ആദ്യ ഗോള്‍ സപാറ്റക്ക് മതിമറന്ന് ആഘോഷിക്കാതിരിക്കാനായില്ല (1970 ലെ ലോകകപ്പില്‍ ്അരങ്ങേറിയപ്പോള്‍ എല്‍സാല്‍വഡോര്‍ മൂന്നു കളിയിലും ഗോളടിച്ചിരുന്നില്ല). സപാറ്റയുടെ ആഘോഷത്തെ തണുപ്പിക്കാന്‍ കൂട്ടുകാര്‍ ചുറ്റും കൂടി. ഹംഗറിയെ അത് പ്രകോപിപ്പിക്കുമെന്ന് അവര്‍ ഭയന്നു. അതു തന്നെയാണ് സംഭവിച്ചത്. ഹംഗറി അഞ്ച് ഗോള്‍ കൂടി തിരിച്ചടിച്ചു. 10-1 ഇന്നും ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണ്. പകരക്കാരനായി ഇറങ്ങിയ ലാസ്ലൊ കിസ് ഹാട്രിക് നേടിയത് വെറും ഏഴു മിനിറ്റിലാണ് അതും റെക്കോര്‍ഡാണ്.
പാനമക്കെതിരെ ഇംഗ്ലണ്ട് നേടിയ 6-1 വിജയം ഇതിന് അടുത്തൊന്നുമല്ല. ഏഴ് ഗോളുകളില്‍ കളിക്കളത്തിലും ഗാലറിയിലും ഏറ്റവും ആഘോഷിക്കപ്പെട്ടത് അവസാനത്തെ ഗോളാണ്. പാനമക്കു വേണ്ടി ഫെലിപ്പെ ബോയ്ല്‍ സ്‌കോര്‍ ചെയ്തത്. പാനമയുടെ ചരിത്രത്തിലെ ആദ്യത്തെ ലോകകപ്പ് ഗോളായിരുന്നു അത്. പാനമയില്‍ ആ ഗോള്‍ ആഘോഷത്തിന്റെ വിസ്‌ഫോടനമാണ് സൃഷ്ടിച്ചത്. ഈ ലോകകപ്പില്‍ തന്നെ ഓരോ തവണ പാനമയുടെ ദേശീയ ഗാനം മുഴങ്ങുമ്പോഴും കളിക്കാരും ഗാലറിയിലെ പാനമക്കാരായ ആരാധകരും വികാരാധീനരായി.
1982 ലെ ലോകകപ്പിന് യോഗ്യത നേടിയത് എല്‍സാല്‍വഡോറിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു. മെക്‌സിക്കോയെ മറികടന്നാണ് അവര്‍ ഫൈനല്‍ റൗണ്ടിലെത്തിയത്. പാനമ ഇത്തവണ യോഗ്യത നേടിയപ്പോള്‍ അവധി നല്‍കിയാണ് രാജ്യം അത് ആഘോഷിച്ചത്. അമേരിക്കയെ മറികടന്നാണ് പാനമ സ്ഥാനം പിടിച്ചത്. ആ മറുപടി ഗോളുകള്‍ക്ക് അതുകൊണ്ടു തന്നെ വേദനിപ്പിക്കുന്ന മധുരമുണ്ട്.
എല്‍സാല്‍വഡോറിന് സംഭവിച്ചത് ഹംഗറിക്കെതിരെ തുടക്കം മുതല്‍ ആക്രമിച്ചു എന്നതാണ്. പാനമക്ക് സംഭവിച്ചത് ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് കളിക്കാരെ കായികമായി നേരിടാന്‍ ശ്രമിച്ചു എന്നതും. രണ്ടും പിഴച്ചു. എങ്കിലും സപാറ്റയും ബോയ്‌ലും വ്യക്തിപരമായ നേട്ടങ്ങള്‍ ആഘോഷിക്കുകയായിരുന്നില്ല, നിസ്സാരമായ തിരിച്ചടിയെ മനസ്സിലാക്കാനാവാത്ത വിധം വിഡ്ഢികളുമായിരുന്നില്ല അവര്‍. ലോകത്തിനു മുന്നില്‍ തങ്ങളുടെ പാദമുദ്ര പതിപ്പിച്ചതിന്റെ ആഘോഷമായിരുന്നു അത്.
ബെല്‍ജിയത്തിനെതിരെ ആദ്യ പകുതിയില്‍ പിടിച്ചു നിന്നിരുന്നു പാനമ. ഇംഗ്ലണ്ടിനെതിരെ തന്നെ ആദ്യ അവസരം സൃഷ്ടിച്ചത് പാനമയായിരുന്നു. ടൂര്‍ണമെന്റിലെ രണ്ട് മികച്ച ടീമുകളെ ആദ്യ രണ്ടു മത്സരങ്ങളില്‍ നേരിടേണ്ടി വന്നത് അവരുടെ ദൗര്‍ഭാഗ്യമാവാം.
പാനമ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിനോട് പിടിച്ചു നിന്നു. എല്‍സാല്‍വഡോറും ആ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചു. അടുത്ത മത്സരത്തില്‍ ബെല്‍ജിയത്തോട് അവര്‍ തോറ്റത് വെറും ഒരു ഗോളിനാണ്. അവസാന മത്സരത്തില്‍ ഡിയേഗൊ മറഡോണയുള്‍പ്പെട്ട അര്‍ജന്റീനയോട് തോറ്റത് വെറും രണ്ടു ഗോളിനും. മാത്രമല്ല അര്‍ജന്റീനയെ ചില ഘട്ടങ്ങളില്‍ അവര്‍ വിറപ്പിക്കുകയും ചെയ്തു. പാനമക്ക് ഒരു കളി ബാക്കിയുണ്ട്, തുനീഷ്യക്കെതിരെ.