Sorry, you need to enable JavaScript to visit this website.

എടവണ്ണ കൊലക്കേസ്: പ്രതിക്ക് തോക്ക് നല്‍കിയത് സൗദിയില്‍നിന്ന് നാടുകടത്തിയ യു.പി. സ്വദേശി

കൊല്ലപ്പെട്ട റിദാന്‍ ബാസിലും അറസ്റ്റിലായ പ്രതി ഷാനും
അറസ്റ്റിലായ യു.പി.സ്വദേശി ഖുർഷിദ് ആലം

എടവണ്ണ-റിദാന്‍ ബാസില്‍ വധക്കേസില്‍ പ്രതി മുഹമ്മദ് ഷാന് തോക്ക് നല്‍കിയ യു.പി. സ്വദേശി അറസ്റ്റില്‍. ഹാപ്പൂര്‍ ജില്ലയിലെ ഖുറാന സ്വദേശി ഖുര്‍ഷിദ് ആലം എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം എടവണ്ണ എസ്.ഐ വി.വിജയരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഹാപ്പൂര്‍ ജില്ലയിലെ ഖുറാനയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഖുര്‍ഷിദും മുഹമ്മദ് ഷാനും രണ്ടു വര്‍ഷം മുമ്പ് ഒരുമിച്ച് സൗദിയില്‍ ജോലി ചെയ്തിരുന്നു. ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് ഷാന് വേണ്ടി മദ്യം കടത്തിയതിന് 2021 ല്‍ ഖുര്‍ഷിദ് ആലം പിടിക്കപ്പെട്ടിരുന്നു.ഈ കേസില്‍ ഖുര്‍ഷിദും ഷാനും ആറ് മാസം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.ശിക്ഷാ കാലാവധി കഴിഞ്ഞ് രണ്ടു പേരേയും സൗദിയില്‍ നിന്നും നാടുകടത്തി. നാട്ടിലെത്തി റിദാനെ കൊല്ലാന്‍ പദ്ധതിയിട്ട മുഹമ്മദ്ഷാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും ഖുര്‍ഷിദുമായി ബന്ധപ്പെടുകയും താന്‍ നാട്ടില്‍ സ്വര്‍ണത്തിന്റെ ബിസിനസ്സ് നടത്തുന്നുണ്ടെന്നും അതിന്റെ സുരക്ഷക്കായി ഒരു തോക്കു വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് മാര്‍ച്ച് അവസാനം ഹാപ്പൂരിലെത്തിയ ഷാന്, ഒരു ലക്ഷത്തി പതിനായിരം രൂപക്ക് ഖുര്‍ഷിദ് എട്ടു റൗണ്ട് നിറക്കാന്‍ കഴിയുന്ന പിസ്റ്റളും 20 റൗണ്ടും സംഘടിപ്പിച്ചു നല്‍കുകയായിരുന്നു. തോക്കുമായി നാട്ടിലെത്തിയ മുഹമ്മദ്ഷാന്‍ യൂടൂബില്‍ നോക്കി തോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും മുഹമ്മദ്ഷാന്റെ നിര്‍മ്മാണത്തിലുള്ള വീട്ടില്‍ വെച്ച് തോക്കുപയോഗിക്കാന്‍ പരിശീലനം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ 28 ന് വിമാന മാര്‍ഗം ഹാപ്പൂരിലേക്ക് പോയ അന്വേഷണ സംഘം യു.പി പോലീസിന്റ സഹായത്തോടുകൂടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിക്ക് സാമ്പത്തിക സഹായം നല്‍കുകയും തോക്ക് വാങ്ങാന്‍ സഹായിക്കുകയും ചെയ്ത പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ ആളുകളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു വരുന്നുണ്ട്. എടവണ്ണ സ്‌റ്റേഷനിലെ ഷിനോജ് മാത്യൂ, സബീറലി, ഡാന്‍സാഫ് അംഗങ്ങളായ കെ.ടി ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News